ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാർ, മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിൻറെ നേത്രത്വത്തിൽ ഭരിച്ചു കൊണ്ടിരുന്ന കാലം. രാഷ്ട്രീയം… അതല്ലെ എല്ലാം.
കലാലയ രാഷ്ട്രീയവും കൊടുംപിരി കൊണ്ടിരിക്കുന്നു.
വിദ്യാർത്ഥികളിൽ അന്ന് പ്രബലമായ രണ്ട് കക്ഷികളാണ് ഉണ്ടായിരുന്നത്. ഇടത് ചായ്‌വു ഉള്ള SFI യും അതിനെതിരെ വലത് ചായ്‌വു ഉള്ള ISO യും.
എങ്ങിനെ ആയാലും സർക്കാരിനെ നിലത്തിറക്കാൻ പ്രതിപക്ഷം ഇറങ്ങി തിരിച്ചു. അങ്ങിനെയാണ് 1959 ലെ വിമോചന സമരം അരങ്ങേറിയത്.
വിദ്യാർത്ഥികളും വിട്ടുകൊടുത്തില്ല. അവരും രംഗത്തിറങ്ങി.
പ്രതിപക്ഷ ചായ്‌വു ഉള്ള ISO ആയിരുന്നു സമര നേതാക്കൾ.
കുന്നംകുളത്തെ ഏക സർക്കാർ ഓഫീസ് മുസാവരി കുന്നത്ത് മുനിസിപ്പൽ ഓഫീസിനടുത്തുള്ള വില്ലേജ് ഓഫീസ് ആയിരുന്നു. ആയത് ഉപരോധിക്കാൻ (പിക്കറ്റ് ചെയ്യാൻ) നേതാക്കൾ തീരുമാനിച്ചു.
കുന്നംകുളത്ത് ആൺകുട്ടികളു ടെ സ്കൂളുകൾ രണ്ട്. ഗവർമെൻറ് ഹൈസ്കൂളും, സ്വകാര്യ മേനേജ്മെൻറ് നടത്തിയിരുന്ന MJD ഹൈസ്ക്കൂളും.
തീരുമാനം വന്ന ഉടനെ ഗവ. സ്കൂളിലെ കുട്ടികൾ നിരത്തിലിറങ്ങി.
MJD യിലാണെങ്കിലോ, ‘ കരടി ജോസ്’ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന പി.സി. ജോസിൻറെ നേത്രത്വത്തിൽ വിരട്ടി വേണമായിരുന്നു ഞാനുൾപ്പെടെ മുതിർന്ന ക്ലാസിലെ കുട്ടികളെ പുറത്തിറക്കാൻ!
പല ക്ലാസുകളിലും, പ്രത്യേകിച്ച് ഏഴാം ക്ലാസിൽ, ഒരു കൊല്ലത്തിൽ കൂടുതൽ പഠിച്ച്, അറിവ് ഉറപ്പിച്ച് വന്നതിനാൽ വയസ്സിലും ജോസ് മുൻപന്തിയിലായിരുന്നു. ഞങ്ങൾ മേൽപ്പടിയാൻ ജോസിൻറെ നേത്രത്വത്തിൽ ഒരു ജാഥയായി സ്കൂളിൽനിന്നും പുറപ്പെട്ടു.
ജാഥ എൻറെ വീട്ടിന് മുമ്പിൽ കൂടി വേണം കടന്നുപോകാൻ.
എൻറെ ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ, ഞാൻ ‘മുങ്ങി’ വീട്ടിലേക്ക് നടന്നു.
ഇനിയുള്ളത് കേട്ടറിവ്!
ജാഥ വില്ലേജ് ഓഫീസിന് അടുത്തെത്തിയപ്പോൾ പോലീസ് (Public Officer for Legal Investigations and Criminal Emergencies) പ്രത്യക്ഷപ്പെട്ടു.
അന്നത്തെ പോലീസിൻ്റെ വേഷം കണ്ടാൽ ചിരി വരും. ലൂസായ ഷർട്ടും, ട്രൗസറും. മേലറ്റം കൂർത്ത തൊപ്പി. കാലിൽ മുട്ടു മുതൽ പാദം വരെ ചാരനിറത്തിലുള്ള ടേപ്പ് ചുറ്റിയിരിക്കും. പിന്നെ ചെരുപ്പും.
കൈയ്യിലെ ലാത്തിക്ക് വ്യത്യാസം ഒന്നുമില്ല. പെരുമാറ്റത്തിനും !
വന്ന വഴി അവർ ലാത്തി പ്രയോഗം തുടങ്ങി. മാത്രമല്ല, അസഭ്യവർഷവും.
പിടിച്ചു നിൽക്കാൻ ആകാതെ ജനം ചിതറി ഓടി. പോലീസ് പിന്നാലെയും.
അപ്പോഴാണ് മാത്യു എന്നയാളുടെ രംഗപ്രവേശം. അയാൾക്കും കിട്ടി ഒരെണ്ണം. അയാളുടെ ഓമന പെരു “കങ്കാരു”.
അയാൾ തിരിഞ്ഞു നിന്ന് പോലീസ് കാരനൊടു ചോദിച്ചു
” എതു വകുപ്പു പ്രകാരാടോ താൻ എന്നെ അടിക്കണത്?”
കിട്ടി രണ്ടടി കൂടി
ചോദ്യമെല്ലാം അവസാനിച്ചു, അയാളും ഓടാൻ തുടങ്ങി. പിന്നാലെ പോലീസും.
അപ്പോഴാണ് റോഡിൻ്റ അരികിൽ തെങ്ങ് കയറുന്ന ‘വേട്ടോൻ’ ഇരിക്കുന്നത് പോലീസിൻറ ശ്രദ്ധയിൽ പെട്ടത്. അയാൾക്കും കിട്ടി ഒരെണ്ണം. അയാൾ ചാടി എഴുന്നേറ്റു. ഓടാൻ തുടങ്ങി. അരയിൽ തിരുകിയിരുന്ന വലിയ വാക്കത്തി കയ്യിൽ പൊക്കി പിടിച്ചു കൊണ്ട്!
ഓട്ടത്തിനിടക്ക് കങ്കാരു ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച അതിഭീകരം… ഊരിപ്പിടിച്ച കത്തിയുമായി ഇതാ ഒരാൾ തന്നെ പിന്തുടരുന്നു.
കുത്തനെയുള്ള ഇറക്കം ആയതിനാൽ പെട്ടന്ന് നിൽക്കാനും സാധ്യമല്ല
പിന്നെ ഒന്നും ആലോചിച്ചില്ല; രണ്ടു കൈകളും കൂടി ചേർത്ത് അയാളെ ഒരു ഇടി. അയാൾ തലയും കുത്തി കീഴ്മേൽ മറിഞ്ഞു വീണു.
തിരിഞ്ഞു നോക്കാൻ നിൽക്കാതെ കങ്കാരു ഓട്ടം തുടർന്നു. വീട്ടിൽ എത്തിയാണ് ഓട്ടം നിർത്തിയത്, വേട്ടോൻ പിന്നിൽ ഇല്ലല്ലോ എന്ന ആശ്വാസത്തിൽ!
—————————————————————-
ഈ കഥ / വിവരണം കഥാകാരൻറെ സാങ്കല്പിക സ്രഷ്ടി മാത്രമാകുന്നു. ജീവിച്ചിരിക്കുന്നവരോടോ, മരിച്ചു പോയ വരോടോ സാദൃശ്യം തോന്നുന്നുവെങ്കിൽ അത് കേവലം യാദൃശ്ചികം മാത്രം.
Leave a comment