രാവിലെ നിന്ന അതേ വരാന്തയിൽ നിന്ന് കൊണ്ട് ഞാൻ, തൊട്ടടുത്ത വഴിയിൽ കൂടെയുള്ള ഗതാഗതം സാകൂതം വീക്ഷിച്ചു.
ഉത്സാഹത്തോടെയും, ഉന്മേഷത്തോടെയും രാവിലെ പോയിരുന്നവർ, ക്ഷീണിതരായും, പരിക്ഷീണരായും എതിർ ദിശയിൽ പോകുന്ന പതിവ് കാഴ്ച.
ബസ്സുകൾ ഇല്ല; എന്നാൽ കാറുകളും, സ്കൂട്ടർ, ബൈക്കുകൾ എന്നിവ ധാരാളം. അപ്പോഴാണ് ബോംബെയിലെ ട്രാഫിക്കിനെ കുറിച്ച് ഞാൻ ചിന്തിച്ചത്.
പഴയ ഓർമ്മകൾ തേട്ടി തേട്ടി വന്നു കൊണ്ടിരുന്നു.
അതൊരു ശനിയാഴ്ചയായിരുന്നു.
പതിവുപോലെ അഞ്ചു മണിക്ക് തന്നെ ഓഫീസിൽ നിന്നും പുറത്തിറങ്ങി.
പെട്രോൾ ലാഭിക്കാനാകാം, അന്ന് എൻറെ ജാവാ മോട്ടോർ സൈക്കിൾ എടുത്തിരുന്നില്ല. ബസ്സിലായിരുന്നു യാത്ര; അതും BEST ഡബിൾ ഡെക്കർ ബസ്സിൽ. മുകളിൽ തന്നെ ഏറ്റവും മുന്നിൽ; കാഴ്ചകൾ കണ്ട് കണ്ട്. മാഹിം മുതൽ അഡേരി വരെ. അവിടെ നിന്നും ഡിഎൻ നഗർ (അവിടെയാണ് താമസം) വരെ വേറെ ബസ്സ് .
താമസിയാതെ അഡേരി സ്റ്റോപ്പ് എത്തി. ബസ്സിൻറെ പിന്നറ്റത്തുള്ള കോണി വഴി ഇറങ്ങണം.
കാര്യമായ തിരക്കൊന്നും ഉണ്ടായിരുന്നില്ല.
തിരക്കുണ്ടെങ്കിലും “ക്യൂ” സിസ്റ്റം കൃത്യമായി പാലിക്കുന്നവരാണ് പൊതുവെ ബോംബെ നിവാസികൾ. ഇവിടെയും ഓരോരുത്തരായി വലിയ തിരക്കൊന്നും കൂട്ടാതെ ഇറങ്ങി വന്നു കൊണ്ടിരുന്നു.
പെട്ടന്നാണ് അത് സംഭവിച്ചത്.
അവസാനത്തെ നാല് സ്റ്റെപ്പുകളിൽ ഒരു തിരക്ക്.
എൻറെ പാൻറ്സിൻറെ മുൻവശത്തെ പോക്കറ്റിൽ വെച്ചിരുന്ന “പേഴ്സ്” കാണാൻ ഇല്ല. ചെറിയ ഒരു തള്ളൽ അനുഭവപ്പെട്ടുവോ? സംശയം.
ഞാൻ ചാടി പുറത്തിറങ്ങി.
രണ്ടു കൈ കളും വിടർത്തി, ഇറങ്ങി വരുന്ന വരെ പരിശോധിക്കാൻ ആരംഭിച്ചു.
ഒരു തടസ്സവും കൂടാതെ എല്ലാവരും സഹകരിച്ചു.
ഒരു ഹവീൽദാരും (പോലീസ്) രംഗത്തെത്തി.
എല്ലാവരേയും പരിശോധിച്ചു. കൈമാറി മാറി വല്ല വർക്കും കിട്ടിയിട്ടുണ്ടോ എന്നറിയാൻ. തഥൈവ!
പൈസ മാത്രമല്ല, എൻ്റെ ഡ്രൈവിംഗ് ലൈസൻസും, മറ്റു ചില രേഖകളും കൂട്ടത്തിൽ നഷ്ടപ്പെട്ടു.
ഇനി എന്ത് ചെയ്യും? തുടർന്ന് ബസ്സിൽ പോകണമെങ്കിൽ ടിക്കറ്റെടുക്കാൻ പൈസ വേണം! അതാണ് ഇല്ലാത്തത്. ടാക്സി തന്നെ ശരണം. എത്തി പൈസ കൊടുത്താല്‍ മതി.
ഗമയിൽ തന്നെ വീട് എത്തിപ്പെട്ടു. ഭാര്യയുടെ കയ്യിൽ പൈസ ഇല്ലെങ്കിൽ എന്ത് എന്ന ചിന്തയെ ബലമായി തടഞ്ഞു നിർത്തി. ഭാഗ്യത്തിന് അങ്ങിനെ ഒന്നും സംഭവിച്ചില്ല.
അത്ഭുതങ്ങൾ സംഭവിക്കാം.!
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു കത്ത് എന്നെ തേടി വന്നു.
തുറന്നു നോക്കിയപ്പോൾ ഞാൻ സ്തംഭിച്ചു പോയി.
നഷ്ടപ്പെട്ട എൻറെ ഡ്രൈവിംഗ് ലൈസൻസും മറ്റു രേഖകളും ഇതാ വന്നിരിക്കുന്നു.
അൽഭുതസ്തഭ്ത്തനായ എനിക്ക് സർവേശ്വരനേയും, സന്മനസ്വി ആയ ആ പോക്കറ്റടിക്കാരനേയും നന്ദിയോടെ ഓർക്കാനേ കഴിഞ്ഞുള്ളു.
ശുഭം!
Leave a comment