ഒരു ദിവസം രാവിലെ ആര്യൻ തിരുമേനി പ്രഭാത ഭക്ഷണത്തിന് ശേഷം തന്റെ വീടിന്റെ മുൻവശത്ത് ചാരു കസേരയിൽ വിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാന്ന് തിരുമേനിയുടെ ആശ്രിതൻ ഒരു സംശയവുമായി അടുത്തെത്തിയത്.
”എന്തടാ രാമാ നിന്നു പരുങ്ങണത് “
” അടിയൻ്റെ പഴേ മനസ്സിൽ ഒരു ചെറിയ സംശയം.”
“എന്താച്ചാ ചോദിച്ചോളാ ” തിരുമേനി കൽപ്പിച്ചു.
“അടിയൻ രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ എല്ലുമുറിയെ പണിതിട്ടും തുഛമായ ശമ്പളമെ കിട്ടണു ള്ളു. കാര്യസ്ഥനാണെങ്കിൽ ഉച്ചയോടു കൂടി മാത്രം വന്ന് വെെന്നേരം ചായേം കുടിച്ച് പോകേം ചെയ്യുന്നു. എനിക്ക് ആ പണി കിട്ടിയിരുന്നെങ്കിൽ ….. “
” ആ പോണത് ശങ്കരൻ നമ്പൂര്യല്ലെ? തിരുമേനി ആരാഞ്ഞു. “എന്താണാവോ ഇത്ര നേരത്തെ !
“രാമാ, ഒന്നന്വേഷിച്ചു വാടോ “
രാമന് സന്തോഷം അടക്കാൻ ബുദ്ധിമുട്ടേണ്ടി വന്നു. ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ ആദ്യമായാണ് ആരെങ്കിലും, പ്രത്യേകിച്ച് തിരുേമേനി തന്നോട് ആവശ്യപ്പെടുന്നത്.
ഉളി പായുന്ന വേഗത്തിൽ രാമൻ , ശങ്കരൻ നമ്പൂരിയുടെ അടുത്തേക്ക് ഓടി. അതേ വേഗത്തിൽ മടങ്ങി എത്തുകയും ചെയ്തു.
” ടൌൺ വരെ എന്നാ പറഞ്ഞേ ”
കിതച്ചുകൊണ്ട് രാമൻ പറഞ്ഞു.
”എന്താണാവോ ഇത്ര നേരത്തെ “
തിരുമേനി ഉറക്കെ ചിന്തിച്ചു.
“അത് ഞാൻ ചോദിച്ചില്ല. ഇപ്പോ ചോദിച്ചു വരാം ”
ഇതു പറയുകയും, ശര വേഗത്തിൽ നമ്പ്യാരുടെ അടുത്തേക്ക് പിന്നേയും പായുകയും ചെയതു.
ഉടനെ തന്നെ മടങ്ങിയെത്തി.
” ടൌണിൽ കച്ചേരി വരെ ” എന്നാണ് അദ്ദേഹം പറഞ്ഞത്.
രാമൻ റിപ്പോർട്ട് ചെയ്തു.
”എന്താണാവോ നാം അറിയാത്ത കേസ് ” ചിന്താധീനനായി തിരുമേനി.
“ഇപ്പോചോദിച്ചു പറയാം” ഇത് പറയുകയും, കിതച്ചുകൊണ്ട് രാമൻ അടുത്ത ഓട്ടം തുടങ്ങുകയും ചെയ്തു.
“കിട്ടുണ്ണിയുമായുള്ള വാടക കേസ് ആണെന്നാ പറഞ്ഞേ” തീരെ അവശനായി രാമൻ പറഞ്ഞു.
“ഹാ ഹാ ആ കേസ്സ് ഇതു വരെ തീർന്നില്ലെ ! നാം ഇടപെട്ടാൽ തീരുമോ ആവോ?” തിരുമേനി ഉറക്കെ ആത്മഗതം ചെയ്തു.
തീരെ അവശനായി രാമൻ പരുങ്ങി നിന്നപ്പേോഴാണ് കാര്യസ്ഥൻ ശങ്കുണ്ണി നായരുടെ ആഗമനം.
“നായരെ, എന്തൊക്കെയുണ്ട് വിശേഷങ്ങൾ?” തിരുമേനി തിരക്കി.
“എല്ലാം പതിവുപോലെ “
” അരിക്കും പല വ്യജ്ഞനങ്ങൾക്കും വില കൂടി . കള്ളൻ ‘കിട്ടൻ’ ജയിൽ ചാടി. വീട്ടുവേലക്കാരി വിലാസിനിക്ക് ഇന്ന് ലീവ് വേണത്രെ! “
” പിന്നെ തിരുമേനി, ഞാൻ വരണ വഴിക്ക് നമ്മുടെ തെക്കേതിലെ ശങ്കരൻ നമ്പൂര്യെ
കണ്ടു. ടൌണിൽ കേച്ചേരിയിലേക്കാണ്. അദ്ദേഹത്തിൻ്റ വാടകക്കാരൻ കിട്ടുണ്ണി ആറു മാസത്തെ വാടക കുടിശ്ശിക വരുത്തീട്ടുണ്ട്.”
“തിരുമേനി ഇടപെട്ടാൽ അത് തീർക്കാൻ പറ്റും എന്ന് പറഞ്ഞതനുസരിച്ച് വെെകുന്നേരം രണ്ടു കൂട്ടരും ഇല്ലത്ത് വരാം എന്ന് സമ്മതിച്ചിട്ടുണ്ട്. “
തിരുമേനി അർത്ഥഗർഭമായി രാമനെ ഒന്നു നോക്കി.
ഒന്നും പറയാതെ അയാൾ കെെക്കോട്ടും എടുത്ത് പറമ്പിലേക്ക് തിരിച്ചു.
________________________________________
നിരാകരണവ്യവസ്ഥ
ഈ കഥ / വിവരണം കഥാകാരന്റെ സാങ്കൽപിക സൃഷ്ടി മാത്രമാണ്.
ജീവിച്ചിരിക്കുന്നവരോ, മരിച്ചു പോയവരോടോ സാദൃശ്യം തോന്നുന്നുവെങ്കിൽ അത് കേവലം
യാദൃശ്ചികം മാത്രം.
Leave a comment