Author: GC Moolepat

  • മുഖ ശാസ്ത്രം

    ഇന്ന് ഭൂമിയിൽ ഏതാണ്ട് 750 കോടി മനുഷ്യർ അധിവസിക്കുന്നുണ്ട്.

    ഈ മനുഷ്യരുടെയെല്ലാം രൂപ ഘടന ഒരേ രീതിയിൽ തന്നെയാണ്.

    രണ്ടു കാലുകളും രണ്ടു കൈകളും ഏറ്റവും മുകളിൽ മുഖവുമാണ് മനുഷ്യ രൂപ ഘടനയിലുള്ളത്.

    മനുഷ്യ മുഖത്തിന്റെ ഏകദേശ വലിപ്പം ഏതാണ്ട് മുക്കാൽ സ്ക്വയർ ഫീറ്റ് മാത്രമാണുള്ളത്.

    ആ മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ കൃത്യമായ സ്ഥലത്ത് രണ്ട് കണ്ണുകളും ഒരു മൂക്കും രണ്ട് ചുണ്ടുകളും ഇരുഭാഗത്തായി രണ്ട് ശ്രവണ പുടങ്ങളുമാണുള്ളത് .

    എന്നാൽ, വെറും മുക്കാൽ സ്ക്വയർ ഫീറ്റിനുളളിൽ, ഓരോ സ്ഥലങ്ങളിലും കൃത്യമായ രീതിയിൽ ഓരോരോ അവയവങളെ ഉൾക്കൊള്ളിച്ചു കൊണ്ട്, ഇന്ന് ഭൂമിയിൽ ജീവിക്കുന്ന 750 കോടി മനുഷ്യരുടേയും (സരൂപ ഇരട്ടകൾ ഉൾപ്പെടെ) മുഖങ്ങളെ വ്യത്യസ്തമായ രീതിയിൽ സൃഷ്ടിച്ച സൃഷ്ടാവിന്റെ സൃഷ്ടി വൈഭവത്തെ നമുക്ക് എങ്ങിനെയാണ് വിലയിരുത്താനാവുക.

    അപ്പോൾ, നമുക്ക് മുമ്പേ കഴിഞ്ഞു പോയ കോടാനു കോടി മനുഷ്യരുടേയും നമുക്ക് ശേഷം വരാനിരിക്കുന്ന കോടാനുകോടി മനുഷ്യരുടേയും വെറും മുക്കാൽ സ്‌ക്വയർ ഫീറ്റിനുളളിൽ സൃഷ്ടിച്ച മുഖങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ് എന്ന യാഥാർഥ്യം കൂടി മനസ്സിലാക്കുമ്പോൾ ആ സൃഷ്ടാവിന്റെ സൃഷ്ടി വൈഭവത്തെ എങ്ങിനെയാണ് നമുക്ക് നിഷേധിക്കാൻ കഴിയുന്നത്.

    -കടപ്പാട് –

  • 14.ശ്രീദേവിയും,മൂദേവിയും

    ഈ രണ്ടു പേരും എല്ലായ്പ്പോഴും നമ്മോടു കൂടെ ഉണ്ട്.

    സൽപ്രവർത്തികൾ ചെയ്യാൻ ശ്രീദേവി സഹായിക്കുമ്പോൾ, ദുഷ്പ്രവർത്തികൾക്ക് പ്രേരിപ്പിക്കുകയാണ് മൂദേവി . പക്ഷേ ഒരു കാര്യത്തിൽ രണ്ടു പേർക്കും യോജിപ്പുണ്ട്. വെള്ളത്തിനോടുള്ള വിരോധം.  

    അതുകൊണ്ട് തന്നെ കുളിക്കുമ്പോൾ മേലാസകലം നനയുന്നതുകൊണ്ട് രണ്ടു പേരും ശരീരത്തിന് പുറത്ത് ഇറങ്ങി നിൽക്കും.

    കുളി കഴിഞ്ഞ് തോർത്തുമ്പോൾ മൂദേവി തൻ്റെ തനിസ്വഭാവം കാണിക്കും.

    ചാടി ഉണങ്ങിയ ഭാഗത്ത് കയറി പറ്റും.

    അത് മുഖത്തെങ്ങാനും ആയാൽ പിന്നെ അന്നത്തെ ദിവസം കട്ടപ്പൊഹ!

    അതുകൊണ്ട് പ്രിയരെ, കുളികഴിഞ്ഞ് ആദ്യം പുറം തോർത്തുക.

    പിന്നീട് ഷർട്ടോ, ബനിയനോ ഇട്ട് മറയ്ക്കാമല്ലൊ?  

    ഉടനെ മുഖം തോർത്തണം. ശ്രീദേവി അവിടെ കയറി ഇരുന്നോളും. അന്നത്തെ ദിവസം ശുഭം!  

  • 13. “വരിക വരിക പാപിയെ” …  

    സുവിശേഷ പ്രസംഗം നടക്കുകയാണ്.  

    ഉപദേശി കാര്യമായി പ്രസംഗിക്കുകയും.

    അപ്പോഴാണ് ഒരു മെത്രാച്ചൻ കൺവെൻ ഷനിൽ പ്രസംഗിക്കാൻ വന്നു കൊണ്ടിരുന്നത്.

    വിവരം കേട്ട ഉടനെ ഉപദേശി പറഞ്ഞു നമുക്ക് ഇപ്പോൾ മെത്രാച്ചനെ സ്വാഗതം ചെയ്യാൻ ഒരു ഗാനം ആലപിക്കാം.. എല്ലാവരും 152-ാo നമ്പർ ഗാനം എടുക്കുവിൻ എന്ന് പറഞ്ഞ് അദ്ദേഹം ആ ഗാനം പാടാൻ തുടങ്ങി .

     ” വരുന്നു നാശമയ്യോ, പാരിൽ വരുന്നു നാശമയ്യോ..” എന്ന് തുടങ്ങുന്ന ക്രിസ്തീയ ഗാനം അദ്ദേഹം ആലപിക്കാൻ തുടങ്ങി.

    സ്പീക്കറിൽ കൂടെ ആലപിച്ച ഈ ഗാനം തിരുമേനി അകലത്തു നിന്നു തന്നെ കേട്ടു.

    ഒന്ന് ഞെട്ടിയെങ്കിലും അദ്ദേഹം യാത്ര തുടർന്നു.

    തിരുമേനിയുടെ വാഹനവ്യൂഹം കൺവെൻഷൻ സെൻ്ററിൻ്റെ അടുത്തെത്തി.

    ഇതു മനസ്സിലാക്കിയ ഉപദേശി, എറ്റുപദേശിയോട് ഗാനം 167-ാo നമ്പർ എടുക്കാൻ പറഞ്ഞു.  

    അപ്പോഴേക്കും തിരുമേനി കാറിൽ നിന്നിറങ്ങി സ്റ്റേജിലേക്ക് നടക്കാൻ തുടങ്ങി.  

    ” വരിക, വരിക പാപിയെ, നോക്ക നിൻ്റെ പാതയെ … ” എന്നു തുടങ്ങുന്ന ഗാനം സ്പീക്കറിൽ കൂടെ മുഴങ്ങി.  

    തിരുമേനി ശരിക്കും ഞെട്ടി.

    ‘തൻ്റെ പൂർവ്വകാല ജീവിതം, ഉപദേശി എങ്ങിനെ മനസ്സിലാക്കി ‘

    മെത്രാച്ചൻ പരിഭ്രമിച്ചു കൊണ്ട് ചിന്തിച്ചു. തിരിച്ചു പോകണോ എന്നു വരെ അദ്ദേഹം ആലോചിച്ചു.

    നടക്കുന്ന വഴി നല്ലപോലെ ശ്രദ്ധിച്ചു നോക്കിക്കൊണ്ട് അദ്ദേഹം നടത്തം തുടർന്നു.

    മെത്രാച്ചൻ ഒരു പൊക്കം കുറഞ്ഞ യാളായിരുന്നു.

    പിൻവശത്തിരിക്കുന്ന ജനങ്ങൾക്ക് അദ്ദേഹത്തെ കാണാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല.

    ഇത് മനസ്സിലാക്കിയ ഉപദേശി, ഒരു കസേര എടുത്തിട്ടിട്ട് അദ്ദേഹത്തോട് അതിൽ കയറി നിന്ന് പ്രസംഗം തുടരാൻ അപേക്ഷിച്ചു. തിരുമേനി കസേരയിൽ കയറി നിന്ന് പ്രസംഗം തുടർന്നു. ജനം നിശ്ശബ്ദരായി പ്രസംഗം കേട്ടു കൊണ്ടിരിന്നു.  

    യേശുക്രിസ്തുവിൻ്റെ അവസാന നാളുകളെ പറ്റി ക്രിസ്തുവിൻ റെ വാക്യം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. “ഇപ്പോൾ നിങ്ങൾ എന്നെ കാണുന്നു; കുറഞ്ഞൊന്നു കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല”  

    ഇത് പറഞ്ഞു തീർന്നില്ല; അപ്പോഴേക്കും മെത്രാച്ചൻ നിന്നിരുന്ന കസേരയുടെ കാലുകൾ പഴക്കം കൊണ്ട് ഒടിയുകയും,  

    മെത്രാച്ചൻ നിന്ന നിൽപ്പിൽ നിന്ന് താഴോട്ടു വീഴുകയും ചെയ്തു.

    (The views expressed in this article /story is solely for entertainment purposes)

  • 12. “ചോർ, ചോർ “

    നട്ടുച്ചക്ക് ഉഗ്രപ്രതാപിയായി ജ്വലിച്ച് നിന്ന ആ സൂര്യഗോള കിരണങ്ങൾ വൈകുന്നേരം വിട പറയുമ്പോൾ, മേഘ പാളികളിൽ തട്ടി പ്രതിപലിച്ച് രാത്രിയുടെ ഹസ്തങ്ങളിലേക്ക് വഴുതി വീഴുന്നത് അല്പം വിഷമത്തോടെ ഞാൻ കണ്ടു നിന്നു.

    രാവിലെ എട്ടരക്കു തുടങ്ങിയ തപസ്യ വൈകുന്നേരം അഞ്ച് മണിക്ക് തീരുമെങ്കിലും കമ്മേർഷ്യൽ മാനേജർ യാത്രയായതിന് ശേഷമാണ് ബാക്കി സ്റ്റാഫ് ഓരോരുത്തരായി സ്ഥലം വിടുന്നത്.  

    ബസ്സു കിട്ടാൻ സയണിലെ സെൻട്രൽ അവന്യൂ റോഡ് വരെ നടക്കണം.

    പെട്ടന്നാണ് ആ ദൃശ്യം കണ്ണിൽ പെട്ടത്. ഒരു ചെറിയ ജനക്കൂട്ടം! അടുത്തു ചെന്നപ്പോൾ മനസ്സിലായി അവരെല്ലാവരും കൂടി താഴെ വീണു കിടക്കുന്ന ഒരാളെ ചവുട്ടി മെതിക്കുന്നു.  

    ” ചോർ, ചോർ ” (കള്ളൻ, കള്ളൻ) എന്നും ” പോക്കറ്റ് മാർ ” (പോക്കറ്റടിക്കാരൻ ) എന്നും വിളിച്ചു പറയുന്നതും കേൾക്കാം.  

    പ്രതിരോധ ശേഷി നഷ്ടപ്പെട്ട അയാൾ നിസ്സഹായനായി കമിഴ്ന്ന് കിടക്കുകയാണ്. നോക്കി നിൽക്കാനല്ലാതെ വേറെ ഒന്നും എനിക്കു ചെയ്യാൻ പറ്റുമായിരുന്നില്ല.  

    താമസമുണ്ടായില്ല എവിടേ നിന്നോ ഒരു ഹവീൽദാർ (ബോംബെയിൽ പോലീസിനെ പറയുന്നതങ്ങിനെ) പ്രത്യക്ഷപ്പെട്ടു.  

    വന്ന വഴി കൈയിൽ ഇരുന്ന ദണ്ഡ് ചുഴറ്റി കൊണ്ട് ആക്രോശിച്ചു . ” സാലെ ബേൻxxxx (ഒരു മുഴുത്ത തെറി) ക്യാ ദേഘ് ത്താ ഹായ് . ഇദർ തേരാ മാ xxxx (വേറെ മുഴുത്തെ തെറി ) ഹെ ക്യാ ! “

    “ചൽ സാലെ ഗർ ചൽ (പോ, വീട്ടിൽ പോ). “

    “കോൻ മാരാ ഇസ് കൊ? (ഇദ്ദേഹത്തെ കൈ വച്ചത് ആർ)”.

    “സബ് ചലോ. ഠാണാ ചൽ.” (പോലീസ് സ്റ്റേഷൻ വരെ വന്നാലും)

    സ്നേഹ സംപുഷ്ടമായ ഈ ക്ഷണം കേട്ട പാതി കേൾക്കാത്ത പാതി ജനക്കൂട്ടം വെയിൽ കണ്ട മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതായി.
    കള്ളന്റെ കൈയും പിടിച്ച് ആ മാന്യ ദേഹം മുന്നോട്ട് നടന്നു.

    ബാക്കിയുണ്ടായ ഏതാനും പേർ, ഞാൻ ഉൾപ്പെടെ, പിന്തുടർന്നു. വഴിക്ക് ഓരോരുത്തരായി കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു. അവസാനം ഞാൻ മാത്രമായി.
    ഇതിനിടെ കഥാനായകനും, കള്ളനും ഇടത് നടപ്പാത വിട്ട് റോഡിന്റെ നടുക്കുള്ള ഡിവൈഡറിലേക്ക് നീങ്ങി നടക്കുന്നുണ്ടായിരുന്നു.

    കുറച്ചകലം വിട്ട് ഞാൻ പിൻതുടർന്നു. മാട്ടുംഗ വരെ എത്തിക്കാണണം.  

    കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

    കുറച്ച് കഴിഞ്ഞപ്പോൾ പോലീസിന്റെ കൈ കള്ളന്റെ കൈയ്യിൽ നിന്നും വേർപ്പെടുന്നത് കണ്ടു. രണ്ടു പേരും കുറച്ചു ദൂരം ഒരുമിച്ച് നടന്നു.  
    പിന്നെ ഓരോരുത്തരും അവരവരുടെ വഴിക്ക് മാറി മാറി പോകുന്നത് ഞാൻ ശ്രദ്ധിച്ചു.

    എല്ലാം ശുഭം.

    (പിന്നീട് കൂട്ടുകാർ പറഞ്ഞറിഞ്ഞു. ഇത് ബോംബെയിലെ സ്ഥിരം കാഴ്ചയാണ്. പിടിക്കപ്പെടും എന്നുറപ്പായാൽ കള്ളൻ സ്വയം കമിഴ്‌ന്ന് കിടക്കും. ഭേദ്യം ചെയ്യലൊന്നും ദേഹത്തിലെ സുപ്രധാന ഭാഗങ്ങളെ ബാധിക്കില്ല എന്നും.

    പോലീസും, ഇക്കൂട്ടരും തമ്മിലുള്ള അവിഹിത ‘ നെക്സസി’ നെ കുറിച്ചും)

    ———————-


  • 11. കബിൻസും രാജകീയ ഈച്ചയും

    ഒരിടത്ത് ഒരു സമ്പൽ സമൃതമായ രാജ്യം ഉണ്ടായിരുന്നു. ഒരു നല്ല രാജാവിൻറെ കീഴിൽ ഈ രാജ്യം അനുദിനം അഭിവൃദ്ധിപ്പെട്ടു കൊണ്ടിരുന്നു. ഒരു ദിവസം രാജദർബാർ കൂടിക്കൊങ്ങിരുന്നപ്പോൾ ഒരു ഈച്ച ദർബാർ ഹാളിലേക്ക് പറന്ന് വന്നു. അത് ചുറ്റിപ്പറന്ന് പറന്ന് അവസാനം രാജാവിൻറെ മൂക്കിൻ മേൽ വന്നിരിപ്പായി … ബസ്… ബസ് എന്ന് മൂളിക്കൊണ്ട്.

    ഈ മൂളൽ കേട്ട് കേട്ട്, രാജാവിന് ചിന്തിക്കാൻ പോലും പറ്റാതായി. രാജകാര്യങ്ങൾ പലതും താളം തെറ്റി.  എന്തിനു പറയുന്നു, കുടിവെള്ള വിതരണം പോലും അവതാളത്തിലായി. ഇപ്പോഴെങ്ങാനും ഒരു യുദ്ധം വന്നാലത്തെ അവസ്ഥ ആലോചിച്ച് രാജപണ്ഡിതന്മാരെല്ലാം അസ്വസ്ഥരായി. ഇതിനൊരു പരിഹാരം ആലോചിച്ച് അവരെല്ലാം ചിന്താക്രാന്തരായി. കബിൻസ് സദസിലെ വെറും ഒരു പരിചാരകനായിരുന്നു. “ഒരു തുണിയെടുത്ത് ആട്ടിക്കളയണം” അവൻ നിർദ്ദേശിച്ചു.

    അതു കേട്ട് പണ്ഡിതന്മാർ ഞെട്ടിത്തരിച്ചു. “വിഡ്ഢിത്തം പറയാതെടാ . ഇത് രാജകീയ നാസാഗ്രം ആണ് എന്ന് മറക്കല്ലേ.” അവരെല്ലാവരും ഗൌരവമായ ചിന്തയിലും അന്വോന്യ ചർച്ചകളിലും മുഴുകി.

    ഈ സമയമെല്ലാം രാജാവ് മൂളിച്ച സഹിച്ചു കൊണ്ടേയിരുന്നു.

    പെട്ടന്ന് ഒരു പണ്ഡിതൻ ചാടി എഴുന്നേറ്റ് പരിചാരകനെ വിളിച്ച് എന്തോ പറഞ്ഞു.അയാൾ ധ്രുദഗതിയിൽ പുറത്തേക്ക് പോയി.

    താമസം വിനാ അയാൾ മടങ്ങി എത്തി; കൈയിൽ ഒരു കൂടും അതിൽ ഒരു പക്ഷിയും.

    രാജാവിൻറെ മുമ്പിൽ പണ്ഡിതൻ കൂടും കൊണ്ട് ചെന്നു. കൂടു തുറക്കേണ്ടതാമസം പക്ഷി നേരെ രാജാവിൻറെ കിരീടത്തിന് മുകളിൽ ഇരുപ്പ് ഉറപ്പിച്ചു; ക്ലക്ക്, ക്ലക്ക് എന്ന് പാടാൻ തുടങ്ങി.

    രാജാവ് പണ്ഡിതനെ പ്രശംസിച്ചു കൊണ്ട് കല്പിച്ചു “നമുക്ക് ഇപ്പോൾ ബസ് – ബസ് ശബ്ദമില്ലാതെ ശാന്തമായി ചിന്തിക്കാം.

    “തിരുമേനി – തിരുമേനി ഇപ്പോൾ ബസ് – ബസ് നേക്കാൾ കൂടിയ ശബ്ദമാണല്ലൊ – അപ്പോൾ എങ്ങനെ ചിന്തിക്കാം പറ്റും” കബിൻസ് ആരാഞ്ഞു. കല്പിച്ചാലും, അടിയൻ രണ്ടിനേയും ഓടിച്ചു കളയാം”

    അത് ശരിയാണല്ലൊ! ഇപ്പോഴും തനിക്ക് ചിന്തിക്കാൻ വിഷമമാണല്ലൊ..

    ഇതിനൊരു പരിഹാരം കാണാൻ പണ്ഡിതന്മാരോട് രാജാവ് ആജ്ഞാപിച്ചു. പണ്ഡിതന്മാർ ഒറ്റക്കും കൂട്ടായും ഈ സമസ്യക്ക് ഒരു പരിഹാരം ആലോചിക്കാനും തുടങ്ങി.  

    അവർ കൂട്ടായി എടുത്ത തീരുമാനപ്രകാരം ഒരു പണ്ഡിതൻ പുറപ്പെട്ട് പോയി. അധികം താമസിയാതെ മടങ്ങിവന്നു.കയറിൻറെ അറ്റത്ത് ഒരു വിചിത്ര ജീവിയെ വലിച്ചു കൊണ്ടാണ് വരവ്.

    കാട്ടുമാക്കാൻ എന്ന ആ ജീവി രാജാവിനേയും, പക്ഷിയേയും കണ്ട വഴി ചാടി രാജാവിൻറെ തോളത്ത് കയറി ഇരിപ്പുറപ്പിച്ചു. മാത്രമല്ല ഉച്ചത്തിൽ “പ്രങ്ക്, പ്രങ്ക്” എന്ന് ശബ്ദമുണ്ടാക്കാനും തുടങ്ങി. അതിൻറെ ശബ്ദത്തിൽ ‘ബസ് -ബസ്സും ‘ ‘ക്ലക്ക് – ക്ലക്ക് ” ശബ്ദങ്ങളും നിഷ്പ്രഭമായി.

    രാജാവ് പണ്ഡിതനെ പ്രശംസിച്ചു കൊണ്ട് കല്പിച്ചു “നമുക്ക് ഇപ്പോൾ ബസ് – ബസ് ഉം, ക്ലക്ക് – ക്ലക്ക് ഉം ശബ്ദങ്ങൾ ഇല്ലാതെ ശാന്തമായി ചിന്തിക്കാം”

    കബിൻസ് ഇതെല്ലാം കണ്ടുകൊണ്ട് അരികെ തന്നെ നിൽപ്പുണ്ട്. അവൻ എന്തോ പറയാൻ എഴുന്നേറ്റു. പണ്ഡിതന്മാർ അവനെ രൂക്ഷമായി നോക്കി.

    രാജാവിന്റെ ഗതികേട് അവന് തീരെ സഹിച്ചില്ല. എന്തുമാകട്ടെ എന്ന് മനസ്സിൽ ഉറപ്പിച്ച് അവൻ പറഞ്ഞു.

    “തിരുമേനി, ഇപ്പോൾ ഇതും കൂടെ ആയപ്പോൾ തിരുമേനിക്ക് ശാന്തമായി കാര്യങ്ങൾ കേൾക്കാനും, മനസ്സിലാക്കാനും ഉത്തരവിടുവാനും എങ്ങിനെ കഴിയും.

    ” ഏങ്ങ്” എന്നൊരു ശബ്ദം ഉണ്ടാക്കാനേ തിരുമേനിക്ക് കഴിഞ്ഞുള്ളു.

    ഇത് കേട്ട പാടെ പണ്ഡിതന്മാരിൽ രണ്ടു പേർ ഇറങ്ങി നടന്നു. താമസിയാതെ അവർ ഒരു ജീവിയെ കഴുത്തിൽ രണ്ടു കയറും കൊണ്ട് ബന്ധിച്ച് വലിച്ചു കൊണ്ടുവന്നു.

    ആ ജീവിയാകട്ടെ കാട്ടുമാക്കാനെ കണ്ട ഉടൻ തിരുമേനിയുടെ മടിയിൽ ചാടിക്കയറി ഇരിക്കുകയും, വാ-ഹൂ-വാ, വാ-ഹൂ-വാ എന്ന് അത്യുച്ചത്തിൽ അലറുകയും ചെയ്തു കൊണ്ടിരുന്നു.

    ബസ് -ബസ്, ക്ലക്ക് -ക്ലക്ക്, പ്രങ്ക്- പ്രങ്ക് എന്നീ ശബ്ദങ്ങളൊന്നും കേൾക്കാനേ ഉണ്ടായിരുന്നില്ല.

    അവശനായ തിരുമേനി, ആംഗ്യ ഭാഷയിൽ കബിൻസി നോട് ആവശ്യപ്പെട്ടു.

    “ഒന്നു രക്ഷപ്പെടുത്തൂ “

    കബിൻസ് പിന്നെ ഒന്നും ചിന്തിച്ചില്ല, അവിടെ കണ്ട ഒരു ഷാൾ എടുത്ത് രാജാവിന്റെ മടിയിലിരുന്ന വാ-ഹൂ-വാ യെ അടിച്ചു. അടിയുടെ ആഘാതത്തിൽ രാജാവ് മറിഞ്ഞു വീണു.

    അതോടുകൂടി വാ-ഹൂ-വാ യും പ്രങ്ക് – പ്രങ്ക് ഉം കാട്ടിലേക്ക് ഓടി മറയുകയും, ബസ് -ബസ് ഉം ക്ലക്ക് -ക്ലക്കും പറന്നു പോകകയും ചെയ്തു.

    രാജാവിൻ റെ മനസ്സ് വേനൽക്കാലത്തെ പ്രഭാത സൂര്യനെ പ്പോലെ ശാന്തവും, സുന്ദരവും, പ്രസന്നവും ആകുകയും ചെയ്തു.  












  • തെന്നാലിരാമൻ

    രാജാവ് രാജവ്യാപകമായി ഒരു മത്സരം നടത്താൻ തീരുമാനിച്ചു.

    മത്സരം ഇങ്ങിനെ:-

    മത്സരാർത്ഥികൾക്ക് കൊട്ടാരത്തിൽ നിന്നും ഓരോ കുതിരയെ കൊടുക്കും. അവർ അതിനെ ഒരു മാസം പരിചരിക്കണം. വേണ്ട ചിലവുകൾ ദിനംപ്രതി കൊട്ടാരത്തിൽ നിന്നും ലഭിക്കും.

    ഈ വിവരം രാജ്യം മുഴുവൻ ചെണ്ട കൊട്ടി അറിയിച്ചു.

    കുതിരയെ വാങ്ങാൻ വൻതിരക്ക് അനുഭവപ്പെട്ടു. ഒട്ടേറേ പേർ ആദ്യത്തെ രണ്ടു നിരീക്ഷണങ്ങളിൽ തന്നെ പരാജയപ്പെട്ടു. ശേഷിച്ച ചുരുക്കം പേർക്ക് ഓരോ കുതിരയെ വീതം ലഭിച്ചു.

    അതിൽ തെന്നാലിരാമനും കിട്ടി ഒരു കുതിരയെ !

    രാമൻ കൃത്യമായി നിത്യവും കൊട്ടാരത്തിൽ എത്തി കുതിരക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഏറ്റുവാങ്ങും. അതിൽ ഒന്നും കുതിരക്കു കൊടുക്കാറില്ല. എല്ലാം മാർക്കറ്റിൽ വിറ്റഴിച്ച് സ്വന്തം ആവശ്യങ്ങൾ
    നിറവേറ്റി കൊണ്ടിരുന്നു.

    ദോഷം പറയരുതല്ലൊ?

    കുതിരക്ക് എല്ലാ ദിവസവും കൃത്യം പത്തു മണിക്ക് ഒരു പിടി പുല്ല് കൊടുക്കും.

    ക്രമേണ തെന്നാലി തടിച്ചും, കുതിര മെലിഞ്ഞും വന്നു.

    അങ്ങിനെ ആ സുദിനവും വന്നു ചേർന്നു..

    എല്ലാവരും അവരവരുടെ കുതിരകളുമായി രാവിലെ തന്നെ രാജകൊട്ടാരത്തിൽ ഹാജരായി.

    തെന്നാലി വന്നതോ ഒറ്റക്കും!

    ദിവാൻ ഓരോ കുതിരയേയും നേരിട്ട് കണ്ട് മാർക്കിട്ടു തുടങ്ങി.

    തെന്നാ ലിയുടെ ഊഴമെത്തി.

    “തൻറെ കുതിര എവിടെ ?”

    “ദിവാൻജി, എൻറെ കുതിര ഇവിടെ നിന്ന് തന്ന ഭക്ഷണമെല്ലാം കഴിച്ചു വളരെ ശക്തി പ്രാപിച്ച് വീട്ടിലെ ലായത്തിൽ ഉണ്ട്. അവിടെ നിന്ന് ഇങ്ങോട്ട് എത്തിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ് . അങ്ങുന്ന് അവിടം വരെ ഒന്ന് വന്നാലും. നേരിട്ട് കണ്ട് മാർക്ക് ഇടാമല്ലൊ!”

    മറ്റെല്ലാ കുതിരകളേയും കണ്ട് മാർക്ക് ഇട്ട ശേഷം ദിവാൻ
    തെന്നാലിയുടെ വീട്ടിൽ എത്തി.

    “എവിടെ കുതിര ?” ദിവാൻ അന്വേഷിച്ചു. “ഇതാ ആ ലായത്തിലുണ്ട്”

    അടച്ചു പൂട്ടിയ മുറി ചൂണ്ടിക്കാട്ടി രാമൻ പറഞ്ഞു.

    പുല്ലു കൊടുക്കാനുള്ള ദ്വാരമൊഴികെ വേറെ വാതിലുകളൊന്നും ആ മുറിക്ക് ഉണ്ടായിരുന്നില്ല.

    ദിവാൻ കുതിരയെ കാണാൻ തല ആ ദ്വാരം വഴി അകത്തേക്ക് ഇട്ടു.

    ദിവാൻറെ നീണ്ട താടിയായിരുന്നു ആദ്യം ഇട്ടത്.

    തൻറെ ദിനം തോറും ഉള്ള പുല്ലായിരിക്കും എന്ന് കുതിര കരുതിക്കാണണം.

    കണ്ടവഴിക്ക് കുതിര ദീവാൻ്റ താടിമീശ കയറി
    പിടിച്ചു വലിക്കാൻ തുടങ്ങി. വേദന സഹിച്ച് ദീവാൻ തൻ്റെ താടി പുറത്തോട്ട് വലിച്ചു.

    തനിക്ക് ആകെയുള്ള റേഷൻ പുല്ല് കൈവിട്ടു പോകുo എന്ന വേവലാതിയിൽ കുതിരയും വിട്ടു കൊടുത്തില്ല.

    കുതിര അകത്തോട്ടും, ദിവാൻ പുറത്തോട്ടും !

    എന്തായാലും ദിവാൻ വിജയിച്ചു. താടി കുറച്ചൊക്കെ പോയി എന്നാലും!!!

    “കുതിര അതിബലവാൻ തന്നെ .മറെറല്ലാ കുതിരകളേക്കാൾ യോഗ്യൻ .”

    വേദനിക്കുന്ന താടി തടവിക്കൊണ്ട്
    അദ്ദേഹം രാജാവിന് റിപ്പോർട്ട് സമർപ്പിച്ചു.

    അങ്ങിനെ തെന്നാലിരാമൻ രാജഹസ്തത്തിൽ തിന്നും ട്രോഫി യും മറ്റു സമ്മാനങ്ങളും എറ്റു വാങ്ങി.

    മാത്രമല്ല മന്ത്രിമാരോടൊപ്പം രാജസദസ്സിൽ ഇരിക്കാനുള്ള അവകാശവും!

  • മൃത്യുവുമായി മുഖാമുഖം.

    11th മാർച്ച് 1973

    അന്നൊരു ഞായറാഴ്ചയായിരുന്നു.

    മാർച്ച് മാസത്തിലെ ചുട്ടുപൊള്ളുന്ന ഒരു ദിവസം!
    പകൽ മുഴുവൻ അലസമായി ഇരുന്നു.

    വൈകുന്നേരമായപ്പോൾ,സായംകാലം ആസ്വദിക്കാനും അല്പം കാറ്റു കൊള്ളുവാനും, ഞാനും എന്റെ ഭാര്യയും ഞങ്ങളുടെ മോട്ടോർ സൈക്കിളിൽ ബോംബെയിൽ ഞങ്ങൾ താമസിച്ചിരുന്ന ‘പന്ത് നഗറി’ നടുത്ത് ‘വിക്രോളി’ എന്നിടത്തുള്ള ‘ഗോദേറേജ് ബോയ്സ് കമ്പനിയുടെ പുറകറ്റത്തുള്ള ഒഴിഞ്ഞ ഒരിടത്ത് എത്തി.

    കുറച്ചകലത്തുള്ള ‘ഈസ്റ്റേൺ എക്സ്‌പ്രസ്സ് ഹൈവെ ‘ യിൽകൂടിയുള്ള ഇടമുറിയാതെയുള്ള ട്രാഫിക്ക് ഒരു വശത്തും, ‘പാർലെ ‘ കമ്പനിയിൽ നിന്നുള്ള ബിസ്ക്കറ്റിൻറെ രുചിമണം മറെറാരിടത്തുനിന്നും ,ഇതിനുപരിയായി’ സിന്തോൾ’ സോപ്പിൻറെ ശുചിമണം വേറൊരിടത്തുനിന്നും വന്നു കൊണ്ടേയിരുന്നു. ഭാര്യ മോട്ടോർ സൈക്കിളിൻറെ സീറ്റിൽ ഇരിക്കുന്നു; ഞാൻ തൊട്ടടുത്ത് മോട്ടോർ സൈക്കിളിൽ ചാരി നിൽക്കുന്നു. എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.

    തികച്ചും ‘റൊമാൻ്റിക്’ അന്തരീക്ഷം!

    അപ്പോഴാണ് അത് സംഭവിച്ചത്!

    എൻറെ വലത് കാലിൽ എന്തോ ചുറ്റുന്ന പോലെ. ഓട്ടോമാറ്റിക്ക് ആയി ഞാൻ കാൽ കുടഞ്ഞു. ചുറ്റൽ കൂടുതൽ ശക്തമാകുകയാണ്. ഞാൻ ശക്തിയായി ഒന്നുകൂടി കുടഞ്ഞു.

    എന്തോ കടിക്കുന്ന പോലെ തോന്നി, ചുറ്റൽ വിടുകയും ചെയ്തു. അരണ്ട വെളിച്ചത്തിൽ ഒന്നും വ്യക്തമല്ല. ഒരു ടോർച്ചാണെങ്കിൽ കയ്യിലും ഇല്ല.

    ഉടൻ തന്നെ ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി. അതിൻറെ ഹെഡ് ലൈറ്റിൻറെ വെളിച്ചത്തിൽ ഞാൻ കണ്ടു…. അതാ ഒരു വലിയ പാമ്പ് ഇഴഞ്ഞ് പോകുന്നു!

    അതെന്നെ കടിച്ചിട്ടുണ്ട്. കടി കൊണ്ടിടത്ത് വേദനയും ഉണ്ട്. ഭാര്യ ഇതൊന്നും കണ്ടിട്ടില്ല – ഞാൻ പറയാനും പോയില്ല.

    “നമുക്ക് മടങ്ങാം”

    സ്റ്റാർട്ടായ ബൈക്കിൽ ഞങ്ങൾ കയറി പുറപ്പെട്ടു.

    ഭാര്യയെ വീട്ടിലാക്കി, ബൈക്ക് വീട്ടിൽ വെച്ച് ഒരു ടാക്സി പിടിച്ച് ‘പ്രഭാകര’ നേയും (ഒരു സ്നേഹിതൻ) കൂട്ടി യാത്ര തുടർന്നു.

    ‘സയൺ’ ഹോസ്പിറ്റലാണ് ലക്ഷ്യം.

    അവിടെ വരെ എത്തുമോ ആവോ!

    മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് ഒരു ചെറിയ ജംകഷൻ ഉണ്ട്.

    നല്ല കണി തന്നെ!

    “ട്രാഫിക്ക് ഇൻസ്പെക്ടർ ” എന്ന് വിശേഷിപ്പിക്കുന്ന ഒരു കൂട്ടം പോത്തുകൾ എതിരെ വരുന്നു. അവ കടന്നുപോകുന്നതു വരെ കാത്തു നില്ക്കുക എന്നല്ലാതെ മറ്റൊന്നും സാധ്യമല്ല.

    അങ്ങിനെ സയൺ ഹോസ്പിറ്റലിൽ എത്തി.
    ഹോസ്പിറ്റലിൽ പ്രവേശന പ്രക്രിയ വളരെ സങ്കീർണ്ണമായിരുന്നു.

    അത് കഴിഞ്ഞപ്പോൾ എല്ലാം പെട്ടന്നായി. ‘ഡ്രിപ്പ്’ ലൈൻ പെട്ടന്ന് തുടങ്ങി.

    കൈ തണ്ടയിൽ നാലു ടെസ്റ്റ് ഇഞ്ചക്ഷൻ തന്നു.
    ഏതെങ്കിലും ഒന്ന് ‘റിയാക്ഷൻ’ കാണിക്കും. അതനുസരിച്ചുള്ള “ആൻറി വെനം” വേണം
    ഡ്രിപ്പ് വഴി തരാൻ.

    പത്തു മിനിറ്റിനകം അതും തുടങ്ങി.

    ഇനി കിടക്കുക തന്നെ!

    അത്യാഹിത വിഭാഗത്തിൽ പെട്ട ആ വാർഡിൽ ഉള്ള രോഗികളെ സിസ്റ്റർമാർ സംബോധന ചെയ്യുന്നത് അവരുടെ പേരല്ല; രോഗത്തിൻറെ പേർ.!

    “പേപ്പട്ടി”, “ഫോളിഡോൾ”, “പാമ്പ് ” എന്നിങ്ങനെ.

    എൻറെ തൊട്ടടുത്ത്, ഒരു സ്ക്രീൻ വ്യത്യാസത്തിൽ കിടന്നിരുന്നത് ഒരു പേപ്പട്ടി വിഷ ബാധിതനായിരുന്നു. രോഗം മൂർച്ചിച്ച അയാളുടെ കയ്യും, കാലും ബദ്ധിച്ചിരുന്നു.

    എല്ലാം കൊണ്ടും മനസ്സ് മരവിക്കുന്ന കാഴ്ചകൾ.

    അർദ്ധരാത്രിക്ക് ശേഷം എങ്ങോട്ടോ കൊണ്ടുപോയി.

    എൻ റെ ഒരു അകന്ന ബന്ധു “ടാറ്റാ ഇൻസ്റ്റിറ്റൂട്ട് ഓഫ് സോഷ്യൽ സയൻസിൽ” “ക്രിമിനോളജി” ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നു. അദ്ദേഹം എന്നെ കാണാൻ വന്നു.

    എല്ലാം വീക്ഷിച്ച് മടങ്ങി പോയി.

    തുടർന്ന് അദ്ദേഹം വീട്ടിൽ എത്തി എൻ്റെ ഭാര്യയെയും സന്ദർശിച്ചു.

    ഭാര്യയെ അദ്ദേഹം സമാധാനിപ്പിച്ചു.

    ” ഇന്ത്യയിൽ പാമ്പു വിഷബാധിതരിൽ 95 ശതമാനവും മരിച്ചു പോകുകയാണ് പതിവ് “!


    അടുത്ത ദിവസം രാവിലെ ഡോക്ടർ വന്നപ്പോൾ ഡിസ്മാർജ് ചെയ്തു കൊണ്ട് പറഞ്ഞു.

    “തന്ന മരുന്നുകൾ മുറ തെറ്റാതെ കഴിക്കണം; എന്തെങ്കിലും അസുഖം തോന്നിയാൽ ഉടനെ വരണം; മൂത്രത്തിൽ രക്ത നിറം കണ്ടാൽ ഉടൻ
    അഡ്മിറ്റ് ആകണം.”

    ദൈവസഹായത്താൽ പിന്നീട് ഒരു അസുഖവും അനുഭവപ്പെട്ടില്ല.



  • ജലകന്യകയും മരംവെട്ടിയൂം

    ഒരിടത്തൊരിടത്ത് ഒരു മരം വെട്ടുകാരനുണ്ടായിരുന്നു.. പതിവുപോലെ അങ്ങേർകൊടും ദരിദ്രനുമായിരുന്നു…  

    ഒരു വർഷം മുൻപ് അദ്ദേഹം ആശിച്ചു മോഹിച്ച് ഒരു ജട്ടി വാങ്ങുകയുണ്ടായി.. കാലപ്പഴക്കം കൊണ്ട് അതിന്റെ കളറൊക്കെപ്പോയി കുറെ ഓട്ടകളൊക്കെ വീണെങ്കിലും അയാൾക്കാ ജട്ടി ജീവനായിരുന്നു..  

    പരമാവധി സമയം അതൂരി വെക്കാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു… പുതിയൊരു ജട്ടി അയാളുടെ സ്വപ്നങ്ങൾക്കുമപ്പുറത്തായിരുന്നു….  

    അന്നും പതിവു പോലെ അയാൾ കാട്ടിൽ പോയി ഒരു പാടുനേരം ചുമ്മാ മരത്തിനിട്ട് വെട്ടി കലിപ്പ് തീർത്തു.. വല്ലാതെ വിയർത്ത അയാൾ കാട്ടിലെ നദിക്കരയിൽ കുളിക്കാനുള്ള പരിപാടിയുമായി എത്തിച്ചേർന്നു…  

    തന്റെ ജീവന്റെ ജീവനായ ജട്ടി നദിക്കരയിൽ ഊരി വെച്ച് തോർത്തുടുത്ത് അയാൾ കുളിക്കാനിറങ്ങി…. നിർഭാഗ്യവശാൽ തെക്കന്മലയിൽ ഒരു ഉരുൾപൊട്ടൽ ഉണ്ടാവുകയും പെട്ടെന്ന് നദി കരകവിഞ്ഞൊഴുകുകയും ചെയ്തു…  

    വെള്ളത്തിലായ തന്റെ ജട്ടി ലക്ഷ്യമാക്കി മരം വെട്ടി നീന്തിയെത്തി യെങ്കിലും രക്ഷയുണ്ടായില്ല….  

    അഴലിന്റെ ആഴങ്ങളിൽ ജട്ടി മാഞ്ഞു പോയി….

    നോവിന്റെ തീരങ്ങളിൽ അയാൾ മാത്രമായി……

    തന്റെ പൊന്നോമന ജട്ടി പോയത് ആ പാവത്തിനു താങ്ങാനായില്ല…..അയാൾ നെഞ്ചത്തടിച്ച് ഇങ്ങനെ വിലപിക്കാനാരംഭിച്ചു.. എന്റെ ജട്ടി…എന്റെ ജട്ടി എന്നെ വിട്ടുപോയി… എനിക്കെനിയെന്തുണ്ട്?  

    അയ്യോ എന്റമ്മച്ചിയേ….  

    ഈ സമയം രാത്രിക്ക ത്ത ക്ക് ചോറിനുള്ള ചാളക്കറിയുണ്ടാക്കാൻ ചാള പിടിക്കാൻപൊങ്ങി വന്ന ജലകന്യകയുടെ കാതിൽ ഈദീനരോദനം പതിച്ചു.. മരം വെട്ടിയുടെ മുന്നിൽപ്രത്യക്ഷപ്പെട്ട് ജലകന്യകഇങ്ങനെ പറഞ്ഞു…  

    ഞാനാണീ പഞ്ചായത്തിലെ ജലകന്യക..ഹൗ മേ ഐ അസിസ്റ്റ് യൂ?? എന്താ നിന്റെ വെഷമം??  

    മരം വെട്ടി: എന്റെ പേരു ബാലകൃഷ്ണൻ..  

    ജലകന്യക: അതാണോ നിന്റെ വെഷമം?  

    മരംവെട്ടി: ” എന്റെ ജട്ടി നദിയിൽ മുങ്ങിപ്പോയി ജലജേച്ചീ..”  മനസലിഞ്ഞ ജലകന്യക ബ്ലും എന്നു വെള്ളത്തിലേക്ക്‌ഡൈവ് ചെയ്ത് അപ്രത്യക്ഷയായി..  

    പൊങ്ങി വന്നത് ഒരു ജട്ടിയുമായിട്ടായിരുന്നു..

    പണ്ട് മാർത്താണ്ട വർമ്മ ധരിചിരുന്ന രത്നങ്ങൾ പതിച്ച ഒരു കിടിലൻ ജട്ടി!!!!!!  

    പക്ഷെ മരം വെട്ടി പറഞ്ഞു..

    നോ എന്റെ ജട്ടി ഇതല്ല…..  

    വീണ്ടും ബ്ലും എന്നു വെള്ളത്തിൽ ചാടിയ കന്യക ഒരു 24 കാരറ്റ് തനിത്തങ്ക ജട്ടിയുമായാണു തിരിച്ചെത്തിയത്… മരം വെട്ടി പുല്ലു പോലെ പറഞ്ഞു.. ഇതെന്റെ ജട്ടിയല്ല…  

    വെള്ളി ജട്ടിയും ചെമ്പിന്റെ ജട്ടിയും ഒടുവിലൊരു ജോക്കി ജട്ടിയും കൊണ്ടു കാണിച്ചെങ്കിലും

    മരംവെട്ടി തന്റെ പഴഞ്ചൻ ജട്ടിയുടെ ഇലാസ്റ്റികിൽ കടിച്ചു തൂങ്ങിക്കിടന്നു .  

    വീണ്ടും ബ്ലും എന്നു മുങ്ങിപ്പോയ കന്യക ഒടുവിൽ മരം വെട്ടിയുടെ 40% കിഴിവുള്ള കൂറ ജട്ടിയുമായി പൊങ്ങി വന്നു.. ആനന്ദ തുന്തിലനായ മരം വെട്ടി ആർത്തുവിളിച്ചു..  

    യേസ്..ഇതാണെന്റെ ജട്ടി..ഇതു തന്നെയാണെന്റെ ജട്ടി..  

    മരം വെട്ടിയുടെ സത്യസന്ധതയിൽ സന്തുഷ്ടയായ ജലകന്യക കോടികൾ വില മതിക്കുന്ന ആ ജട്ടികളെല്ലാം അയാൾക്കു സമ്മാനമായി നൽകി..  

    ഗുണപാഠം ഓഫ് ദി സ്റ്റോറി :-അന്യന്റെ ജട്ടിയോട് അത്യാഗ്രഹമില്ലെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ ഒരുപാട് നന്മകൾ കൊണ്ടുത്തരും…..  

    (കടപ്പാട്)
  • സ്പിങ്ക്സ്

    പണ്ട്, എന്നാൽ വളരെ പണ്ട്, ഈജിപ്ത് ഒരു അതിസമ്പന്ന രാഷ്ട്രമായിരുന്നു. കൃഷിയും, വാണിജ്യവും തഴച്ചു വളരുന്ന ഒരു രാജ്യം. ലോകത്തിൻറെ പല ഭാഗത്തു നിന്നും വണിക്കുകൾ ഉൽപ്പന്നങ്ങളുമായി എത്തിക്കൊണ്ടിരുന്ന സ്ഥലം.  

    പുറമെ നിന്ന് അങ്ങോട്ട് എത്തണമെങ്കിൽ ഒരു വലിയ മലയിടുക്ക് കടക്കണം. ഈ മലയിടുക്ക് ഒരു ഒറ്റയടി പാത ആയിരുന്നു.  

    വണിക്കുകളും, ചരക്ക് വഹിച്ചു കൊണ്ട് അവരുടെ കഴുതകളും അടിമകളും ഈ പാതയിലൂടെ ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. ഒരു ദിവസം എവിടെ നിന്നോ ഒരു വിചിത്ര ജീവി അവിടെ എത്തിപ്പെട്ടു.

    ബലിഷ്ടമായ കൈകാലുകളും ശരീരവുമുള്ള “സ്പിങ്ക്സ് ” എന്ന ഈ ജീവിക്ക് സിംഹത്തിന്റെ ശരീരവും, മനുഷ്യന്റെ തലയും ആയിരുന്നു. അതികായനായ ഈ ജീവി മലയിടുക്കിൽ വഴി തടഞ്ഞു കൊണ്ട് കിടക്കും.

    അതിനെ മറികടന്നുപോകാൻ മനുഷ്യനാൽ അസാധ്യം.

    അങ്ങിനെയിരിക്കുബോൾ ഒരു കച്ചവടക്കാരൻ ചരക്കുകളുമായി ഈജിപ്തിലേക്ക് പോകാൻ ഇവിടെ എത്തിപ്പെട്ടു. വഴി തടഞ്ഞു കിടക്കുന്ന ജീവിയെ കണ്ട് പരിഭ്രമിച്ച് നിൽക്കുമ്പോൾ ആ ജീവി ഇടി വെട്ടുന്ന ശബ്ദത്തിൽ ചോദിച്ചു.  

    “നാലു കാലിലും, പിന്നെ രണ്ടു കാലിലും, തുടർന്ന് മൂന്നു കാലിലും നടക്കുന്ന ജീവി ഏത്? ” ഇതിന് ശരിയുത്തരം പറഞ്ഞാൽ നിന്നെ കടത്തി വിടാം.”

    എത്ര ആലോചിച്ചിട്ടും വ്യാപാരിക്ക് ഇതിന് ഒരു ഉത്തരം കിട്ടിയില്ല. പരിഭ്രമിച്ചു നിൽക്കുന്ന വ്യാപാരിയെ സ്പിങ്ക്സ് കഴുത്തിൽ പിടിച്ച് മലമുകളിൽ നിന്ന് താഴോട്ട് തള്ളിയിട്ടു. അയാളുടെ കഴുതകളേയും, കുതിരകളേയും, അടിമകളേയും ഉൾപ്പെടെ !

    അതിലെ കടന്നുവന്ന എല്ലാ വ്യാപാരികളോടും ഇതു തന്നെ ആവർത്തിച്ചു; ആർക്കും ശരി ഉത്തരം പറയാൻ കഴിഞ്ഞില്ല; എല്ലാവരും മലമുകളിൽ നിന്നും കീഴോട്ട് !

    ഈജിപ്തിലെ വ്യാപാരേ മേഖല പൂർണ്ണമായി സ്തംഭിച്ചു.

    അപ്പോഴാണ് ഒരു വ്യാപാരി സംഘം, എന്തുമാകട്ടെ എന്ന് നിശ്ചയിച്ചുറപ്പിച്ച് ഈജിപ്തിലേക്ക് യാത്ര തിരിച്ചത്. അവരും ഈ മലയിടുക്കിലേക്ക് എത്തിച്ചേർന്നു. അവരോടും സ്പിങ്ക്‌സ് ഈ ചോദ്യം ആവർത്തിച്ചു.

    അവരിൽ സമർത്ഥനായ ഒരു വ്യാപാരി യാതൊരു കൂസലുമില്ലാതെ മറുപടി പറഞ്ഞു:

    “മനുഷ്യൻ”.

    അയാൾ തുടർന്നു.

    “ചെറിയ കുട്ടിയായിരിക്കുമ്പോൾ രണ്ടു മുട്ടും രണ്ടു കൈകളും കുത്തി നടക്കും. പിന്നെ പിന്നെ രണ്ടു കാലിൽ എഴുന്നേറ്റു നടന്നു തുടങ്ങും. തുടർന്ന് പ്രായമാകുമ്പോൾ ഒരു വടിയും കുത്തി മൂന്നു കാലിൽ നടക്കും”  

    ഇത്രയും കേട്ടപ്പോൾ സ്പിങ്ക്‌സ് ഉറക്കെ അലറിക്കൊണ്ട് മലമുകളിൽ നിന്ന് താഴോട്ട് ചാടി.  

    അതാണ് ഈജിപ്ഷ്യൻ മരുഭൂമിയിൽ ഗിസയില്‍ കാണുന “സ്പിങ്ക്സ്” എന്ന പ്രതിമ.  

  • പാമർ സായിപ്പും കുതിരയും

    പാമർ സായിപ്പ് ഒരു ലുബ്ദനും, നിരീശ്വരവാദിയും, അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവനും ആയിരുന്നു. ഗ്യാസിൻറെ പ്രശ്നം അദ്ദേഹത്തെ വല്ലാതെ അലട്ടിക്കൊണ്ടും ഇരുന്നു. കുതിരപ്പുറത്ത് അങ്ങേർ പോകുമ്പോഴൊക്കെ ഈ പ്രശ്നം ഉണ്ടാകും. കുതിരക്ക് അതൊരു ചിരപരിചിത ശബ്ദം മാത്രം ആയിരുന്നു.  

    ആയിടക്കാണ് എതിർ രാജ്യവും ആയി ഒരു യുദ്ധം പൊട്ടി പുറപ്പെടുന്നത്. യുദ്ധത്തിൽ സജീവമായി അദ്ദേഹം പങ്കെടുത്തു.  

    എന്തിന് പറയുന്നു, എതൃകക്ഷി ജയിച്ചു കൊണ്ടിരുന്നു. യുദ്ധമുഖത്ത് വെടിയുണ്ടകളുടെ ശബ്ദം അടുത്തടുത്ത് വന്നു. ഇത് കേട്ടു ഭയന്ന് കുതിരപ്പട തിരിച്ചോടാൻ തുടങ്ങി. കാലാൾ പടക്ക് സഹായമില്ലാത്ത ഗതി വരും എന്നായി. ചിരപരിചിതമായ ശബ്ദം കേട്ട് പാമർ സായിപ്പിൻറെ കുതിരക്കു മാത്രം ഒരു വിഷമവും ഉണ്ടായില്ല. അടി പതറാതെ നേരെ മുന്നോട്ട്. വെടി ഉതിർത്തുകൊണ്ട് സായിപ്പ് കുതിരപ്പുറത്തും.  

    ഇത് കണ്ട് എതിർ സൈന്യം അമ്പരന്നു. ഒരാൾ ഇപ്രകാരമെങ്കിൽ ബാക്കി സൈന്യം എങ്ങിനെ എന്നു ആലോചിച്ചു അവർ വിറച്ചു. ഒട്ടും താമസിച്ചില്ല. അവർ യുദ്ധം ഉപേക്ഷിച്ച് തിരിച്ചു ഓടാൻ തുടങ്ങി.  

    അദ്ദേഹം മരിച്ചപ്പോൾ സ്വർഗ്ഗ ലോകത്തിൻറെ വാതിൽക്കൽ എത്തി. പേർലി ഗേറ്റിൻറെ കാവൽക്കാരനായ സെൻ്റ് പീറ്റർ നന്മ/തിന്മകളുടെ പുസ്തകം തുറന്നു.

    തിന്മകളുടെ പുസ്തകത്തിൽ ഒന്നാം പേജിൽ ഒന്നാമതായി ഇതാ പാമർ സായിപ്പിൻറെ പേര് .

    “മറ്റെ വാതിൽ” നരകത്തിൻറെ വാതിൽ ചൂണ്ടിക്കാണിച്ച് സെൻറ് പീറ്റർ പറഞ്ഞു.  

    “ഇപ്പൊ പോകാം. എൻ്റെ തൊപ്പി ഒന്ന് എടുത്തോട്ടേ! “

    ഇതിനിടെ ആരും ശ്രദ്ധിക്കാത്ത സമയത്ത് സായിപ്പ് തൻ്റെ തൊപ്പി, തുറന്നു കിടന്ന “പേർലി ഗേറ്റി”നുള്ളിലേക്ക് വലിച്ചെറിഞ്ഞിരുന്നു. പാപിയുടെ തൊപ്പി ആര് എടുത്തു കൊടുക്കും? സ്വർഗ്ഗത്തിനുള്ളിലെ വിശുദ്ധന്മാരും മാലാഖമാരും അത് തൊടാൻ പോലും വിസമ്മതിച്ചു. സെൻറ് പീറ്റർ ധർമ്മ സങ്കടത്തിലായി.  

    തൊപ്പി വേണം എന്ന സായിപ്പിൻറെ ആവശ്യം ന്യായം. പാപിയുടെ തൊപ്പി തൊടാൻ പറ്റില്ലെന്ന വിശുദ്ധന്മാരുടേയും, മാലാഖമാരുടേയും നിലപാടും ന്യായം.  

    ഉന്നതങ്ങളിൽ അറിഞ്ഞാൽ തൻ്റെ വിശുദ്ധ പദവി തെറിച്ചത് തന്നെ.  

    “വേഗം എടുത്ത് ഓടി പോന്നോളണം” എന്ന ശാസനയോടെ പാമർ സായിപ്പിനെ അകത്തേക്ക് പ്രവേശിപ്പിച്ചു.  

    ശേഷം ചിന്ത്യം !!!