ശിശിരകാലത്തെ ഒരു സായം സന്ധ്യ
വൈകുന്നേരം അഞ്ച് കഴിഞ്ഞു. ആകെയുള്ള മൂന്ന്-നാല് ജോലിക്കാർ എപ്പോഴേ പോയി.
അൽപ്പം കണക്ക് എഴുതി തീർക്കാൻ ബാക്കി. ഞാൻ ഓഫീസിൽ ഇരിക്കുന്നു.
അപ്പോഴാണ് ഒരു വിൽപ്പന നികുതി ഉദ്യോഗസ്ഥൻറ ആഗമനം.
ഗൈറ്റ് പോയിട്ട് ചുറ്റുമതിൽ തന്നെയില്ലായിരുന്നു എന്നതിനാൽ അദ്ദേഹത്തിന്റെ ആഗമനം മുൻകൂട്ടി അറിയാനും കഴിഞ്ഞില്ല.
വന്ന വഴി തെല്ലും ഗൗരവം വിടാതെ, പർച്ചേസ് രജിസ്റ്റർ, കാഷ് ബുക്ക്, ലെഡൂർ, സ്റ്റോക്ക് രജിസ്റ്റർ എന്നീ റെക്കോർഡകൾ തത്രഭവാന്റെ മുൻപിൽ ഹാജരാക്കാൻ ഉത്തരവായി.
മാത്രമല്ല, കെ.റ്റി.സി.. ടി. വി. എസ്, എ.ബി. റ്റി. എന്നീ ട്രാൻസ്പോർട്ട് കമ്പനികളിൽ നിന്നുള്ള ഓരോ ലിസ്റ്റും അദ്ദേഹം പുറത്തെടുത്തു.
അടുത്ത ഒരു മണിക്കൂർ ആ ലിസ്റ്റുകളും ഞാൻ ഹാജരാക്കിയ പുസ്തകങ്ങളും കർശന പരിശോധനക്ക് വിധേയമാക്കി.
“മിസ്മാച്ച് ” ഒന്നും കാണാത്തതു കൊണ്ടായിരിക്കും കണെ കാൺകെ മുഖത്തിന്റെ ഗൌരവം ചോർന്ന് പോയിക്കൊണ്ടിരുന്നു. മാത്രമല്ല, ചിരിക്കണോ എന്നൊരു സംശയവും!
എല്ലാം തൃപ്തികരമായി പര്യവസാനിച്ചപ്പോൾ സന്തോഷം പങ്കിടുവാൻ ഞാൻ തയ്യാറായി,
സ്നേഹം മൂർച്ചിച്ചപ്പോൾ കുശലാന്വേഷണത്തിലേക്ക് സംഭാഷണം കടന്നു.
അദ്ദേഹം അവിടത്തുകാരൻ തന്നെ.
ഞാൻ എവിടെ നിന്ന് ?
” കുന്നംകുളം ”
ഇത് കേട്ട പാതി, അദ്ദേഹത്തിന്റെ മട്ടുമാറി.
” എടുത്തു വെച്ച പുസ്തകങ്ങൾ ഇങ്ങോട്ട് എടുക്ക് !” എന്നായി.
തമാശ രൂപേണ അദ്ദേഹം പറഞ്ഞത് കേട്ട് ഞാൻ അല്പം സ്തംഭിച്ചുപോയി.
“സാറെ, പത്ത് വർഷം ഞാൻ ബോംബെയിൽ ആയിരുന്നു. വ്യവസായം തുടങ്ങാനാണ് ഇവിടെ വന്നത് ! നാട് കുന്നംകുളം എന്ന് കേൾക്കുമ്പോൾ എല്ലാ വരുടേയും പുരികം എഴുന്നേറ്റു നിൽക്കുന്നു. എനിക്ക് മനസ്സിലാകുന്നില്ല!
“കാരണം ഉണ്ട് ”
അദ്ദേഹം പറഞ്ഞു തുടങ്ങി.
കുറച്ചു നാൾ മുൻപ് ഞങ്ങളുടെ സ്ക്വാർഡ് കുന്നംകുളം – തൃശൂർ റോഡിൽ സെയിൽ ടാക്സ് ചെക്കിങ്ങ് ചെയ്യുകയായിരുന്നു.
കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന ഒരു മൂടി കെട്ടിയ ടെംബോ ഞങ്ങൾ കൈ കാണിച്ചു നിറുത്തി. ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.അയാൾ ഒരു ഹാൻഡ് ബാഗുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു.
കുന്നംകുളം ശൈലിയിൽ അയാൾ മൊഴിഞ്ഞു:
“മാഷെ, ഞാൻ ‘ജോബ്.’ ഈ വണ്ടീല് 12435 വല്യ ടിൻ കുട്ടിക്കൂറ പൌഡറ് മാത്രെ ഉള്ളൂ. ബില്ലും, കാര്യങ്ങളും ഒന്നും ഇല്ല്യ. മാർക്കറ്റ് വില ………ഉറുപ്പ്യ വരും. അതിൻറെ ടാക്സ്, പെനാലിറ്റി സഹിതം ……..ഉറുപ്പ്യ ആവും.
എല്ലാം ഇറക്കി എണ്ണി നോക്ക്യാലും ഒറ്റെണ്ണം പോലും കൂടലോ കൊറവോ കാണില്ല.”
ഇത്രയും പറഞ്ഞ് ബാഗ് തുറന്ന് മേൽ പറഞ്ഞ സംഖ്യ എടുത്ത് ഞങ്ങൾക്ക് നേരെ നീട്ടി.
സത്യത്തിൽ ഞങ്ങൾ സ്തഭതരായി ഒരു നിമിഷം നിന്നു പോയി. കൂട്ടത്തിൽ സീനിയറായ ഞാൻ വേണം തീരുമാനമെടുക്കാൻ.
എന്തുകൊണ്ടോ അപ്പറഞ്ഞത് വിശ്വസിക്കാൻ ഒരു ഉൾവിളി ഉണ്ടായി എന്ന് പറയാം. എന്തുകൊണ്ട് എന്തെങ്കിലും തുക കൈക്കൂലിയായി തന്ന് വിഷയം ഒതുക്കി തീർക്കാൻ അയാൾ തുനിഞ്ഞില്ല?
ഞാൻ ആ തുക കൈപ്പറ്റി, രശീതിയും മറ്റു ഔദ്യോഗിക രേഖകളും കൈമാറുകയും ചെയ്തു.
” ഇതിൽ എന്താണ് തെറ്റ്” ? ഞാൻ അന്വേഷിച്ചു.
” ഒന്നുമില്ല ”
“പക്ഷെ, ഈ കടലാസും വെച്ച് അന്ന് രാതിയും, പകലും എത്ര ലോഡ് അയാൾ കടത്തിയിട്ടുണ്ടാകും എന്ന് ഊഹിക്കാവുന്നതേ ഉള്ളു ”
ഒരു ദീർഘനിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു.
മാത്രമല്ല
“ഒരു പെട്ടിക്കടയിൽ കയറി സിഗരറ്റ് (‘വിൽസ്) ചോദിച്ചാൽ “കുന്നംകുളം മത്യോ ” എന്ന മറു ചോദ്യം കേൾക്കാം. വില കുറവാണ്.
ഡ്യൂപ്ലിക്കേറ്റിന് പ്രശസ്തമാണ് കുന്നംകുളം. സിഗരറ്റുൾപ്പെടെ മറ്റു പലതും കിട്ടും, വില കുറവിൽ!
ഇതിൻറെ സത്യാവസ്ഥ ഞാൻ കുറെ അന്വേഷിച്ചു.
ജന്മനാ കച്ചവട മനസ്ഥരാണ് കുന്നംകുളത്തുകാർ. ധനസ്ഥിതിയിലും മോശമല്ല.
ഉൽപ്പന്നങ്ങളുടെ ഉറവിടത്ത് അവർ എത്തും. കാഷ് കച്ചവടം. കിട്ടാവുന്ന എല്ലാ ഡിസ്ക്കൗണ്ടുകളും പേശി മേടിക്കും. പറ്റുമെങ്കിൽ ആ സ്ഥാപനത്തിന് തന്നെ വില പറഞ്ഞെന്നും വരും 🙂
പിന്നെ എക്സൈസ് ഡ്യൂട്ടി, ജി.എസ്.ടി. എന്നിവയൊന്നും ബാധകവും അല്ല.
‘ബില്ല് ‘ എന്ന് കേട്ടാൽ തന്നെ അവർക്ക് ‘അലർജി’ ആണ്.
അങ്ങിനെ എത്തുന്ന ചരക്ക്, കുറഞ്ഞ വിലക്ക് വിൽക്കുവാൻ അവർക്ക് സാധിക്കുന്നു. അല്ലാതെ ഡ്യൂപ്ലിക്കേറ്റ് ഒന്നും അല്ല.
ഇത്തരത്തിൽ വന്ന ചരക്കാണ് ഞങ്ങളുടെ മുമ്പിൽ വന്നു പെട്ടത് എന്നാണ് എന്റെ ബലമായ വിശ്വാസം
കുന്നംകുളത്തുള്ള ഒരു കുടിൽ വ്യവസായമാണ് നോട്ടു പുസ്തക നിർമ്മാണം. പ്രമുഖ ബ്രാൻഡ് കളെല്ലാം അവിടെ നിർമ്മിച്ചവയാണ്. ശിവകാശിയുമായി കടുത്ത മത്സരത്തിലാണ് അവർ ”
” ഒരു കണക്കും ഇല്ലാതെ ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങളുമായി കുന്നംകുളത്തേക്ക് പോകുകയായിരുന്ന മൂടിക്കെട്ടിയ ഒരു ലോറി അവിടെ എത്തുന്നതിന് തൊട്ടുമുമ്പ് ആക്സിഡൻ്റിൽ പെട്ടതും, അങ്ങിനെ അധികാരികളുടെ ശ്രദ്ധയിൽ പെട്ട കഥയും വേറെയും ഉണ്ട്.”
അദ്ദേഹം പറഞ്ഞു നിറുത്തി.
കുന്നംകുളത്തുകാരെ പറ്റി ഒരു ആരാധനാ ഭാവം ആ കണ്ണുകളിൽ നിഴലിക്കുന്നുണ്ടോ എന്നു ഞാൻ സംശയിക്കുന്നു.
നിരാകരണവ്യവസ്ഥ
ഈ കഥ / വിവരണം കഥാകാരൻറെ സാങ്കല്പിക സ്രഷ്ടി മാത്രമാകുന്നു. ജീവിച്ചിരിക്കുന്നവരോടോ, മരിച്ചു പോയ വരോടോ സാദൃശ്യം തോന്നുന്നുവെങ്കിൽ അത് കേവലം യാദൃശ്ചികം മാത്രം.
mail. info@echtalloy.com
Leave a comment