19. അന്നമ്മത്തള്ള.

വൈകുന്നേരത്തെ കാപ്പി കുടി കഴിഞ്ഞു.

കുട്ടികളെല്ലാം, ഞാനുൾപ്പെടെ മുൻവശത്ത് കളിച്ചു കൊണ്ടിരിക്കുന്നു. സൂപ്പർവിഷന് വീട്ടിലെ ഒരു “സ്റ്റേ-ഇൻ മെയ്ഡ്” ആയ അന്നമ്മത്തള്ളയും ഉണ്ട്.

ഞങ്ങളുടെ അഭിപ്രായത്തിൽ അവർക്ക് ഒരു നൂറു വയസ്സെങ്കിലും കാണണം.

വീട്ടിനു നേരെ മുൻപിൽ വാഹന ഗതാഗതം ഉള്ള റോഡ് എത്തുന്നവരെ ഒരു നടവരമ്പുണ്ട്.

ഏകദേശം ഇരുനൂറ് മിറ്റർ നീളവും രണ്ടു മീറ്റർ വീതിയുമുള്ള ഈ വരമ്പിൻന്റെ ഇരുവശവും മൂ പ്പൂ നെൽകൃഷിക്ക് അനുയോജ്യമായ പാടശേഖരങ്ങളായിരുന്നു.

റോഡററത്ത് ഒരു ഗേറ്റും, വീടിനടുത്ത് ഒരു ചെറിയ വിക്കറ്റ് ഗേറ്റും ആണ് ഉണ്ടായിരുന്നത്.

വീട്ടിലേക്കുള്ള കാൽനട സന്ദർശകർ ഈ വഴിയാണ് വന്നിരുന്നത്. വാഹന യാത്രക്കാർക്കുള്ള വഴി വേറെയുണ്ട്.

വാസ്തു വിദ്യക്കനുസൃതമായി ഏകദേശം അഷ്ടഭുജാകൃതിയിൽ തീർത്ത പൂമുഖത്തു നിന്ന് ഇറങ്ങുന്നത് അതേ ആകൃതിയിൽ തീർത്ത ഒരു മീറ്ററോളം വീതിയുള്ള ഉമ്മറത്തേക്ക് ആണ്.

ആ ഉമ്മറത്ത് ആറടി നീളവും ഒന്നര അടി വീതിയും ഉള്ള ബഞ്ചുകളും ഇട്ടിട്ടുണ്ട്.

ഈ ഉമ്മറത്ത് കാലും ഞാത്തിയിട്ട് മുറുക്കാനും ചവച്ചു കൊണ്ട് ഇരിപ്പായിരുന്നു അന്നമ്മത്തള്ള.

അപ്പോഴാണ് ഒരു നായ എങ്ങിനേയോ തുറന്നു കിടന്ന മുൻവശത്തെ ഗേറ്റ് കടന്ന്, വരമ്പ് വഴി വീട്ടിലേക്ക് വന്നു കൊണ്ടിരുന്നത്.

അതിൻറെ നടത്തം തന്നെ ശരിയായിരുന്നില്ല.

തുറന്നു കിടന്ന വിക്കറ്റ് ഗേറ്റും കടന്ന് അത് ഞങ്ങൾ കളിക്കുന്നിടം വരെ എത്തി.

നായക്ക് പേ പിടിച്ചു കഴിഞ്ഞാൽ, അതിന്റെ കാഴ്ച ശക്തി കുറഞ്ഞ് കുറഞ്ഞ് വരും. എന്തിന്മേൽ മുട്ടുന്നുവോ, അതിനെ കടിക്കുകയും ചെയ്യും.  

അത് നേരെ ഉമ്മറത്തേക്ക് കയറാനുള്ള പുറപ്പാടായിരുന്നു.

അന്നമ്മത്തള്ള, മങ്ങിയ കാഴ്ചയിലും നായ വരുന്നത് മനസ്സിലാക്കി. കൈയ്യിൽ ഉണ്ടായ വടി കൊണ്ട് നായക്കിട്ട് പറ്റുന്ന ശക്തി ഉപയോഗിച്ച് ഒരു അടി പാസ്സാക്കി.  

നായ വടിയിൽ കടിക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല.

പൈ…..പൈ എന്ന് കരഞ്ഞു കൊണ്ട് വീടിൻറെ പിന്നിലേക്ക് ഓടി പോകുകയും ചെയ്തു.  
പിൻവശത്ത് കവുങ്ങിൻമേൽ കെട്ടിയിട്ടിരുന്ന ആടിനെ കടിച്ചു കാണണം.

എന്തായാലും ഒരാഴ്ചക്കകം വിഷബാധയേറ്റ ആ ആടിനെ രണ്ടാളുകൾ പറമ്പിൽ കൊണ്ടുപോയി വെടിവെച്ചു  കൊല്ലുകയായിരുന്നു.

വിഷനായ കടിച്ചാൽ, അടിവയറ്റിൽ ആറ് ആഴ്ച കൊണ്ട് ആറ് ഇഞ്ചക്ഷനാണ് അന്ന് ഉണ്ടായിരുന്നത്!  

വല്ലാത്ത ഒരു കഷ്ടാവസ്ഥയിൽ നിന്നാണ് ഞങ്ങൾ തലനാരിഴക്ക് രക്ഷപ്പെട്ടത് !

——————



Comments

Leave a comment