ആണ്ടുകൾക്ക് മുമ്പ് നടന്ന സംഭവം, പക്ഷെ മനസ്സിൽ പച്ച പിടിച്ച് കിടക്കുന്നു…
ഞാൻ ബസ്സിൽ യാത്ര ചെയ്യുകയാണ് ;
പിൻവശത്തെ വാതിലിൽ നിന്ന് മൂന്ന് സീറ്റ് മുന്നോട്ട് മാറി ഇരിക്കുന്നു.
യാത്ര എറണാകുളത്തു നിന്നും കളമശേരി വരെ .
എറണാകുളം നോർത്തിൽ ബസ്സ് എത്തിയപ്പോഴാണ് അയാളുടെ രംഗപ്രവേശം. മുൻവശത്തുള്ള ആളുകളെല്ലാം കൂട്ടത്തോടെ പിന്നാക്കം തിക്കിതിരക്കി മാറി നിൽക്കുന്നു. സ്ത്രീകൾ ഉൾപ്പെടെ .
അയാൾ മുൻവശത്തെ വാതിൽ വഴിയാണ് കയറിയത്. അവിടെയുള്ള യാത്രക്കാരെ വിരട്ടി പിന്നാക്കം തള്ളി മാറ്റുകയാണ്..
“ആരെങ്കിലും വണ്ടി നിറുത്താൻ മണിയടിച്ചാൽ, അയാളെ ഞാൻ വീട്ടിൽ വന്ന് കൈകാര്യം ചെയ്യും” എന്നുള്ള ആക്രോശത്തോടെ !
കത്തി പോയിട്ട് ഒരു മുള്ളാണി പോലും അയാളുടെ കൈവശം ഉണ്ടായിരുന്നില്ല!
ഒരക്ഷരം ഉരിയാടാതെ ജനം അയാൾ പറയുന്നത് അനുസരിച്ചു കൊണ്ടിരുന്നു.
ബസ്സ് നോർത്ത് പാലം കയറി ഇറങ്ങി, ലിസ്സി സ്റ്റോപ്പിൽ എത്തുകയാണ്. ഉടനെ അയാൾ ഡബിൾ ബെല്ലടിച്ചു. ബസ്സ് നിറുത്താതെ യാത്ര തുടർന്നു.
അടുത്തത് കലൂർ സ്റ്റോപ്പ്. ബസ്സ് സ്റ്റോപ്പിൽ നിറുത്തി. ഒന്നും സംഭവിക്കാത്ത പോലെ അയാൾ മുൻവശത്തെ വാതിൽ വഴി പുറത്തിറങ്ങി ഡ്യൂട്ടി പോലീസിന്റെ മുന്നിൽ കൂടെ നടന്ന് ജനക്കൂട്ടത്തിൽ അപ്രത്യക്ഷനായി.
അതുവരെ ശ്വാസം പിടിച്ചു നിന്ന ജനത്തിന് ജീവൻ വെച്ചു. അവർ കണ്ടക്ടറുടെ നേർക്ക് തിരിഞ്ഞു.
” എന്തുകൊണ്ട് നിങ്ങൾ അയാളെ കൈകാര്യം ചെയ്തില്ല ? “എന്തു കൊണ്ട് വണ്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ചില്ല എന്നും മറ്റും.
ശാന്തനായി കണ്ടക്ടർ പറഞ്ഞു ” സുഹൃത്തെ, എനിക്കും ഒരു വീടും കുടുംബവും ഉണ്ട്.
ഈ വഴിക്ക് ഞാൻ ഇതേ ബസ്സിൽ പല പ്രാവശ്യം വരേണ്ടതും ആണ് ” അദ്ദേഹം കൂട്ടിച്ചേർത്തു “നിങ്ങൾക്കറിയാമോ, സാമാന്യം വലിയ ശൃംഗലയിലെ ഒരു കണ്ണിയാണയാൾ. രാസലഹരിയിൽ ആയിരുന്നിരിക്കാം. സൂക്ഷിക്കണം.
നിരാകരണവ്യവസ്ഥ
ഈ കഥ / വിവരണം കഥാകാരൻ്റെ സാങ്കല്പിക സ്രഷ്ടി മാത്രമാകുന്നു. ജീവിച്ചിരിക്കുന്നവരോടോ, മരിച്ചു പോയ വരോടോ സാദൃശ്യം തോന്നുന്നുവെങ്കിൽ അത് കേവലം യാദൃശ്ചികം മാത്രം.
Leave a comment