പണ്ട്, എന്നാൽ വളരെ പണ്ട്, ഈജിപ്ത് ഒരു അതിസമ്പന്ന രാഷ്ട്രമായിരുന്നു. കൃഷിയും, വാണിജ്യവും തഴച്ചു വളരുന്ന ഒരു രാജ്യം. ലോകത്തിൻറെ പല ഭാഗത്തു നിന്നും വണിക്കുകൾ ഉൽപ്പന്നങ്ങളുമായി എത്തിക്കൊണ്ടിരുന്ന സ്ഥലം.
പുറമെ നിന്ന് അങ്ങോട്ട് എത്തണമെങ്കിൽ ഒരു വലിയ മലയിടുക്ക് കടക്കണം. ഈ മലയിടുക്ക് ഒരു ഒറ്റയടി പാത ആയിരുന്നു.
വണിക്കുകളും, ചരക്ക് വഹിച്ചു കൊണ്ട് അവരുടെ കഴുതകളും അടിമകളും ഈ പാതയിലൂടെ ആയിരുന്നു പൊയ്ക്കൊണ്ടിരുന്നത്. ഒരു ദിവസം എവിടെ നിന്നോ ഒരു വിചിത്ര ജീവി അവിടെ എത്തിപ്പെട്ടു.
ബലിഷ്ടമായ കൈകാലുകളും ശരീരവുമുള്ള “സ്പിങ്ക്സ് ” എന്ന ഈ ജീവിക്ക് സിംഹത്തിന്റെ ശരീരവും, മനുഷ്യന്റെ തലയും ആയിരുന്നു. അതികായനായ ഈ ജീവി മലയിടുക്കിൽ വഴി തടഞ്ഞു കൊണ്ട് കിടക്കും.
അതിനെ മറികടന്നുപോകാൻ മനുഷ്യനാൽ അസാധ്യം.
അങ്ങിനെയിരിക്കുബോൾ ഒരു കച്ചവടക്കാരൻ ചരക്കുകളുമായി ഈജിപ്തിലേക്ക് പോകാൻ ഇവിടെ എത്തിപ്പെട്ടു. വഴി തടഞ്ഞു കിടക്കുന്ന ജീവിയെ കണ്ട് പരിഭ്രമിച്ച് നിൽക്കുമ്പോൾ ആ ജീവി ഇടി വെട്ടുന്ന ശബ്ദത്തിൽ ചോദിച്ചു.
“നാലു കാലിലും, പിന്നെ രണ്ടു കാലിലും, തുടർന്ന് മൂന്നു കാലിലും നടക്കുന്ന ജീവി ഏത്? ” ഇതിന് ശരിയുത്തരം പറഞ്ഞാൽ നിന്നെ കടത്തി വിടാം.”
എത്ര ആലോചിച്ചിട്ടും വ്യാപാരിക്ക് ഇതിന് ഒരു ഉത്തരം കിട്ടിയില്ല. പരിഭ്രമിച്ചു നിൽക്കുന്ന വ്യാപാരിയെ സ്പിങ്ക്സ് കഴുത്തിൽ പിടിച്ച് മലമുകളിൽ നിന്ന് താഴോട്ട് തള്ളിയിട്ടു. അയാളുടെ കഴുതകളേയും, കുതിരകളേയും, അടിമകളേയും ഉൾപ്പെടെ !
അതിലെ കടന്നുവന്ന എല്ലാ വ്യാപാരികളോടും ഇതു തന്നെ ആവർത്തിച്ചു; ആർക്കും ശരി ഉത്തരം പറയാൻ കഴിഞ്ഞില്ല; എല്ലാവരും മലമുകളിൽ നിന്നും കീഴോട്ട് !
ഈജിപ്തിലെ വ്യാപാരേ മേഖല പൂർണ്ണമായി സ്തംഭിച്ചു.
അപ്പോഴാണ് ഒരു വ്യാപാരി സംഘം, എന്തുമാകട്ടെ എന്ന് നിശ്ചയിച്ചുറപ്പിച്ച് ഈജിപ്തിലേക്ക് യാത്ര തിരിച്ചത്. അവരും ഈ മലയിടുക്കിലേക്ക് എത്തിച്ചേർന്നു. അവരോടും സ്പിങ്ക്‌സ് ഈ ചോദ്യം ആവർത്തിച്ചു.
അവരിൽ സമർത്ഥനായ ഒരു വ്യാപാരി യാതൊരു കൂസലുമില്ലാതെ മറുപടി പറഞ്ഞു:
“മനുഷ്യൻ”.
അയാൾ തുടർന്നു.
“ചെറിയ കുട്ടിയായിരിക്കുമ്പോൾ രണ്ടു മുട്ടും രണ്ടു കൈകളും കുത്തി നടക്കും. പിന്നെ പിന്നെ രണ്ടു കാലിൽ എഴുന്നേറ്റു നടന്നു തുടങ്ങും. തുടർന്ന് പ്രായമാകുമ്പോൾ ഒരു വടിയും കുത്തി മൂന്നു കാലിൽ നടക്കും”
ഇത്രയും കേട്ടപ്പോൾ സ്പിങ്ക്‌സ് ഉറക്കെ അലറിക്കൊണ്ട് മലമുകളിൽ നിന്ന് താഴോട്ട് ചാടി.
അതാണ് ഈജിപ്ഷ്യൻ മരുഭൂമിയിൽ ഗിസയില്‍ കാണുന “സ്പിങ്ക്സ്” എന്ന പ്രതിമ.
Leave a comment