23. “അതിമോഹം ചക്രം ചവിട്ടും “

ചെന്നായയും, പുള്ളിപ്പുലിയും സന്ദർഭവശാൽ കാട്ടിലെ ഒരു മരത്തിനടുത്ത് ഒരു വലിയ രത്നം കുഴിച്ചിട്ടിരിക്കുന്ന വിവരം അറിയാൻ ഇടയായി.

രണ്ടു പേർക്കും മണ്ണിൽ കുഴിക്കാൻ വശമില്ലാത്തതിനാൽ, അവർ അത് കുഴിച്ചെടുക്കാൻ ഒരു എലിയെ ഏർപ്പാട് ചെയ്തു.

നിശ്ചയിച്ചുറപ്പിച്ച ദിവസം രാവിലെ രണ്ടു പേരും എലിയേയും കൂട്ടി സ്ഥലത്തെത്തി. രണ്ടു പേരുടേയും മേൽനോട്ടത്തിൽ എലി കുഴിക്കാൻ ആരംഭിച്ചു.

കാൽ മണിക്കുർ കഴിഞ്ഞു, അര മണിക്കൂർ കഴിഞ്ഞു, മുക്കാൽ മണിക്കുർ കഴിഞ്ഞു, ഒരു മണിക്കൂർ ആവാൻ തുടങ്ങി. എലിയെ കാണാനില്ല!

പരിഭ്രാന്തരായ അവർ എലിയെ അന്വേഷിച്ച് ചുറ്റുപാടും തിരച്ചിലോട് തിരച്ചിൽ. എലിയെ എങ്ങും കാണാനില്ല. കൂടെ രത്നവും അവസാനം അവർ രാജസന്നിധിയിൽ എത്തി.

നമ്മുടെ എലി ഇതാ രാജസദസ്സിൽ. ഇരിക്കുന്നു! അതും രാജാവിനടുത്ത് ഒരു പ്രമുഖ ആസനത്തിൽ !

ഇനി കുറച്ചു ഫ്ലാഷ് ബാക്ക്:-

അന്ന് രാവിലെ ദർബാർ നടന്നു കൊണ്ടിരിക്കുമ്പോൾ രാജസേവകർ ഒരു എലിയേയും കൂട്ടി രാജസന്നിധിയിൽ എത്തി.

വിവരങ്ങൾ അന്വേഷിച്ചപ്പോൾ എലി ഉണർത്തിച്ചു. “തിരുമനസ്സേ അടിയൻ ഇപ്പോൾ അങ്ങേക്ക് തുല്യനാണ്.”

തേട്ടി വന്ന ദേഷ്യം അടക്കിക്കൊണ്ട് രാജാവ് ചോദിച്ചു. “അതെങ്ങിനെ?”

എലി കയ്യിലിരുന്ന വലിയ രത്നം പൊക്കിക്കാണിച്ച് പറഞ്ഞു. “ഇത് രാജ ചിഹ്നമാണല്ലൊ?”

രാജാവിന് വേറെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ദർബാറിലെ ഒരു പ്രമുഖ ആസനത്തിൽ എലിയെ ഉപവിഷ്ടനാക്കി.

അപ്പോഴാണ് ചെന്നായയുടേയും, പുള്ളിപ്പുലിയുടേയും ആഗമനം.

രാജാവിനോടൊപ്പം ഇരിക്കുന്ന എലിയെ കണ്ട് അവർ പരിഭ്രമിച്ചു. ഇതെന്ത് മറിമായം?

രാജാവിൻറെ മുമ്പിൽ അവർ അവരുടെ സങ്കടം എങ്ങിനെ അറിയിക്കും; എങ്ങിനെ അറിയിക്കാതിരിക്കും എന്ന് ആലോചിച്ച് അവർ വിഷണ്ണരായി നിന്നു. എന്തായാലും പറയുക തന്നെ, ഇല്ലെങ്കിൽ ഒരു പക്ഷെ തല തന്നെ തെറിച്ചെന്നും വരാം.

പുലി ധൈര്യം സംഭരിച്ചു കൊണ്ട് സംഭവം രാജസമക്ഷം വിവരിച്ചു. രത്നം സ്വന്തമാണെന്ന് സൂചിപ്പിച്ചു കൊണ്ട്

ഇതു കേട്ട വഴി എലി ബോധക്കേട് അഭിനയിച്ച്, ഇരിക്കുന്ന പീംത്തിൽ നിന്ന് തല കുത്തനെ താഴേക്ക് മറിഞ്ഞു വീണു. അപ്പോഴും രത്നത്തിന്മേലുള്ള പിടി വിട്ടിട്ടില്ലെന്ന് രാജാവ് പ്രത്യേകം ശ്രദ്ധിച്ചു.

ഭൃത്യന്മാർ എലിയെ തട്ടി ഉണർത്തി. “കേട്ടത് സത്യമാണോ?” രാജാവ് അന്വേഷിച്ചു.

“അതിന് ഞാൻ ഒന്നും കേട്ടില്ലല്ലോ!” അതിശയ ഭാവത്തിൽ എലി പറഞ്ഞു.

രാജാവിൻറെ ആജ്ഞപ്രകാരം നടന്ന കാര്യങ്ങൾ പുലി ഒന്നുകൂടി വിവരിച്ചു.

“അതിശയം തന്നെ. ഈ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്, തിരുമേനി “

” പിന്നെ ഈ രത്നം എവിടന്നു കിട്ടി? “

“അപ്പനപ്പൂപ്പന്മാരായിട്ട് ഞങ്ങളുടെ തറവാട്ടിൽ ഉള്ളതാണ് ഈ രത്നം.”

എലിയെ ” ലൈ ഡിറ്റക്ടർ” ടെസ്റ്റിന് വിധേയമാക്കാൻ രാജാവ് കൽപിച്ചു. മാത്രമല്ല പുലിയേയും, ചെന്നായയേയും.

ഫലം വന്നപ്പോൾ, അതിശയം:-

എല്ലാവരും പറഞ്ഞത് കല്ലുവെച്ച നുണ.

രത്നം ആരുടേയും സ്വന്തമല്ല.

പൊതു സ്ഥലത്തു നിന്ന് “മെനിംഗ് ലെസൻസ് ” ഇല്ലാതെ കുഴിച്ചെടുത്ത സ്വത്ത്. രാജ്യത്തിൻറെ / രാജാവിൻറെ സ്വന്തം.

രാജാവ് ചെന്നായയേയും, പുള്ളി പുലിയേയം, എലിയേയും അഞ്ചു വർഷം കഠിന തടവിന് ശിക്ഷിച്ചു.

___________________________________________

Comments

Leave a comment