നട്ടുച്ചക്ക് ഉഗ്രപ്രതാപിയായി ജ്വലിച്ച് നിന്ന ആ സൂര്യഗോള കിരണങ്ങൾ വൈകുന്നേരം വിട പറയുമ്പോൾ, മേഘ പാളികളിൽ തട്ടി പ്രതിപലിച്ച് രാത്രിയുടെ ഹസ്തങ്ങളിലേക്ക് വഴുതി വീഴുന്നത് അല്പം വിഷമത്തോടെ ഞാൻ കണ്ടു നിന്നു.
രാവിലെ എട്ടരക്കു തുടങ്ങിയ തപസ്യ വൈകുന്നേരം അഞ്ച് മണിക്ക് തീരുമെങ്കിലും കമ്മേർഷ്യൽ മാനേജർ യാത്രയായതിന് ശേഷമാണ് ബാക്കി സ്റ്റാഫ് ഓരോരുത്തരായി സ്ഥലം വിടുന്നത്.
ബസ്സു കിട്ടാൻ സയണിലെ സെൻട്രൽ അവന്യൂ റോഡ് വരെ നടക്കണം.
പെട്ടന്നാണ് ആ ദൃശ്യം കണ്ണിൽ പെട്ടത്. ഒരു ചെറിയ ജനക്കൂട്ടം! അടുത്തു ചെന്നപ്പോൾ മനസ്സിലായി അവരെല്ലാവരും കൂടി താഴെ വീണു കിടക്കുന്ന ഒരാളെ ചവുട്ടി മെതിക്കുന്നു.
” ചോർ, ചോർ ” (കള്ളൻ, കള്ളൻ) എന്നും ” പോക്കറ്റ് മാർ ” (പോക്കറ്റടിക്കാരൻ ) എന്നും വിളിച്ചു പറയുന്നതും കേൾക്കാം.
പ്രതിരോധ ശേഷി നഷ്ടപ്പെട്ട അയാൾ നിസ്സഹായനായി കമിഴ്ന്ന് കിടക്കുകയാണ്. നോക്കി നിൽക്കാനല്ലാതെ വേറെ ഒന്നും എനിക്കു ചെയ്യാൻ പറ്റുമായിരുന്നില്ല.
താമസമുണ്ടായില്ല എവിടേ നിന്നോ ഒരു ഹവീൽദാർ (ബോംബെയിൽ പോലീസിനെ പറയുന്നതങ്ങിനെ) പ്രത്യക്ഷപ്പെട്ടു.
വന്ന വഴി കൈയിൽ ഇരുന്ന ദണ്ഡ് ചുഴറ്റി കൊണ്ട് ആക്രോശിച്ചു . ” സാലെ ബേൻxxxx (ഒരു മുഴുത്ത തെറി) ക്യാ ദേഘ് ത്താ ഹായ് . ഇദർ തേരാ മാ xxxx (വേറെ മുഴുത്തെ തെറി ) ഹെ ക്യാ ! “
“ചൽ സാലെ ഗർ ചൽ (പോ, വീട്ടിൽ പോ). “
“കോൻ മാരാ ഇസ് കൊ? (ഇദ്ദേഹത്തെ കൈ വച്ചത് ആർ)”.
“സബ് ചലോ. ഠാണാ ചൽ.” (പോലീസ് സ്റ്റേഷൻ വരെ വന്നാലും)
സ്നേഹ സംപുഷ്ടമായ ഈ ക്ഷണം കേട്ട പാതി കേൾക്കാത്ത പാതി ജനക്കൂട്ടം വെയിൽ കണ്ട മഞ്ഞു പോലെ അലിഞ്ഞു ഇല്ലാതായി.
കള്ളന്റെ കൈയും പിടിച്ച് ആ മാന്യ ദേഹം മുന്നോട്ട് നടന്നു.
ബാക്കിയുണ്ടായ ഏതാനും പേർ, ഞാൻ ഉൾപ്പെടെ, പിന്തുടർന്നു. വഴിക്ക് ഓരോരുത്തരായി കൊഴിഞ്ഞു പോയ്കൊണ്ടിരുന്നു. അവസാനം ഞാൻ മാത്രമായി.
ഇതിനിടെ കഥാനായകനും, കള്ളനും ഇടത് നടപ്പാത വിട്ട് റോഡിന്റെ നടുക്കുള്ള ഡിവൈഡറിലേക്ക് നീങ്ങി നടക്കുന്നുണ്ടായിരുന്നു.
കുറച്ചകലം വിട്ട് ഞാൻ പിൻതുടർന്നു. മാട്ടുംഗ വരെ എത്തിക്കാണണം.
കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
കുറച്ച് കഴിഞ്ഞപ്പോൾ പോലീസിന്റെ കൈ കള്ളന്റെ കൈയ്യിൽ നിന്നും വേർപ്പെടുന്നത് കണ്ടു. രണ്ടു പേരും കുറച്ചു ദൂരം ഒരുമിച്ച് നടന്നു.
പിന്നെ ഓരോരുത്തരും അവരവരുടെ വഴിക്ക് മാറി മാറി പോകുന്നത് ഞാൻ ശ്രദ്ധിച്ചു.
എല്ലാം ശുഭം.
(പിന്നീട് കൂട്ടുകാർ പറഞ്ഞറിഞ്ഞു. ഇത് ബോംബെയിലെ സ്ഥിരം കാഴ്ചയാണ്. പിടിക്കപ്പെടും എന്നുറപ്പായാൽ കള്ളൻ സ്വയം കമിഴ്‌ന്ന് കിടക്കും. ഭേദ്യം ചെയ്യലൊന്നും ദേഹത്തിലെ സുപ്രധാന ഭാഗങ്ങളെ ബാധിക്കില്ല എന്നും.
പോലീസും, ഇക്കൂട്ടരും തമ്മിലുള്ള അവിഹിത ‘ നെക്സസി’ നെ കുറിച്ചും)
———————-
Leave a comment