ഒറ്റ നോട്ടത്തിന് വെറും ഒരു കുരു. എന്നു തന്നെ ഞാനും വിചാരിച്ചു. വംശ സന്ധാരണത്തിനുള്ള പ്രകൃതിയുടെ ഒരോരു പ്രതിഭകൾ. പക്ഷെ സൂക്ഷിച്ചു നോക്കിയപ്പോൾ.. എന്തെല്ലാം ഡിസൈനുകൾ! ഇത് പംന വിഷയം ആക്കിയാലോ? എന്നെല്ലാം ആലോചിച്ച് ഉറക്കത്തിൻറെ മാർദവ കരങ്ങളിലേക്ക് ഞാൻ പതുക്കെ വഴുതി വീണു.
കമ്പ്യൂട്ടറിൻറെ സഹായത്തോടെ ആ രഹസ്യം അനാവരണം ചെയ്യാൻ ആരംഭിച്ചു. ഏറെ ബുദ്ധിമുട്ടിയിട്ടാണെങ്കിലും അതിൽ നിന്ന് ഒരു സന്ദേശം വേർതിരിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞു.
ഒരു വഴിയാത്രക്കുള്ള മാർഗ്ഗനിർദ്ദേശളായിരുന്നു അവ. ഒരു പരിചയവും ഇല്ലാത്ത വഴികൾ ! തുടങ്ങുന്നത് നമ്മുടെ ടെറസ്സിൽ നിന്നു തന്നെ. ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല.
അധികം സംശയിച്ചില്ല, ആരോടും പറഞ്ഞുമില്ല.ഒരു ‘Back Pack’ മായി ഞാൻ അതിൽ കണ്ട വഴിക്ക് പുറപ്പെട്ടു. എല്ലാ വീടുകളുടേയും മുകളിൽ കൂടിയുള്ള യാത്ര.
പക്ഷെ വഴി നേർത്തു നേർത്തു വരുന്നു. തിരിച്ചു പോയാലൊ എന്നാലോചിച്ച് തിരിഞ്ഞു നോക്കി. ഇതു വരെ വന്ന വഴിയെല്ലാം എങ്ങിനേയോ മാഞ്ഞു പോയിരിക്കുന്നു. മുന്നോട്ടു തന്നെ. വഴി നേർത്ത് നേർത്ത്, കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാട്ടുവള്ളി മാത്രമായി.
അത്ഭുതം തന്നെ! എനിക്ക് അതിന്മേൽ കൂടി വഴുതി വീഴാതെ നടക്കുവാനും സാധിക്കുന്നു. ഞാൻ ഒരു ഈച്ചയായോ?
അങ്ങകലെ കൊട്ടാര സദൃശമായ ഒരു സമുച്ചയം കാണാം. എന്നെ കാത്തു നില്ക്കുകായാണോ ഒരു കൂട്ടം ആളുകൾ? ഞാൻ അവിടെ എത്തിയപ്പോൾ മുഴങ്ങിയ ആരവത്തിൽ നിന്ന് ആ കാര്യം വ്യക്തമായി.
തമിഴ്നാട്ടിൽ “ജല്ലിക്കെട്ട്” എന്ന് വിളിക്കുന്ന കാള – മനുഷ്യൻ പോരാട്ടം ആണ് നടന്നുകൊണ്ടിരിക്കുന്നത്. സമ്മാനമാകട്ടെ, സുന്ദരിയായ രാജകുമാരിയും.
ഞെട്ടാനൊന്നും സമയമില്ലായിരുന്നു. ആരോ എന്നെ ഗോദയിലേക്ക് തള്ളിവിട്ടു.
ഞാൻ അരങ്ങിൽ എത്തേണ്ട താമസം, ഒരു കൊമ്പൻ. ദേഹം കാളയുടെ, പക്ഷെ മഖം കൊമ്പോടു കൂടിയ ഒരു സിംഹത്തിൻ റേയും. എൻറെ നേർക്ക് പാഞ്ഞടുക്കുന്നു.
ഭാഗ്യമെന്നു പറയട്ടെ, ഗോദ വൃത്തികേടാക്കേണ്ട ഗതികേട് വന്നില്ല; ദൈവ സഹായത്താൽ!
അവൻ എന്നെ കൊമ്പു കൊണ്ട് കോരി ഗോദക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞു.
ഞെട്ടി ഉണർന്നപ്പോൾ കട്ടിലിൽ നിന്ന് താഴെ വീണ് കിടക്കുന്നു….
ശുഭം
Leave a comment