രാജാവിൻറെ ആനക്കൂട്ടത്തിൽ, ഒരു ആനയുണ്ടായിരുന്നു. നിറം തൂവെള്ള!
പതിവുപോലെയുള്ള കുളിപ്പിക്കലെല്ലാം കഴിഞ്ഞ്, രാജാവ് ആനയെ തൃക്കൺ കാണുവാൻ സിംഹാസനത്തിൽ ഉപവിഷ്ടനായി. ആനയുടെ നിറം അല്പം മങ്ങിയിട്ടുണ്ടോ! തിരുമേനിക്ക് ഒരു സംശയം. ഉടനെ തന്നെ ആനക്കാരനെ വധിക്കുവാൻ ഉത്തരവായി. തിരുവായ്ക്കുണ്ടോ എതിർവാ! ഉത്തരവ് ഉടൻ നടപ്പിലാക്കി. അതുകൊണ്ട് പ്രശ്ന പരിഹാരം ആയില്ലല്ലോ!
പ്രശ്നം ചർച്ച ചെയ്യാൻ ഉടൻ ദിവാനെ വിളിപ്പിച്ചു. “ഇത്രമാത്രം പ്രമാദമായ വിഷയത്തിൽ തീരുമാനം എടുക്കാൻ അടിയന്റെ അഭിപ്രായം മാത്രം പോര. തിരുമേനി “. “തല പോകും” എന്ന് നല്ല ഭയമുള്ള ദിവാൻ വിനീതമായി ഉണർത്തിച്ചു.
ഉടൻ തന്നെ പ്രധാനമന്ത്രിയും, സഹമന്ത്രിയും, പൌര പ്രമുഖന്മാരും ഉൾപ്പെടുന്ന പൂർണ്ണ ദർബാർ തന്നെ വിളിച്ചു കൂട്ടി. ദിവാൻ വിഷയം അവതരിപ്പിച്ചു. എല്ലാവരും അന്വോന്യ ചർച്ചകളിൽ മുഴുകി. പലർക്കും ലളിതമായ ഉത്തരം മനസ്സിൽ ഉദിച്ചു. ” കുളിപ്പിക്കുക, കൂട്ടത്തിൽ ചകിരി കൊണ്ട് ഉരച്ചു കഴുകുക “. പക്ഷെ ക, മ എന്നൊരക്ഷരം ആരും മിണ്ടിയില്ല. രാജകീയ ആനയെ ഇത്ര ലളിതമായി കൈകാര്യം ചെയ്യുന്നത് എങ്ങിനെ!
പ്രധാനമന്ത്രിയുടെ മകനും ദർബാർ കാണാൻ വന്നിരുന്നു. ചെളിയിൽ കളിച്ചു, മേലെല്ലാം വൃത്തികേടാക്കി വീട്ടിൽ കയറി വരുന്ന അവനോട് അവൻറെ അമ്മ പറയാറുണ്ടായിരുന്നത് അവൻ ഓർത്തു. അവൻ വിളിച്ചു പറഞ്ഞു. “ചകരി കൊണ്ട് ഉരച്ചു കഴുകണം. ഇനിയും ചെയ്യാതിരിക്കാൻ, രണ്ടടിയും കൂടെ വെച്ചു കൊടുക്കണം”. ജനം ഇതുകേട്ട് തരിച്ചിരുന്നു പോയി.
“ഹ ഹ ഹ ” എന്ന രാജകീയ ചിരി കേട്ടാണ് അവർക്ക് തരിപ്പ് മാറിയത്. “ഹഹഹ” അവരും ചിരിയിൽ പങ്കുചേർന്നു.
ചിരി ഒന്നടങ്ങിയപ്പോൾ അടുത്ത പ്രശ്നം. രാജകീയ ആനയെ വല്ല കുളത്തിലോ മറ്റോ കൊണ്ടു പോയി കുളിപ്പിക്കാൻ പറ്റില്ല. കുളം രാജ സദസ്സിൽ എത്തണം. എല്ലാവരും അവരവരുടെ ചിന്തകളിൽ മുഴുകി. അവസാനം രാജാവ് തന്നെ ഒരു മാർഗ്ഗം കണ്ടെത്തി. ” രാജകീയ ‘കൊശവനെ വിളിക്കു.”
കൊശവൻ വന്നപ്പോൾ, കഥകളെല്ലാം വിശദമാക്കി, പറ്റിയ ഒരു മൺചട്ടി ഒരു മാസത്തിനകം ഉണ്ടാക്കാൻ കൽപ്പിച്ചു. അമ്പരന്നു പോയ കൊശവൻ, ഒരു സ്തംഭം കണക്കെ എങ്ങിനേയാ വീട്ടിൽ തിരിച്ചെത്തി. തൻറെ ജീവൻ ഇനി ഒരു മാസം കൂടി!
ഇതെല്ലാം കേട്ട് കൊശവത്തി പറഞ്ഞു :-
“എല്ലാം കടവുൾ പക്കം താൻ, ഒണ്ണേൽ അരശ് പടും, ഇല്ലേൽ ആനൈ പടും, ഇല്ലാ വിട്ടാൽ നീ പടും “.
ശുഭം
Leave a comment