Blog

  • ഒറ്റയാൻ

    ഞാൻ ഇരുന്നിരുന്നത് “aisle” ന് വശത്തുള്ള ഒറ്റ സീറ്റിലായിരുന്നു. മദ്രാസിൽ (ഇന്നത്തെ ചെന്നയിൽ) നിന്നും പുറപ്പെട്ട ട്രെയിൻ ആർക്കോണത്തെത്തുമ്പോൾ സമയം വൈകുന്നേരം ഏകദേശം അഞ്ച് മണി കഴിഞ്ഞിരിക്കുന്നു.

    അവിടെ നിന്ന് നാലഞ്ചു പേർ ഞങ്ങളുടെ റിസർവ്വ്ഡ് കമ്പാർട്ട് മെന്റിലേക്ക് തള്ളിക്കയറി. ഞങ്ങൾ യാത്രക്കാരുടെ എതിർപ്പുകൾക്ക് പുല്ലു വില പോലും കൽപ്പിക്കാതെ.

    വണ്ടി യഥാസമയം സ്റ്റേഷൻ വിട്ടു യാത്രയായി . താമസംവിന എല്ലാവരും അടങ്ങി; ഒരാൾ ഒഴികെ. മനസ്സിലാക്കാം അയാളും, അയാളുടെ ഫാമിലിയും ഇരുന്നിരുന്ന”ബേ” യിലേക്ക് ഒന്ന് രണ്ടാളുകൾ തള്ളി കയറി നിന്നിരുന്നു.  

    ഇതിനിടെ ടിക്കറ്റ് എക്സാമിനർ കടന്ന് പോയി. ഇതൊന്നും കണ്ട ഭാവമെ ഇല്ലാതെ.  

    അടുത്ത സ്റ്റേഷൻ “കാട്ട്പാടി ” ആണെന്ന് തോന്നുന്നു. കേറ്റ്റിങ്ങ് സ്റ്റേഷൻ.  

    ഭക്ഷണം സ്റ്റീൽ ട്രേയിൽ മൂടി അടുക്ക് അടുക്കായി പ്ലാറ്റ്ഫോമിൽ നിരത്തി വെച്ചിരിക്കുന്നു. ട്രെയിൻ നിറുത്തിയ ഉടനെ തന്നെ അവയെല്ലാം ഓർഡർ അനുസരിച്ച് അതാത് കമ്പാർട്ട്മെന്റ് വാതിലിനുള്ളി ലേക്ക് കയറ്റി വെച്ചു കൊണ്ടിരുന്നു.  

    വളരെ പെട്ടന്നാണ് അതുണ്ടായത്. ഇറങ്ങി പോയ നാലുപേർ ഇതാ മടങ്ങിവരുന്നു. കൂടെ വേറെ നാലഞ്ചു പേരും. അതിൽ മൂന്നാളുകൾ വാതിലിന് സമീപം കാവൽ .  

    സ്പോടനജനകമായ അന്തരീക്ഷം. ആരും ഒന്നും മിണ്ടുന്നില്ല. അവർ, നേരത്തെ വഴക്കു കൂടിയ ആൾ ഇരിക്കുന്ന “ബേ” യ്ക്ക് മുന്നിലെത്തി.

    നേരത്തെ സൂചിപ്പിച്ച സ്റ്റീൽ ട്രേകളും കൈയ്യിൽ ഉണ്ട് . ട്രേകളിലെ ഭക്ഷണമെല്ലാം കമ്പാർട്ട്മെന്റിൽ ചിതറി കിടക്കുന്നു. ” അവ എല്ലാം ഇരിക്ക കൂടാത്, മുടിച്ചിടുങ്കോ ” എന്ന് ആക്രോശിച്ചു കൊണ്ട് അവർ കയ്യിൽ ഉള്ള സ്റ്റീൽ ടേ ചരിച്ച് പിടിച്ച് അയാളെ ആക്രമിക്കാൻ തുടങ്ങി. “വെളിയിലെ തൂക്കി പോടുങ്കോ ” എന്നും പറഞ്ഞു കൊണ്ട് അയാളെ കൈ പിടിച്ച് വലിച്ച് കമ്പാർട്ട്മെന്റിന് പുറത്തേക്ക് വലിച്ചിറക്കാനുള്ള ശ്രമമായി പിന്നെ . ” ബേ ” യിൽ ജനലറ്റത്ത് ഇരുന്നിരുന്ന അയാളെ പിടിച്ചു വലിച്ചു വാതിലിലേക്ക് നീങ്ങാൻ “aisle” ലേക്കെത്തിച്ചു. ” ട്രേ” പ്രയോഗം മുറക്ക് നടക്കുന്നുണ്ടായിരുന്നു.  

    അവരുടെ ശ്രമം ഏതാണ്ട് വിജയിച്ചു എന്ന് പറയാം.  

    വാതിലിലേക്കെത്താൻ ഞാൻ ഇരുന്നിരുന്നിടവും കടന്ന് പോകണം.  

    അപകടം മണത്തറിഞ്ഞ ഞാൻ അത് സംഭവിക്കാതിരിക്കാൻ എന്തു വേണം എന്ന് ആലോചിക്കാനുള്ള സാവകാശം പോലും ഉണ്ടായിരുന്നില്ല. “റിഫ്ലക്സ് ആക്ഷൻ” ആയി ഒരു വിധം ബലിഷ്ഠമായ എന്റെ വലത് കൈ നീട്ടി “aisle ” ന്റെ മറുവശത്ത് മുകളിലെ “ബർത്തി ” ലേക്ക് കയറുവാനുള്ള കോണി തണ്ടിൽ ബലമായി പിടിച്ചു. അപ്പോഴേക്കും തീവണ്ടി നീങ്ങി തുടങ്ങിയിരുന്നു.  

    അയാളെ പുറത്തിറക്കാൻ എന്നെ മറി കടന്ന് പോകണമായിരുന്നു. എന്റെ കൈ അത് ഫലപ്രദമായി തടഞ്ഞു. കൈ വിടീക്കാൻ അതിലൊരാൾ ” ട്രേ” പ്രയോഗം എന്റെ കൈ തണ്ടയിലും നടത്തി. ഞാൻ വിട്ടു കൊടുത്തില്ല.  

    പന്തിയല്ല എന്ന് മനസ്സിലാക്കിയ അവർ അയാളെ വിട്ട് രക്ഷപ്പെടാൻ ഉള്ള ശ്രമമായി. അയാളെ വിട്ടപ്പോൾ ഞാൻ എന്റെ കൈയും മാറ്റി. ക്ഷണനേരം കൊണ്ട് രംഗം ശാന്തമായി.  

    അയാൾ സീറ്റിലേക്ക് മടങ്ങി.  

    കൈ കൂപ്പി കൊണ്ട് അയാൾ എന്നെ നോക്കി. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു.  

    കമ്പാർട്ട്മെന്റിന് പുറത്തെങ്ങാൻ പെട്ടിരുന്നെങ്കിൽ !

    പേരും ഊരും അറിയാത്ത സുഹൃത്തേ, താങ്കക്ക് നന്മകൾ നേരുന്നു.

  • KURUKKANTE KADHA

    കുറുക്കനും കുറുക്കത്ത്യാരും വൈന്നേരം നടക്കാൻ ഇറങ്ങി. കുറുക്കത്തി പൂർണ്ണ ഗർഭണി ആയിരുന്നു. വെറുതെ കിടക്കാതെ കുറച്ചു വ്യായാമം ചെയ്യണന്ന് കുടുംബ ഡോക്ടർ പറഞ്ഞിട്ടുണ്ടായിരുന്നു. ഇങ്ങനെ നടക്കുമ്പോൾ പെട്ടെന്നാണ്കുറുക്കത്തിക്ക് പ്രസവവേദന ആരംഭിച്ചത്. തൊട്ടടുത്ത് ഒരു ഒഴിഞ്ഞ പുലിമട കുറുക്കൻ കണ്ടെത്തി. പുലി ചേട്ടൻ അവിടെ ഉണ്ടായിരുന്നില്ല. തൽക്കാലം അത് ഉപയോഗിക്കുക തന്നെ – രാവിലെ പുലി ചേട്ടൻ മടങ്ങിവരുന്നതിന് മുൻപ് ഒഴിഞ്ഞു പോകുകയും ചെയ്യാം.  

    കുറുക്കത്തി അഞ്ചു ഓമന കുറുക്കൻ കുട്ടികൾക്ക് ജന്മം കൊടുത്തു. വിചാരിച്ച പോലെ നേരം പുലരുന്നതിന് മുൻപ് ഒഴിഞ്ഞു പോകാൻ പറ്റിയില്ല. അകലത്ത് നിന്ന് പുലി ചേട്ടൻ വരുന്നത് കുറുക്കൻ കണ്ടു. പെട്ടന്ന് കുട്ടികളെയും കൊണ്ട് ഒഴിഞ്ഞു പോകാനും സാധ്യമല്ല. “എന്തു ചെയ്യും” കുറുക്കൻ കുറുക്കത്തിയോട് ചോദിച്ചു.

    “ഇങ്ങള് ആലോചിച്ച് വേണ്ടപോലെ ചെയ്തോളിൻ ” കുറുക്കത്തി പറഞ്ഞു.  

    “ആരടാ അകത്ത്” ഇടി വെട്ടും വണ്ണം പുലി ചോദിച്ചു.

    “ഞാനാണ് വാലുദ്യൻ”… പറ്റുന്നത്ര ഗംഭീര ശബ്ദത്തിൽ കുറുക്കൻ പറഞ്ഞു.  

    അങ്ങിനെ ഒരു ജീവിയെ പറ്റി പുലി കേട്ടിട്ടില്ല.  

    എന്നാൽ ഒന്നറിയണമല്ലൊ

    ” നിൻറെ കൈ ഒന്നു കാണട്ടെ ?”

    കുറുക്കൻ അവിടെ കിടന്ന ഒലക്ക എടുത്ത് നീട്ടിക്കാണിച്ചു. പുലി അൽല്പം പിന്നോക്കം മാറി.  

    “നിൻറെ കാൽ കാണിക്കടാ “

    കുറുക്കനും കുറുക്കത്തിയും കൂടി ഉരൽ എടുത്ത് കാണിച്ചു.  

    “അവിടന്ന് കേൾക്കണ കല പില ശബ്ദം ആരുടെ “

    ” അതാണ് ‘കിലി’ പുലി മാംസം അവർക്ക് എന്തിഷ്ടമാണെന്നോ? ഇത്രയും കേൾക്കേണ്ടതാമസം, പുലി അതിവേഗം വന്ന വഴിക്ക് തിരിഞ്ഞോടി തടങ്ങി.  

    ഇതാ കുരങ്ങൻ ചേട്ടൻ പണി കഴിഞ്ഞു എതിരെ വരുന്നു.

    “എന്തു പറ്റി?” ഓടുന്ന പുലിയോട് കുരങ്ങൻ ആരാഞ്ഞു.

    “ഒന്നും പറയണ്ട സുഹൃത്തെ” പുലി പറഞ്ഞു തുടങ്ങി.”എൻറെ വീട് വാലുദ്യനും, കിലി കളും കൂടി കൈയേറിയിരിക്കുന്നു. ഞാൻ ഭയന്നോടു കയാണ്. ജീവനിൽ കൊതിയുണ്ടെങ്കിൽ എൻറെ കൂടെ കൂടിക്കോളു !”  

    മുകളിൽ നിന്ന് ലോകം കണ്ട കുരങ്ങന് അതത്ര വിശ്വാസമായില്ല ! “ഞാനും കൂടി വരാം, നമുക്ക് ഒന്ന് പോയി നോക്കാം” കുരങ്ങൻ അഭിപ്രായപ്പെട്ടു.

    “ഞാൻ വരുന്നില്ല! എന്തെങ്കിലും അപായ സൂചന കിട്ടിയാൽ നീ മരത്തിൽ കയറി ചാടി രക്ഷപ്പെടും”  

    എന്നാൽ ഒരു കാര്യം ചെയ്യാം? ഉറപ്പിന് നമ്മുടെ വാലുകൾ തമ്മിൽ കൂട്ടി കെട്ടിയാലോ ?”  

    അത് നല്ല ഒരു ആശയമായി പുലിക്കും തോന്നി.  

    രണ്ടു പേരും വാൽ കൂട്ടിക്കെട്ടി  

    ധൈര്യം സംഭരിച്ച് നേരെ പുലിമട ലക്ഷ്യമാക്കി നടന്നു.

    പുലിമട എത്തി. ഇതു കണ്ട കുറുക്കൻ കുറുക്കത്തിയോട് ചോദിച്ചു:  

    “ഇനി എന്തു ചെയ്യും”  

    “ഇങ്ങള് ആലോചിച്ച് വേണ്ടപോലെ ചെയ്തോളിൻ ” കുറുക്കത്തി പറഞ്ഞു.

    കുറുക്കൻ ഉറക്കെ വിളിച്ചു പറഞ്ഞു. “എടോ കുരങ്ങാ ! കുട്ടികൾക്ക് പുലി മാംസം ഇഷ്ടമാണ്, മൂന്ന് പുലികളെ  

    യെങ്കിലും കൊണ്ടരാമെന്ന് പറഞ്ഞല്ലെ താൻ പോയത്. ഇപ്പോൾ എന്തെ

    ഒരെണ്ണം മാത്രം!” ഇത് കേട്ട പാതി, കേൾക്കാത്ത പാതി, പുലി തിരിഞ്ഞ് അതിവേഗം ഓടി രക്ഷപ്പെട്ടു.  

    വാലിൽ കെട്ടിയിട്ട കുരങ്ങൻന്റെ ഗതി പറയാതിരിക്കയാണ് ദേദം !  




  • ALBUTHA KANYAKAYUM ANTHIMALAN KAVUM

    അത്ഭുതകന്യകയും, അന്തിമാളൻ കാവും.  

    അങ്ങകലെ എവിടെയോ കുറുക്കന്മാർ ഓരിയിടുന്നത് കേൾക്കാം. കക്കാടോ, വെട്ടിക്കടവിലോ എന്ന് തീർച്ചയില്ല ! അതിൽ പ്രചോദനം ഉൾക്കൊണ്ട് വീട്ടിലെ നായ്ക്കളും ശ്രമിച്ചു നോക്കി ക്കൊണ്ടിരുന്നു.  

    വൈദ്യുതി ഇല്ലാതിരുന്ന ആ കാലം. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഉറക്കത്തെ തടഞ്ഞ് ഹോം വർക്ക് ചെയ്യാൻ ശ്രമിച്ച് ഫലം കാണാതെ, ഭൂത-പ്രേതാദികളുടേയും, ഒറ്റിലിച്ചി ഒടിയന്മാരുടേയും സങ്കൽപ ചിത്രങ്ങൾ മനസ്സിൽ വരച്ച് പേടിച്ച് വിറച്ച് ഇരിക്കുകയായിരുന്നു.  

    ”അത്ഭുത കന്യക”

    പാറേമൽ അച്ഛന്റെ വീട്ടിൽ “അത്ഭുത കന്യക” എത്തിയിട്ടുണ്ട് എന്ന വിവരം കാട്ടുതീ പോലെ അവിടെയെല്ലാം പരന്നു.  

    സ്കൂളിന്റെ അടുത്താണ് അച്ചൻറെ വീട്. ഉച്ചക്ക് ആദ്യത്തെ പീരിയഡ് കഴിഞ്ഞ് ഒറ്റ ബെല്ലടിച്ചപ്പോൾ ഞങ്ങൾ ഒരു ഗ്രൂപ്പ് അച്ചൻറെ വീട്ടിലേക്ക് വെച്ചു പിടിച്ചു.  അവിടെ എത്തിയപ്പോൾ ഏതാനും പേർ നേരത്തെ തന്നെ അവിടെ സന്നിഹിതരായിരുന്നു. കൃത്യം മൂന്നു മണിക്ക് വെളുത്ത സാരിയുടത്ത് കൃശഗാത്രിയും സുന്ദരിയുമായ ഒരു യുവതി പിൻവാതിൽ വഴി വീട്ടിൻ്റ വരാന്തയിൽ എത്തി.  

    സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത.  

    അവർ അവിടെ കൂടി നിന്നവർക്ക് അഭിമുഖമായി നിലയുറപ്പിച്ചു. വളരെ സാവധാനം മാറിടത്തിൽ നിന്ന് സാരി അല്പം പൊക്കി. അവിടെ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു.  

    യേശുകൃസ്തുവിൻറെ തിരുമുറിവുകളിൽ ഒന്നായിരുന്നു ആ സ്ഥാനം.  

    തുടർന്ന്, സാരി അൽപ്പം പൊക്കി പാദത്തിൽ തിന്നും രക്തം കിനിയുന്നതും ഞങ്ങൾ കണ്ടു.  

    ഇത്രയും കഴിഞ്ഞപ്പോൾ അവർ വീട്ടിനകത്തേക്ക് കയറിപ്പോയി.  

    അല്പം കുശകു ശുപ്പു കഴിഞ്ഞ് ഞങ്ങളും പിരിഞ്ഞു പോയി.  

    അതിനടുത്ത ദിവസം വേറൊരു വാർത്ത കേട്ടു. കുന്നംകുളത്തെ ഒരു പ്രമുഖ വീട്ടിലെ അവകാശി ഭ്രാന്തിൻ്റ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.  

    നല്ല പോലെ മദ്യപിക്കുമായിരുന്ന അങ്ങേർക്ക് കൂടുതലായപ്പോൾ ചങ്ങലക്ക് ഇടേണ്ട ഘട്ടം വരെ എത്തി എന്നു പറഞ്ഞാൽ മതിയല്ലോ!  

    ആ വീട്ടുകാർ “അത്ഭുതകന്യക”യെ തേടി പാറേമൽ അച്ഛന്റെ വീട്ടിൽ വന്നു. ആ ശനിയാഴ്ച അവർ മേൽ പറഞ്ഞ വീട്ടിൽ എത്തി.  

    അന്ന് വൈകുന്നേരം, അവരുടെ നിർദ്ദേശപ്രകാരം, വീട് നിൽക്കുന്ന പറമ്പിൻ റെ തെക്ക് പടിത്താറെ മൂലയിൽ കൂലിക്കാർ ആറടി താഴ്ചയും, മൂന്നടി x മൂന്നടി നീളവും വീതിയുമുള്ള ഒരു കുഴി എടുത്തു.

    രാത്രി പന്ത്രണ്ട് മണി

    എല്ലാവരും സുഖഷുപ്തിയിൽ ആണ്ട സമയം. ശുഭ്രവസ്ത്രം ധരിച്ച് നിശബ്ദയായി, ഏകാന്തയായി ഇതാ “അത്ഭുതകന്യക” കുഴിക്കരികിലേക്ക് നടന്നടുക്കുന്നു. ചുറ്റുപാടും ശ്മശാന മൂകത.

    അത്ഭുതം തന്നെ!

    അവർ കുഴിക്കു മുകളിൽ നിൽക്കുന്നു. എന്നിട്ട് വളരെ സാവധാനം താഴോട്ട് നീങ്ങുന്നു. ഒരു ലിഫ്റ്റ് പോലെ! അടുത്ത നിമിഷം, അവർ പൂർണ്ണമായി അപ്രത്യക്ഷയാകുന്നു.  
    ഉദ്വേഗത്തിൻറെ നിമിഷങ്ങൾ.

    ഏതാണ്ട് രണ്ടു മിനിറ്റ് കഴിഞ്ഞു കാണും, അപ്രത്യക്ഷയായ പോലെ ക്രമേണ അവർ മേലോട്ട് പൊങ്ങി വന്നു.  
    കയ്യിൽ എന്തോ ഒന്ന് മുറുകെ പിടിച്ചിട്ടുണ്ട്. അതും പിടിച്ച് അവർ വീട്ടിലോട്ട് നടന്നു നീങ്ങുന്നു.  
    പിന്നെയാണ് മനസിലായത്, അവർ കൈയിൽ പിടിച്ചിരുന്നത് ‘പട്ട’ എന്ന ഒരു വസ്തുവായിരുന്നു. എപ്പോഴോ, ആരോ ആഭിചാരം ചെയ് കുഴിച്ചുമൂടിയ വസ്തു.

    എന്തായാലും അവർ അത് കയ്യോടെ കത്തിച്ചു കളഞ്ഞു

    പിറേറ ദിവസം മുതൽ നമ്മുടെ കഥാപുരുഷൻറെ മദ്യപാനാസക്തി കുറഞ്ഞുവരികയും, ഭ്രാന്തിൻറെ ലക്ഷണങ്ങൾ തീരെ അപ്രത്യക്ഷമാകുകയും ചെയ്തു.  

    (പ്രസ്തുത വീടിന്റെ എതിർവശം, റോഡിൻറെ മറുവശത്തായി ഒരു പെന്തിക്കോസ്താ ഹാളുണ്ട്. അവിടെ പ്രഭാഷണത്തിനെത്തിയ ചിലർ സന്ദർഭവശാൽ രാത്രി അവിടെ തങ്ങുകയും, മേൽ വിവരിച്ചതിനെല്ലാം സാക്ഷിയാകുവാൻ ഇടവരുകയും ചെയ്തു)

    “അന്തിമാളൻ കാവ് “

    പിൽക്കാലത്ത് പള്ളിയായി തീർന്ന ഒരു ഹൈന്ദവ ദേവാലയമായിരുന്നു, കുന്നംകുളം തെക്കെ അങ്ങാടി കുരിശു പള്ളി.  

    ഗീവർഗ്ഗീസ് സഹദയുടെ നാമത്തിൽ സമർപ്പിച്ച പള്ളിയാണിത്. വൈദികന്മാർക്ക്’ റൊട്ടേഷൻ’ അടിസ്ഥാനത്തിലായിരുന്നു വി.കുർബ്ബാന അർപ്പിക്കുവാൻ അവസരം ലഭിക്കുക. ആ ആഴ്ച മേൽ പറഞ്ഞ പാറേമൽ അച്ചൻറെ വിഹിതമായിരുന്നു.  

    കുർബ്ബാന കഴിഞ്ഞ് അച്ചൻ വിശ്രമിക്കുന്ന സമയം.  

    ഏതാനും ആളുകൾ കൂടി മുഴു ഭ്രാന്തിൻറെ ലക്ഷണങ്ങൾ കാണിക്കുന്ന ഒരാളെ പള്ളിയിലേക്ക് കൊണ്ടുവന്നു.  

    അച്ചന് ഒറ്റ നോട്ടത്തിൽ തന്നെ പ്രശ്നം ഒരു ബാധയാണെന്ന് മനസ്സിലായി.  

    വാഴയില തണ്ട് കൊണ്ട് അച്ചൻ വാഴ്ത്തിയ വിശുദ്ധ ജലം അയാളുടെ മേൽ തെളിച്ചു കൊണ്ട് ആജ്ഞാപിച്ചു: “സാത്താനെ, കുരിശിൽ ജീവത്യാഗം ചെയ്ത യേശുകൃസ്തുവിൻറ നാമത്തിൽ ഞാൻ ആജ്ഞാപിക്കുന്നു ഈ വിശ്വാസിയുടെ ശരീരം ഈ നിമിഷം വിട്ടുപോ!”  

    അങ്ങിനെ മൂന്നു പ്രാവശ്യം കൽപ്പിച്ചു.  

    അയാളിൽ പ്രകടമായ വ്യത്യാസം കാണാമായിരുന്നു.  

    “അച്ചാ, എനിക്കച്ചനെ നല്ലപോല അറിയാം. ഇങ്ങനെ കൽപ്പിക്കാൻ തക്കവണ്ണം അത്ര ശുദ്ധനൊന്നും അല്ലെന്നും എനിക്കറിയാം. പക്ഷെ അങ്ങയുടെ പിന്നിൽ നിൽക്കുന്ന വിശുദ്ധനെ എനിക്ക് ബഹുമാനമാണ്, ഒരു പരിധി വരെ ഭയവും ആണ്. അതുകൊണ്ട് ഞാൻ ഇപ്പോൾ തന്നെ ഒഴിഞ്ഞു പൊയ്കൊള്ളാം.”  

    ” നിൽക്കു. നീ പോയി എന്നതിന് എന്താണ് എനിക്ക് ഉറപ്പ്. ഒരു ലക്ഷണവും കാണാതെ ”  

    ‘ടെ,’ ‘ടെ’, ‘ടെ’ എന്ന് ചാട്ടവാറുകൊണ്ട് അടിക്കുന്ന ശബ്ദം കേൾക്കാം.  

    ഓരോ അടി ശബ്ദത്തിനും അയാൾ പുളയുകയും ചെയ്തു കൊണ്ടിരുന്നു. മാത്രമല്ല, അയാളുടെ ഇടത് കൈ തണ്ടയിൽ വണം എന്ന്തോന്നിക്കുന്ന ഒരു രൂപ വട്ടത്തിലുള്ള മൂന്ന് അടയാളംപ്രത്യക്ഷപ്പെടുകയും ചെയ്തു.  

    ബോധം കെട്ടു വീണ അയാൾക്ക് പിന്നീട് ഒരു അസുഖവും ഉണ്ടായതും ഇല്ല !!  

  • ENGINEER

    ഒരു എഞ്ചിനീയർ മരിച്ച് പേർളി ഗേറ്റിൽ എത്തി.

    പതിവുപോലെ സെൻ്റ് പീറ്റർ സ്വർഗ്ഗ- നരക പ്രവേശന ലെഡ്‌ജർ എടുത്തു.

    മുഴുവൻ തപ്പി നോക്കിയിട്ടും അതിൽ എവിടെയും എഞ്ചിനീയറുടെ പേര് കാണ്മാനില്ല.

    അദ്ദേഹം വേഗം ലൂസിഫറുമായി ‘ഹോട്ട് ലൈനിൽ ‘ ബന്ധപ്പെട്ട് വിവരം ചർച്ച ചെയ്തു. “ഇങ്ങോട്ട് വിട്ടയക്ക്, ഇവിടെ അങ്ങിനെ പുസ്തകവും, കണക്കും ഒന്നുമില്ല.”

    ഉടനെ സെൻറ് പീറ്റർ എഞ്ചിനീയറെ അങ്ങോട്ട് പറഞ്ഞയച്ചു.

    നരകത്തിൽ നിന്നുള്ള കരച്ചിലും, ആർപ്പു വിളികളും കേൾക്കാമായിരുന്നു.

    ലൂസിഫറിൻറെ സ്വീകരണം ഹാർദ്ദവമായി രുന്നു.

    ചെക്ക് പോസ്റ്റ് കടന്നപ്പോൾ മട്ടുമാറി.

    മറ്റു പിശാചുങ്ങളെ വിളിച്ച് പറഞ്ഞു “എല്ലാം പതിവുപോലെ ”

    അവർ ആദ്യമെ എഞ്ചിനീയറെ തിളക്കുന്ന എണ്ണയിൽ മുക്കി. വേദന കൊണ്ട് പുളഞ്ഞ് അത്യുച്ചത്തിൽ കരയാൻ തുടങ്ങി. ഒരു വടി കൊണ്ട് അയാളെ ഇളക്കി കൊണ്ടിരുന്നു.

    പിന്നെ പുറത്തെടുത്ത് ദേഹമാസകലം കത്തി കൊണ്ട് വരഞ്ഞ് മുളക് തേച്ചു.

    ഇതെല്ലാം സൂപ്പർവൈസ് ചെയ്യാൻ ലൂസിഫർ എത്തി.

    ലൂസിഫറെ കണ്ടപ്പോൾ എഞ്ചിനീയർ ചിരിച്ചു കൊണ്ട് പറഞ്ഞു “നിങ്ങൾ ഇപ്പോഴും പഴയ രീതിയിൽ തന്നെ ആണല്ലോ. സാങ്കേതിക വിദ്യ എത്രയോ മുന്നോട്ട് പോയി. കഷ്ടം തന്നെ! പിശാചുക്കൾ എത്ര കഷ്ടപ്പെടുന്നു. അവരുടെ വേതനമോ എത്ര തുഛം ” എഞ്ചിനീയറുടെ ഉപദേശം കേട്ട് ലൂസിഫർ വേണ്ട പരിഷ്കാരങ്ങൾ നടത്തി.

    എണ്ണ തിളപ്പിക്കാൻ ഗ്യാസ് സ്റ്റോവ് ഉപയോഗിക്കാൻ തുടങ്ങി. പുക ശല്യം കുറഞ്ഞത് കൊണ്ട് ചെകുത്താന്മാരുടെ തുമ്മലും ചീറ്റലും അപ്രത്യക്ഷമായി. ഇളക്കാൻ മെക്കാനിക്കൽ സ്റ്റിറർ ആക്കി. ചെകുത്താന്മാരുടെ ജോലിഭാരം വളരെ കുറഞ്ഞു.

    മുളക് പൊടി പുരട്ടാൻ ന്യൂമാറ്റിക്ക് സ്പ്രെയർ ഉം വരയാൻ ഓട്ടമാറ്റിക്ക് കട്ടറും ആക്കി. നരകത്തീയിൽ തന്നെ പാചകം ചെയ്യുന്ന രീതി ഉപേക്ഷിച്ചു; ഇൻഡസ്റ്റ്റിയൽ ഗ്യാസും, ഡൊമസ്റ്റിക്ക് ഗ്യാസും വേറെ വേറെ ആക്കി.

    ഒരു എയർ കണ്ടീഷൻഡ് മുറിയും സജ്ജീകരിച്ചു. വിശ്രമ സമയത്ത് ഉപയോഗിക്കാൻ നാലു ഇനം വിദേശ മദ്യവും ലഭ്യമാക്കി. ടി വി യും എട്ടു ചാനൽ മ്യൂസിക്കും ആർക്കും ഉപയോഗിക്കാം എന്നാക്കി. എന്തിന് പറയുന്നു –

    നരകാന്തരീക്ഷം തന്നെ മാറി മറിഞ്ഞു. പണ്ടത്തെ മ്ലാനമായ ചുറ്റുപാടെല്ലാം മാറി. എങ്ങും ഒരു ആഘോഷ ഛായ.

    ഗബ്രിയേൽ മാലാഖ തൻറെ പ്രതിമാസ സന്ദർശനത്തിനായി എത്തി. നരക വാതിലിൻറെ മൂടി തുറന്നു.

    അവിടത്തെ കാഴ്ച കണ്ട് അദ്ദേഹം ഞെട്ടിത്തരിച്ചു.

    വേദനയും നീറ്റലും അനുഭവിച്ച് കൂവി കരയേണ്ട പാപികൾ ഇതാ ചിരിച്ചും സന്തോഷിച്ചും എല്ലാ പീഢനങ്ങളും സഹിക്കുന്നു.

    അദ്ദേഹം ഉടനെ സെൻ്റ് പീറ്ററിന്റ റിപ്പോർട്ട് ട്രിപ്ലിക്കേറ്റിൽ സമർപ്പിച്ചു. അദ്ദേഹം അത് കൌണ്ടർ സൈൻ ചെയ്ത് ചാര സംഘടനയായ എച്ച്.എച്ച്.എസ് എസ് (ഹെവൻ. ഹെൽ. സീക്രട്ട് സർവീസ്) ന് ഫോർവേർഡ് ചെയ്തു.

    താമസിയാതെ റിപ്പോർട്ട് വന്നു.

    ഇവിടെ നിന്ന് പറഞ്ഞയച്ച എഞ്ചിനീയർ ആണ് അതിൻറെ മൂലകാരണം എന്ന് വിശദീകരിച്ചു കൊണ്ട്

    സെൻ്റ് പീറ്റർ ലൂസിഫറിനെ ഹോട്ട് ലൈനിൻ വിളിച്ചു . സൌമ്യനായി അദ്ദേഹം വിഷയം വ്യക്തമാക്കി. “ഇവിടത്തെ ലാപ്ടോപ്പിന് പറ്റിയ എററർ ആണ്. എഞ്ചിനീയുടെ പേര് തൊണ്ണൂറ്റി മൂന്നാമതായി ലിസ്റ്റിൽ ഉണ്ടായിരുന്നു. സാരമില്ല, അദ്ദേഹത്തെ മടക്കി അയച്ചേക്ക്. നിങ്ങൾക്കുണ്ടായ ചിലവുകൾക്ക് ഒരു ഡെബിറ്റ് നോട്ട് അയച്ചാലും, ഞങ്ങൾ വക വെച്ച് തരാം.”

    ലൂസിഫർ തീരെ വഴങ്ങിയില്ല.

    പറഞ്ഞു പറഞ്ഞ് വഴക്കിലേക്ക് എത്തുന്ന വരെ ആയി.

    സെൻ പീറ്റർ കർക്കശ സ്വരത്തിൽ പറഞ്ഞു. “ഞങ്ങൾ നിങ്ങൾക്ക് ഒരു വക്കീൽ നോട്ടീസ് അയക്കേണ്ടി വരും ”

    ” തമാശ പറയാതെ എൻറെ പീറ്റർ സെയ്ൻ റേ,

    അതിന് നിങ്ങൾക്ക് ഒരു വക്കീലിനെ കിട്ടണ്ടേ ! വക്കീൽ ആയ വക്കീൽ ഒക്കെ എൻറെ കസ്റ്റടിയിൽ ഇവിടെ ഉണ്ടല്ലോ!”

  • ഒരു വലിയ ദുരന്തത്തിന്റെ ചെറിയ കഥ

    മേയ് 21, 1967- ഞെട്ടലോടെ ഞാൻ ഓർക്കുന്ന ആ രാത്രി. ഇന്നേക്ക് നീണ്ട 46 വർഷങ്ങൾക്ക മുൻപ !!!  

    കെ.ആർ.ഇ.സി. സൂരത്ത്ക്കലിൽ (ഇന്നത്തെ എൻ.ഐ റ്റി. -മംഗലാപുരം അടുത്ത്) അവസാന വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പരീക്ഷ കഴിഞ്ഞ് കുന്നംകുളത്തെ വീട്ടിലെത്തി ഭാവിയെക്കുറിച്ച് വർണ്ണശഭലമായ സ്വപ്‌നങ്ങൾ നെയ്‌ത്‌ അപ്പച്ചനമ്മ സോദര സോദരി മാരോടൊപ്പം ഉണ്ടുറങ്ങിയിരിക്കുന്ന കാലം. ജോലിയൊന്നും ഇല്ലാത്തതിനാൽ “ലീവെ” ടുത്ത് വീട്ടിൽ മടിച്ചിരിക്കേണ്ട ആവശ്യം ഉദിക്കുന്നേ ഇല്ല. (മോഹൻലാലിനേട് കടപ്പാട്)

    23 വയസ്സ്- സ്വ‌നങ്ങളെ യാഥാർഥ്യ ബോധത്തോടെ ഉൾക്കൊള്ളാൻ മടിക്കുന്ന പ്രായം. എമ്പാടും കാര്യങ്ങൾ ചെയ്യാനുണ്ടെന്ന ഒരു ഉൾവിളി മാത്രം ബാക്കി. ഉപരിപഠനത്തെ കുറിച്ച് ‘സീരിയസ’ായി ചിന്തിച്ചു. അന്നത്തെ ‘ഗ്ളാമറായ എം.ബി.എം ന ശ്രമിച്ചാലൊ? ശ്രമിച്ചു. അന്നൊന്നും ഈ ഡിഗ്രി തരുന്ന സ്ഥാപനങ്ങൾ അധികമില്ല. ഐ.ഐ.എം. ബാംഗ്ളൂരിൽ നിന്നും കത്ത് വന്നു : എഴുത്ത് പരീക്ഷക്കായി! തിരുവനന്തപുരം മുതൽ റെയിൽ പാത ഉണ്ടെങ്കിലും, എറണാകുളം വരെ ‘മീറ്റർ ഗേജും’ തുടർന്ന് ‘ബ്രോഡ് ഗേജും’ ആയതിനാൽ ബാംഗ്ളൂർക്കുള്ള ഒരേ ഒരു ” തീവണ്ടിയായ ‘ഐലൻറ് എക്‌സ്പ്രസ്സ്’ ആയതിൻ്റെ പേരിന ഉപോൽഫലകമായ കൊച്ചിയിലെ “ഐലൻറിൽ’ നിന്നും പുറപ്പെടുന്നു. മൂന്നാം ക്ലാസ്സ് റിസർവേഷ നില്ലാത്ത കാലം. എറണാകുളത്തുള്ള പോർട്ടർമാരിൽ ചിലർ ഒരു ‘ഫീസി’ നു ഐലണ്ടുവരെ പോയി ലഗ്ഗേജ്റാക്കിൽ ‘തുണിവിരി’ റിസർവേഷൻ നടത്തുന്ന പതിവും അന്നുണ്ടായിരുന്നു.

    തൃശൂർക്കാരുടെ കാര്യം കഷ്ടം തന്നെ! പിന്നെ സ്ത്രീ കമ്പാർട്ട്മെൻ്റാഴികെ മറ്റു മൂന്നാം ക്ളാസ കമ്പാർട്ട്മെൻറുകളുടെ ജനാലകൾക്ക് അഴികളേ ഇല്ല എന്നത് കൊണ്ട് ഈ ‘കണ്ടീഷനിൽ’ അവയെക്കൂടി വാതായനങ്ങളായി പൊതുജനം കണ്ടതിന അവരെ തെറ്റ പറയാമൊ?

    അങ്ങിനെ ബാംഗ്ളൂർ!

    ഇന്നത്തെ ബങ്കളുരും അന്നത്തേ ബാംഗ്ളൂർ -ഉം തമ്മിൽ മറ്റ് എല്ലാ സ്ഥലങ്ങളേയും പോലെ അജഗജാന്തരം.

    എൻറെ സീനിയർ, ഐ.ഐ.എസ്.സി.യിൽ ഉപരിപഠനം നടത്തുന്ന മാണി വേണ്ട സൌകര്യങ്ങൾ ചെയ്തു തന്നു. അങ്ങിനെ എഴുത്തു പരീക്ഷയെല്ലാം കഴിഞ്ഞു. വൈകുന്നേരം ആറു മണിക്കുള്ള ഐലൻറ് എക്സ്പ്രസ്സിൽ മടക്ക യാത്രക്കു ‘സെൻട്രൽ’ സ്റ്റേഷനിൽ എത്തിച്ചേർന്നു. ‘സ്റ്റീം’ എഞ്ചിന്റെ ഗമ ഒന്നു വേറെ തന്നെയാണെ!! പ്രത്യേകിച്ച് മെക്കാനിക്കൽ എഞ്ചീയറായ എനിക്ക് തോന്നി. എന്നാലും പരീക്ഷ കഴിഞ്ഞു പാസ്സായതാണെന്ന ഗൌരവത്തിൽ-ഇതു പോലെ എത്ര എണ്ണത്തിൻ്റെ ഉള്ളിലിരിപ്പ് എനിക്കറിയാം എന്ന ഭാവത്തിൽ പ്രൊ:കൃഷ്ണ ഷെട്ടിയും, പ്രൊ:മഹാദേവൻ മുതൽ പേരും പ്രയത്നിച്ച് തലയിൽ കയറ്റിയ ‘വാട്ടർ ട്യൂബ് ബോയിലറി’നെപ്പറ്റിയും ‘സ്റ്റീഫൻസൺ ലിങ്ക്മോഷനെ’ പ്പറ്റിയും ചിന്തിക്കുന്നതിനിടെ വണ്ടി സ്റ്റേഷൻ പ്ലാറ്റ്ഫോമിലെത്തി. വൈകുന്നേരം ഏകദേശം ആറു മണി.

    പിന്നെയുള്ള പുകിൽ!! നടന്ന കാര്യം ആയതുകൊണ്ട് പറയട്ടെ.

    ചൂണ്ടു വിരൽ കടത്തുവാനുള്ള സ്ഥലം പോലും എങ്ങുമില്ല. സ്റ്റേഷനിൽ തെക്ക്-വടക്ക് (കിഴക്ക്-പടിഞ്ഞാറാണോ ആവോ) ഓട്ടം തന്നെ ഓട്ടം. എല്ലാം അറിയാം എന്ന ഭാവം പൊടുന്നനെ ബാഷ്പ്പീകരിച്ചു പോയി.

    നമ്മൾ കെട്ടു കെട്ടിച്ച സായ്പ്പിന ഒരു ഗുണമുണ്ട്. ഒന്നാം ക്ലാസിൽ യാത്ര ചെയ്യുമ്പോഴും സേവകർ ഒപ്പം വേണം. കൂടെ യാത്ര ചെയ്‌താൽ അപമാനം. പിന്നെ എന്തു ചെയ്യും. സായ്‌പിൻ്റെ 1-ാം ക്ലാസിനൊപ്പം രണ്ടു സീറ്റും, രണ്ടു ലഗ്ഗേജ് റാക്കുമുള്ള ഒരു കൊച്ചു കമ്പാർട്ടുമെന്റ്. ദോഷം പറയരുതല്ലൊ, പ്രവേശനം സ്റ്റിക്റ്റലി’ പ്ലാറ്റ്ഫോമിൽ നിന്ന് തന്നെ! ‘അറ്റൻൻറർസ് ഓഫ് ദ ഫസ്റ്റ് ക്ലാസ്സ് പാസഞ്ചേർസ്’ എന്ന വ്യക്തമായ തിരിച്ചറിയൽ ഫലകം വാതിലിന മുകളിൽ.

    അങ്ങിനെയൊരെണ്ണം പ്രയാണത്തിനിടയിൽ എൻ്റെ കണ്ണിൽ പെട്ടു. പിന്നെ ഒട്ടും താമസിച്ചില്ല; സർവ്വശക്തിയും സമാഹരിച്ച എങ്ങിനേയൊ മുകളിലെ ഒരു “റാക്കി’ ൽ വളഞ്ഞിരിക്കാൻ ഒരിടം തരമാക്കി. പ്രതിരോധങ്ങളെ മറികടന്ന് എൻറ ലഗ്ഗേജ് മാണി എനിക്കെത്തിച്ചുതന്നു.

    ഞാനിരുന്ന റാക്കിൽ വേറെ രണ്ടു പേർ കൂടിയുണ്ടായിരുന്നു. സുഖ സൌകര്യങ്ങളെ ബാധിക്കുമെന്നതിനാൽ ലോകത്തിൽ ഇന്നേ വരെ കണ്ടതിൽ ഏറ്റവും വലിയ ‘നികൃഷ്ടജീവി’ എന്ന നിലക്കായിരുന്നു എന്നോടുള്ള അവരുടെ പ്രതികരണം. എന്തായാലും അവർ എന്നെ ഉന്തി നീക്കി നീക്കി ലഗ്ഗേജ് റാക്കിന്റെ തുറന്ന അറ്റത്ത് ഘടിപ്പിച്ചിട്ടുള്ള സപ്പോർട്ട് ബ്രാക്കറ്റിൻറെയും പിൻചാരിക്കും ഇടക്ക് ‘റ്റൈറ്റ്’ ചെയ്ത അവസ്ഥയിലാക്കി എൻ്റെ കുത്തിരുപ്പ്. “ഉർവ്വശീ ശാപം ഉപകാരം” എന്ന് പിന്നീടെനിക്ക് മനസ്സിലായി.

    ഇനി തൃശൂരെത്തുന്നതുവരെ എല്ലാം ശുഭം എന്ന് വിശ്വസിച്ച് (വിശ്വാസമല്ലെഎല്ലാം) ഞങ്ങൾ സംഭവ ബഹുലമായി പര്യവസാനിച്ച ഒരു യാത്രക്ക് തുടക്കമിട്ടു. എന്റെ യാത്രാദിശ പിറകോട്ടേക്കായിരുന്നു. മെല്ലെ മെല്ലെ തുടങ്ങിയ യാത്ര താമസം വിനാ വേഗത്തിലും പിന്നെ അതി വേഗത്തിലും ആയി. ഉരുക്കു ചക്രങ്ങൾ, പാളങ്ങൾ യോജിപ്പിച്ച വിടവുകളിൽ ഇറങ്ങി കയറുന്ന ശബ്ദ ഘോഷം സാവധാനം ഒരു താള ലയമായി മാറിയപ്പോൾ അടിഞ്ഞു കൂടിയ യാത്രാ ക്ഷീണവും പരീക്ഷാ ക്ഷീണവും നിദ്ര ലോകത്തിലേക്കുള്ള വാതായനങ്ങൾ അതിവേഗം മലർക്കെ തുറന്നിട്ടു. ഞാൻ ഉറങ്ങിപോയി എന്നു സാരം.

    100 കിലോമീറ്റർ പിന്നിട്ടു കാണണം. എന്തോ ഒന്ന് എന്നെ പിടിച്ചുണർത്തി. ശ്രദ്ധിച്ചപ്പോൾ ഒരു സ്റ്റേഷൻ അടുത്തതിൻ്റെ ലക്ഷണം. ഇറങ്ങേണ്ടവർ തിരക്കിലൂടെ തിക്കി തിരക്കി എങ്ങിനേയും വാതിൽക്കൽ എത്തുവാൻ തത്രപ്പെടുന്ന കാഴ്‌ച. അവരെ സാകൂതം വീക്ഷിച്ചു കൊണ്ടിരിന്നു ഞാൻ. സമയംഏതാണ്ട് 8മണി കഴിഞ്ഞിരിക്കണം. എന്തോ പന്തി കേടില്ലെ? സ്റ്റേഷൻ അടുത്തിട്ടും വേഗത ഒട്ടും കുറയുന്നില്ല. ഇറങ്ങാനുള്ള ജനത്തിൻറെ അടക്കം പറച്ചിൽ ഉച്ചസ്ഥായിയിലായി. പെട്ടന്നാണ് വേറൊരു കാര്യം ശ്രദ്ധിച്ചത്. എഞ്ചനിൽ നിന്നും തുടർച്ചയായ ചൂളം വിളി മുഴങ്ങി കൊണ്ടേയിരിക്കുന്നു.

    ആപൽസൂചനതന്നെ. എന്നാലോചിച്ചവസാനിക്കുമ്പോഴേക്കും പ്രതീക്ഷിച്ച സ്റ്റേഷൻ മിന്നൽ വേഗത്തിൽ കൺമുൻപിലൂടെ പാഞ്ഞു മറയുന്നു.

    ശക്തിയായ ഒരു ശബ്ദ‌ം. തീവണ്ടി എവിടെയോ ഇടിച്ചിരിക്കുന്നു. ഉലച്ചിലോടെ അൽപം ചരിവോടും കൂടി കമ്പാർട്ട്മെന്റ് നിൽക്കുകയാണ്. എന്താണ് സംഭവിച്ചിരിക്കുന്നത്. ഒരു എത്തും പിടിയും കിട്ടുന്നില്ല. ബൾബുകൾ എല്ലാം മങ്ങുകയും ചിലവ മിന്നുകയും ചെയ്‌തു തുടങ്ങി.

    ഇടതു വശത്തേക്ക് നേക്കിയപ്പോൾ ഒപ്പം ഇരുന്ന സഹയാത്രികരെ കാണാനില്ല. കുറഞ്ഞൊന്നു കഴിഞ്ഞപ്പോൾ ഇരുവരും എതിർ നിരയിൽ താഴെ സീറ്റിലിരുന്ന യാത്രക്കാരുടെ പുറകിൽ നിന്ന് ചോര ഒലിപ്പിച്ച് തപ്പിപ്പിടിച്ച് എഴുന്നേറ്റ് വരുന്നു. ‘റ്റൈറ്റ്’ആയി ഇരുന്ന എനിക്ക് ഒന്നും സംഭവിച്ചില്ല.

    ഇനി ചില സാങ്കേതികവശങ്ങൾ:
    സ്റ്റേഷനിൽ ഒഴികെ ബാക്കിയിടങ്ങളിൽ അക്കാലത്ത് ഒറ്റ ട്രാക്ക് (2-റയിൽ) സംവിധാനം മാത്രമെ നിലവിലുണ്ടായിരുന്നുള്ളു. അതു കൊണ്ടു തന്നെ പ്രവേശന സിഗ്നൽ കിട്ടുന്ന വരെ തീവണ്ടി ‘ഔട്ടറി’ ൽകാത്തു നിൽക്കണം. ഇത് തെറ്റിച്ചുണ്ടാകുന്ന അപകട സാധ്യത ഒഴിവാക്കാൻ മെയിൻ ലൈൻ ഒരു ജോടി ബംബറിൽ ചെന്നവസാനിക്കുന്നു. അതു പോലെ തന്നെ സ്റ്റേഷനിൽ നിന്ന് പോകുന്ന വണ്ടികൾക്കും സിഗ്നൽ കിട്ടുന്ന മുറക്കേ മെയിൻ ലൈനിൽ പ്രവേശനം ഉള്ളു. തെറ്റിച്ചാൽ ഇവിടെയും ബംബറിൽ ചെന്നവസാനിക്കും. അതിവേഗം കടന്നു പോയത് ബാംഗ്ളൂരിൽനിന്നും 105 കി.മി. അകലത്തുള്ള “കുപ്പം”എന്ന സ്റ്റേഷൻ ആണെന്നും ഈ ട്രെയിനിന ഇവിടെ സ്റ്റോപ്പ് ഉള്ളതാണെന്നും പിന്നീട് മനസ്സിലാക്കി.

    വരേണ്ടത് വഴിയിൽ തങ്ങുമോ?

    എവിടെയാണ് തുടങ്ങേണ്ടതെന്നറിയില്ല. എല്ലായിടത്തും അഭ്യൂഹങ്ങളും കഥകളും.,… അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്ന ജനസജ്ഞയം തന്നെ എങ്ങും. ഒരു ഭാഗത്തു ദീന രോദനങ്ങൾ. അതിനൊപ്പം തന്നെ ‘വീടു കത്തുമ്പോൾ വാഴ വെട്ടുന്ന’ കശ്മലക്കൂട്ടം വേറെ. ബാറ്ററി ചാർജ്ജ് കുറയുന്നതിനാൽ മങ്ങിക്കൊണ്ട് കുറ്റാ കൂരിരുട്ട വാഗ്നാനം ചെയ്യുന്ന വെളിച്ചം മറു ഭാഗത്ത്; വാതിലുകൾ അടച്ച് കുറ്റിയിട്ട് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പ് വേറെ വശത്ത്; സ്റ്റേഷനിൽ നിന്നു വളരെ മാറി നിൽക്കുന്ന കമ്പാർട്ട്മെൻറിൽ മങ്ങിയ അരണ്ട വെളിച്ചം മാത്രം തുണ. എന്തും കൽപ്പിച്ച് ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ ഉടു “കൈലി’ യുമായി പുറത്തിറങ്ങി. സ്റ്റേഷനും പരിസരവും ദ്രുതഗതിയിൽ പിന്നിട്ട എഞ്ചിൻ, ബോഗികളെയും വലിച്ച് നേരെ പോയത് ബംബർ സ്റ്റോപ്പർ ലക്ഷ്യമാക്കി. നിമിഷ നേരം കൊണ്ട് ഇത്രയും വലിയ ‘ഇംപാക്ട’ താങ്ങാൻ പറ്റാതെ ബംബറുകൾ പറിഞ്ഞു പോയി. തുടർന്ന് ചതുപ്പിൽ ചക്രങ്ങൾ പൂണ്ട എഞ്ചിൻ തലകുത്തി പൊടുന്നനെ നിശ്ചലമായി. എഞ്ചിനോട് ബലമായി മുറുക്കി ഉറപ്പിച്ച ഒന്നാം ബോഗിക്ക് എഞ്ചിൻ്റെ ഗതി തന്നെ! പക്ഷെ ആ ബോഗി നിശ്ചലമാകുന്നതിനു മുൻപെ വലത്തോട്ട് മറിഞ്ഞു ഇടതുവശ ജനാലകൾ ആകാശത്തേക്ക് അഭിമുഖമായി കിടക്കുന്ന നിലയിലായിരിന്നു.

    അടുത്ത കംപാർട്ട്മെൻറ- അതാകട്ടെ ചരിഞ്ഞു കിടക്കുന്ന മേൽപറഞ്ഞ ബോഗിക്കു മുകളിൽ പകുതി ഇടിച്ചിങ്ങിയ നിലയിൽ.

    സുമാർ 500 മീറ്റർ അകലെ ഒരു നേരിയ വെളിച്ചം കണ്ടു. ശ്രദ്ധിച്ചപ്പോൾ അകലെ നിന്നുള്ള കരച്ചിലും കേൾക്കാം. കാണാനില്ലാത്ത ബോഗിയല്ലെ അത്? തീരെ സുഗമല്ലാത്ത ചളി പ്രദേശം താണ്ടി ഞങ്ങൾ കുറച്ചു പേർ അവിടെയെത്തി. കണ്ട കാഴ്ച്ച വർണ്ണനാധീതമായിരുന്നു. ഏതാണ്ട് 45 ഡിഗ്രി ചെരുവിൽ നിശ്ലേഷം തകർന്ന നിലയിലായിരുന്നു ആ ബോഗി. കരച്ചിലുകൾ നേർത്ത് നേർത്ത് കൊണ്ടേയിരുന്നു. ഇപ്പോഴും സ്വനങ്ങളിൽ തെളിയുന്ന ആ വയോധിക താഴെ സീറ്റിലിരുന്നായിരിക്കാം യാത്ര ചെയ്തിരുന്നത്. മുകളിലെ റാക്ക് അവരെ അമർത്തി ഞെരിച്ചിരിക്കുന്നു. തല ജനലിനോടടുപ്പിച്ച് അവസാന തുള്ളി ജലത്തിന്നായി കേഴുന്നു. എങ്ങിനേയോ എൻറെ കൈയ്യിൽ ഉണ്ടായിരുന്ന ‘വാട്ടർബോട്ടിലിൽ’ നിന്നും കുറച്ചു തുള്ളികൾ ആ വയോധികക്ക് പകർന്ന് കൊടുക്കാനുള്ള ധൈര്യം എനിക്കുണ്ടായി.

    ഇവിടെ കാര്യമായതൊന്നും ചെയ്യാനില്ല.

    പുകഞ്ഞു കൊണ്ടിരുന്ന എഞ്ചിൻ കുറച്ചൊക്കെ അടങ്ങി. എഞ്ചിനോട് ബന്ധിപ്പിച്ച ബോഗിയാണെങ്കിൽ ‘ലേഡീസ്’ കംപാർട്ട്മെൻറായിരുന്നു. ജനലകളെല്ലാം അഴികളിട്ടത്. ചരിഞ്ഞു കിടക്കുന്ന ബോഗിയുടെ അടിയിൽ സ്ത്രീകളും അവർക്കു മുളിൽ ലഗ്ഗേജും വീണു കിടക്കുന്ന നിലയിൽ. ഭാഗ്യത്തിന ഇപ്പോൾ മുകളിലായ വാതിൽ ‘ജാം’ ആയിരുന്നില്ല. പത്തടിയോളം താഴ്‌ചയുണ്ടായിരുന്നിട്ടും എന്തിന്മേലോ ചവുട്ടിക്കയറി മേലോട്ട് കൈ പൊക്കിയ കുറച്ചു സ്ത്രീകളെ മുകളിൽ നിന്നും താഴേക്ക് കൈ എത്തിച്ച് വളരെ ബുദ്ധിമുട്ടിയാണെങ്കിലും രക്ഷിക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യത്തോടെ ഇന്നും ഞാനോർക്കുന്നു.

    അരാജകത്തിൻ്റെ വിളയാട്ടമായിരുന്നു അവിടെ. ഓടിക്കൂടിയ നാട്ടുകാരിൽ ചിലർ കണ്ണിൽ ചോരയില്ലാതെ ആഭരണങ്ങൾ മുതൽ ബാത്ത്റൂമിൽ ഉറപ്പിച്ചിരിക്കുന്ന വാഷ് ബേസിനുകൾ, അനുബന്ധ പൈപ്പ് ഫിറ്റിംഗ്‌സ് എന്തിനധികം സ്റ്റെയിൻലസ്സ് സ്റ്റീലിന്റെ ‘കമ്മോഡ്’ വരെ അടിച്ചു മാറ്റികൊണ്ടിരുന്നു. അതിദാരുണ രംഗങ്ങളായിരുന്നു ചുറ്റുപാടും “എന്നെ എങ്ങിനെയെങ്കിലും വെല്ലൂർ(ആസ്പതി)ക്ക് എത്തിക്കൂ. കൈ കിട്ടി, ഉടനെ തുന്നി ച്ചേർക്കണം” എന്നു തമിഴിൽ വിലപിച്ച അറ്റുപോയ സ്വന്തം കൈയ്യും പിടിച്ച് നടന്ന പാവം, അഞ്ചാറടി നടന്നപ്പോഴേക്കും രക്തം വാർന്നതിനാലാകാം കുഴഞ്ഞു വീണു മരിച്ചു. എത്ര എത്ര സമാന രംഗങ്ങൾ. എൻ്റെ വാട്ടർ ബോട്ടിൽ എത്രയാൾക്ക് അവസാന തുള്ളി നൽകി എന്നോർമ്മയില്ല. കണ്ട കണ്ട കല്ലു പോലെയായ മനസ്സുമായി ഞങ്ങുടെ ബോഗിയിൽ തിരികെ കയറി. ബാറ്ററി ഏതാണ്ട് തീർന്നതിനാൽ ചന്ദനത്തിരി പോലെ കത്തുന്ന ബൾബുകൾ. ആരും ഉറങ്ങിയിരുന്നില്ലെങ്കിലും ബോഗിയിൽ തികഞ്ഞ നിശബ്‌ദത. മോഷ്ടാക്കളുടെ ചെയ്‌തികളെപ്പറ്റി ഊറിവരുന്ന വാർത്തകൾ.

    രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പോലീസെത്തി ആക്‌സിഡൻറ് സ്ഥലമെല്ലാം വളഞ്ഞു. മൈക്കു ഉപയോഗിച്ച് തമിഴിൽ ഇൻസ്ട്രക്‌ഷനുകൾ വന്നു തുടങ്ങി. ബോഗിയിൽ തിരികെ കയറിയിരിക്കാനും മോഷ്ടാക്കുൾക്കുള്ള മുന്നറിയിപ്പുകളും യഥാവിധി വന്നുകൊണ്ടിരുന്നു. താമസം വിനാ അവിടെയെല്ലാം അത്യാവശ്യ വെളിച്ചത്തിനുള്ള ക്രമീകരണങ്ങളും നടന്നു. ഭൂമി ലോകത്ത് തിരിച്ചെത്തിയ പ്രതീതി. ആരോ സൂചിപ്പിച്ചപ്പോളാണ് വീട്ടിലേക്ക് വിളിച്ചറിയിച്ചില്ലല്ലോ എന്നോർത്തത്. സാരമില്ല. കുന്നംകുളത്തുകാർ എപ്പോൾ അറിയാനാണ്? എന്നാലും ഒന്ന വിളിച്ചേക്കാം എന്നുറപ്പിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഫോൺ വിളിക്കണമെങ്കിൽ ഇവിടെയെങ്ങും സൌകര്യം ഇല്ലെന്നും മൂന്നു കിലോമീറ്റർ നടന്ന് കുപ്പം “ടൌണി” ൽ എത്തണമെന്നും. ഒരു ജാഥ തന്നെയുണ്ട ഫോൺ യാത്രക്ക്! എത്തിയപ്പോഴൊ, ഉള്ളത് ആകെ ഒരേ ഒരു ഫോൺ; അതിനു മുൻപിലൊരു നീണ്ട ക്യൂവും. ഞങ്ങളും കൂടി പിന്നാലെ. എസ്‌.ടി.ഡി ഒന്നും ഇല്ല. ട്രങ്ക് ബുക്ക് ചെയ്‌ത്‌ ക്ഷമയോടെ കാത്തിരിക്കുക മാത്രം. ഫോൺ കിട്ടി വന്നപ്പോഴെക്കും മണി 8 കഴിഞ്ഞിരുന്നു. മറ്റെ അറ്റത്തുണ്ടായ പ്രകടമായ ആശ്വാസത്തിൻ്റെ പൊരുൾ വീട്ടിലെത്തിയപ്പോഴെ മുഴുവനായി മനസ്സിലായുള്ളു. ഒന്നു മയങ്ങിയോ എന്നു സംശയം. മാറ്റവണ്ടി സ്റ്റേഷനിൽ വന്നിട്ടുണ്ടെന്നും ഇതിലെ യാത്രക്കാർ മാറിക്കയറണം എന്നുമുള്ള മൈക്ക് അനൌൺസ്മെൻറ് കേട്ടാണുണർന്നത്. ബാഗുമെടുത്ത് യാത്രയായി. തിരിഞ്ഞു നോക്കിയപ്പോൾ കുറച്ചപ്പുറത്ത് പരന്ന ഗ്രൌണ്ടിൽ നിര നിരയായി വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ അന്ത്യയാത്ര കാത്ത് ഞങ്ങൾക്കൊപ്പം വരാൻ പറ്റാത്ത സഹോദരീ സഹോദരന്മാരെ കിടത്തിയിരിക്കുന്നത് കണ്ടു. നിമിഷ നേരത്തിൻ്റെ വ്യത്യസത്തിൽ ജീവനും മരണവും ഞങ്ങളെ വേർപിരിച്ചതാലോചിച്ചു അൽപ്പ സമയം തരിച്ചു നിൽക്കാനെ കഴിഞ്ഞുള്ളു.

    10 മണിയായിക്കാണണം. പുതിയ ഐലൻറ് എക്‌സ്പ്രസ്സ് യാത്ര പുറപ്പെട്ടു. ഷോക്കിൽ നിന്നും പൂർണമായി വിമുക്തരാവാത്ത യാത്രക്കാർ കുറെ നേരത്തേങ്കിലും ട്രെയിനിന്റെ ഓരോ അപശബ്‌ദത്തിലും പേടിച്ചരണ്ടു ഉറക്കെ കരഞ്ഞിരുന്നതായി ഓർക്കുന്നു. ഓരോ സ്റ്റേഷനിലുകളും യാത്രക്കാരായ ബന്ധു മിത്രാധികളെ സ്വീകരിക്കുവാൻ ജനാവലി തടിച്ചു കൂടിയിരുന്നു. വേറെ കുറെ പേർ അപകടത്തിൻറ ദ്യക്സാക്ഷി വിവരണത്തിനും!

    ത്യശൂരും എന്നെയുൾപ്പെടെ പലരേയും സ്വീകരിക്കാൻ ബന്ധുമിത്രാദികൾ എത്തിയിരുന്നു. എല്ലാവരോടും തുടർയാത്രക്കാരോടും വിട.

    അപ്പച്ചൻ രാവിലെ 6 മണിക്കുള്ള ന്യൂസ് പതിവായി കേൾക്കാറുള്ളതാണ്. അന്നേ ദിവസം ആദ്യം കേട്ടത് ഐലൻറ് എക്പ്രസ്സ് ആക്‌സിടൻറിൽ പെട്ട വാർത്തയാണ്. ഞാനീട്രെയിനിൽ ആണ് വരുന്നത് എന്നും അപ്പച്ചനറിയാം. രാവിലെ 8 വരെയും (ആക്സിഡൻറ് നടന്ന് 12മണിക്കൂറുകൾ കഴിഞ്ഞ്) എൻ്റെ വാർത്തയൊന്നും കേൾക്കാത്തിനാൽ പരിഭ്രമിച്ച് ചീത്തവാർത്ത തന്നെയെന്നുറപ്പിച്ച് കുടുംബത്തിലെ സീനിയറായ കസിൻ സഹോദരനെ വിളിച്ച് ഭാവിപരിപാടികൾക്ക് കണ്ണീരോടെ തയ്യാടുക്കുയായിരുന്നു അവർ. ഏതായാലും ആംബുലൻസിനും മറ്റും ഉള്ള ഏർപ്പാടും ചെയ്ത‌ത്‌ ഒരു ഗ്രൂപ്പ് കുപ്പത്തേക്കു പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് എല്ലാവരുടേയും ഉള്ളു കുളിർപ്പിച്ച് എൻ്റെ ഫോൺ വിളി എത്തിയത്.

    G C moolepat