11th മാർച്ച് 1973
അന്നൊരു ഞായറാഴ്ചയായിരുന്നു.
മാർച്ച് മാസത്തിലെ ചുട്ടുപൊള്ളുന്ന ഒരു ദിവസം!
പകൽ മുഴുവൻ അലസമായി ഇരുന്നു.
വൈകുന്നേരമായപ്പോൾ,സായംകാലം ആസ്വദിക്കാനും അല്പം കാറ്റു കൊള്ളുവാനും, ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ മോട്ടോർ സൈക്കിളിൽ ബോംബെയിൽ ഞങ്ങൾ താമസിച്ചിരുന്ന ‘പന്ത് നഗറി’ നടുത്ത് ‘വിക്രോളി’ എന്നിടത്തുള്ള ‘ഗോദേറേജ് ബോയ്സ് കമ്പനിയുടെ പുറകറ്റത്തുള്ള ഒഴിഞ്ഞ ഒരിടത്ത് എത്തി.
കുറച്ചകലത്തുള്ള ‘ഈസ്റ്റേൺ എക്സ്‌പ്രസ്സ് ഹൈവെ ‘ യിൽകൂടിയുള്ള ഇടമുറിയാതെയുള്ള ട്രാഫിക്ക് ഒരു വശത്തും, ‘പാർലെ ‘ കമ്പനിയിൽ നിന്നുള്ള ബിസ്ക്കറ്റിൻറെ രുചിമണം മറെറാരിടത്തുനിന്നും ,ഇതിനുപരിയായി’ സിന്തോൾ’ സോപ്പിൻറെ ശുചിമണം വേറൊരിടത്തുനിന്നും വന്നു കൊണ്ടേയിരുന്നു. ഭാര്യ മോട്ടോർ സൈക്കിളിൻറെ സീറ്റിൽ ഇരിക്കുന്നു; ഞാൻ തൊട്ടടുത്ത് മോട്ടോർ സൈക്കിളിൽ ചാരി നിൽക്കുന്നു. എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.
തികച്ചും ‘റൊമാൻ്റിക്’ അന്തരീക്ഷം!
അപ്പോഴാണ് അത് സംഭവിച്ചത്!
എൻറെ വലത് കാലിൽ എന്തോ ചുറ്റുന്ന പോലെ. ഓട്ടോമാറ്റിക്ക് ആയി ഞാൻ കാൽ കുടഞ്ഞു. ചുറ്റൽ കൂടുതൽ ശക്തമാകുകയാണ്. ഞാൻ ശക്തിയായി ഒന്നുകൂടി കുടഞ്ഞു.
എന്തോ കടിക്കുന്ന പോലെ തോന്നി, ചുറ്റൽ വിടുകയും ചെയ്തു. അരണ്ട വെളിച്ചത്തിൽ ഒന്നും വ്യക്തമല്ല. ഒരു ടോർച്ചാണെങ്കിൽ കയ്യിലും ഇല്ല.
ഉടൻ തന്നെ ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. അതിൻറെ ഹെഡ് ലൈറ്റിൻറെ വെളിച്ചത്തിൽ ഞാൻ കണ്ടു…. അതാ ഒരു വലിയ പാമ്പ് ഇഴഞ്ഞ് പോകുന്നു!
അതെന്നെ കടിച്ചിട്ടുണ്ട്. കടി കൊണ്ടിടത്ത് വേദനയും ഉണ്ട്. ഭാര്യ ഇതൊന്നും കണ്ടിട്ടില്ല – ഞാൻ പറയാനും പോയില്ല.
“നമുക്ക് മടങ്ങാം”
സ്റ്റാർട്ടായ ബൈക്കിൽ ഞങ്ങൾ കയറി പുറപ്പെട്ടു.
ഭാര്യയെ വീട്ടിലാക്കി, ബൈക്ക് വീട്ടിൽ വെച്ച് ഒരു ടാക്സി പിടിച്ച് ‘പ്രഭാകര’ നേയും (ഒരു സ്നേഹിതൻ) കൂട്ടി യാത്ര തുടർന്നു.
‘സയൺ’ ഹോസ്പിറ്റലാണ് ലക്ഷ്യം.
അവിടെ വരെ എത്തുമോ ആവോ!
മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് ഒരു ചെറിയ ജംകഷൻ ഉണ്ട്.
നല്ല കണി തന്നെ!
“ട്രാഫിക്ക് ഇൻസ്പെക്ടർ ” എന്ന് വിശേഷിപ്പിക്കുന്ന ഒരു കൂട്ടം പോത്തുകൾ എതിരെ വരുന്നു. അവ കടന്നുപോകുന്നതു വരെ കാത്തു നില്ക്കുക എന്നല്ലാതെ മറ്റൊന്നും സാധ്യമല്ല.
അങ്ങിനെ സയൺ ഹോസ്പിറ്റലിൽ എത്തി.
ഹോസ്പിറ്റലിൽ പ്രവേശന പ്രക്രിയ വളരെ സങ്കീർണ്ണമായിരുന്നു.
അത് കഴിഞ്ഞപ്പോൾ എല്ലാം പെട്ടന്നായി. ‘ഡ്രിപ്പ്’ ലൈൻ പെട്ടന്ന് തുടങ്ങി.
കൈ തണ്ടയിൽ നാലു ടെസ്റ്റ് ഇഞ്ചക്ഷൻ തന്നു.
ഏതെങ്കിലും ഒന്ന് ‘റിയാക്ഷൻ’ കാണിക്കും. അതനുസരിച്ചുള്ള “ആൻറി വെനം” വേണം
ഡ്രിപ്പ് വഴി തരാൻ.
പത്തു മിനിറ്റിനകം അതും തുടങ്ങി.
ഇനി കിടക്കുക തന്നെ!
അത്യാഹിത വിഭാഗത്തിൽ പെട്ട ആ വാർഡിൽ ഉള്ള രോഗികളെ സിസ്റ്റർമാർ സംബോധന ചെയ്യുന്നത് അവരുടെ പേരല്ല; രോഗത്തിൻറെ പേർ.!
“പേപ്പട്ടി”, “ഫോളിഡോൾ”, “പാമ്പ് ” എന്നിങ്ങനെ.
എൻറെ തൊട്ടടുത്ത്, ഒരു സ്ക്രീൻ വ്യത്യാസത്തിൽ കിടന്നിരുന്നത് ഒരു പേപ്പട്ടി വിഷ ബാധിതനായിരുന്നു. രോഗം മൂർച്ചിച്ച അയാളുടെ കയ്യും, കാലും ബദ്ധിച്ചിരുന്നു.
എല്ലാം കൊണ്ടും മനസ്സ് മരവിക്കുന്ന കാഴ്ചകൾ.
അർദ്ധരാത്രിക്ക് ശേഷം എങ്ങോട്ടോ കൊണ്ടുപോയി.
എൻ റെ ഒരു അകന്ന ബന്ധു “ടാറ്റാ ഇൻസ്റ്റിറ്റൂട്ട് ഓഫ് സോഷ്യൽ സയൻസിൽ” “ക്രിമിനോളജി” ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. അദ്ദേഹം എന്നെ കാണാൻ വന്നു.
എല്ലാം വീക്ഷിച്ച് മടങ്ങി പോയി.
തുടർന്ന് അദ്ദേഹം വീട്ടിൽ എത്തി എൻ്റെ ഭാര്യയെയും സന്ദർശിച്ചു.
ഭാര്യയെ അദ്ദേഹം സമാധാനിപ്പിച്ചു.
” ഇന്ത്യയിൽ പാമ്പു വിഷബാധിതരിൽ 95 ശതമാനവും മരിച്ചു പോകുകയാണ് പതിവ് “!
അടുത്ത ദിവസം രാവിലെ ഡോക്ടർ വന്നപ്പോൾ ഡിസ്മാർജ് ചെയ്തു കൊണ്ട് പറഞ്ഞു.
“തന്ന മരുന്നുകൾ മുറ തെറ്റാതെ കഴിക്കണം; എന്തെങ്കിലും അസുഖം തോന്നിയാൽ ഉടനെ വരണം; മൂത്രത്തിൽ രക്ത നിറം കണ്ടാൽ ഉടൻ
അഡ്മിറ്റ് ആകണം.”
ദൈവസഹായത്താൽ പിന്നീട് ഒരു അസുഖവും അനുഭവപ്പെട്ടില്ല.