തെന്നാലിരാമൻ

രാജാവ് രാജവ്യാപകമായി ഒരു മത്സരം നടത്താൻ തീരുമാനിച്ചു.

മത്സരം ഇങ്ങിനെ:-

മത്സരാർത്ഥികൾക്ക് കൊട്ടാരത്തിൽ നിന്നും ഓരോ കുതിരയെ കൊടുക്കും. അവർ അതിനെ ഒരു മാസം പരിചരിക്കണം. വേണ്ട ചിലവുകൾ ദിനംപ്രതി കൊട്ടാരത്തിൽ നിന്നും ലഭിക്കും.

ഈ വിവരം രാജ്യം മുഴുവൻ ചെണ്ട കൊട്ടി അറിയിച്ചു.

കുതിരയെ വാങ്ങാൻ വൻതിരക്ക് അനുഭവപ്പെട്ടു. ഒട്ടേറേ പേർ ആദ്യത്തെ രണ്ടു നിരീക്ഷണങ്ങളിൽ തന്നെ പരാജയപ്പെട്ടു. ശേഷിച്ച ചുരുക്കം പേർക്ക് ഓരോ കുതിരയെ വീതം ലഭിച്ചു.

അതിൽ തെന്നാലിരാമനും കിട്ടി ഒരു കുതിരയെ !

രാമൻ കൃത്യമായി നിത്യവും കൊട്ടാരത്തിൽ എത്തി കുതിരക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഏറ്റുവാങ്ങും. അതിൽ ഒന്നും കുതിരക്കു കൊടുക്കാറില്ല. എല്ലാം മാർക്കറ്റിൽ വിറ്റഴിച്ച് സ്വന്തം ആവശ്യങ്ങൾ
നിറവേറ്റി കൊണ്ടിരുന്നു.

ദോഷം പറയരുതല്ലൊ?

കുതിരക്ക് എല്ലാ ദിവസവും കൃത്യം പത്തു മണിക്ക് ഒരു പിടി പുല്ല് കൊടുക്കും.

ക്രമേണ തെന്നാലി തടിച്ചും, കുതിര മെലിഞ്ഞും വന്നു.

അങ്ങിനെ ആ സുദിനവും വന്നു ചേർന്നു..

എല്ലാവരും അവരവരുടെ കുതിരകളുമായി രാവിലെ തന്നെ രാജകൊട്ടാരത്തിൽ ഹാജരായി.

തെന്നാലി വന്നതോ ഒറ്റക്കും!

ദിവാൻ ഓരോ കുതിരയേയും നേരിട്ട് കണ്ട് മാർക്കിട്ടു തുടങ്ങി.

തെന്നാ ലിയുടെ ഊഴമെത്തി.

“തൻറെ കുതിര എവിടെ ?”

“ദിവാൻജി, എൻറെ കുതിര ഇവിടെ നിന്ന് തന്ന ഭക്ഷണമെല്ലാം കഴിച്ചു വളരെ ശക്തി പ്രാപിച്ച് വീട്ടിലെ ലായത്തിൽ ഉണ്ട്. അവിടെ നിന്ന് ഇങ്ങോട്ട് എത്തിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ് . അങ്ങുന്ന് അവിടം വരെ ഒന്ന് വന്നാലും. നേരിട്ട് കണ്ട് മാർക്ക് ഇടാമല്ലൊ!”

മറ്റെല്ലാ കുതിരകളേയും കണ്ട് മാർക്ക് ഇട്ട ശേഷം ദിവാൻ
തെന്നാലിയുടെ വീട്ടിൽ എത്തി.

“എവിടെ കുതിര ?” ദിവാൻ അന്വേഷിച്ചു. “ഇതാ ആ ലായത്തിലുണ്ട്”

അടച്ചു പൂട്ടിയ മുറി ചൂണ്ടിക്കാട്ടി രാമൻ പറഞ്ഞു.

പുല്ലു കൊടുക്കാനുള്ള ദ്വാരമൊഴികെ വേറെ വാതിലുകളൊന്നും ആ മുറിക്ക് ഉണ്ടായിരുന്നില്ല.

ദിവാൻ കുതിരയെ കാണാൻ തല ആ ദ്വാരം വഴി അകത്തേക്ക് ഇട്ടു.

ദിവാൻറെ നീണ്ട താടിയായിരുന്നു ആദ്യം ഇട്ടത്.

തൻറെ ദിനം തോറും ഉള്ള പുല്ലായിരിക്കും എന്ന് കുതിര കരുതിക്കാണണം.

കണ്ടവഴിക്ക് കുതിര ദീവാൻ്റ താടിമീശ കയറി
പിടിച്ചു വലിക്കാൻ തുടങ്ങി. വേദന സഹിച്ച് ദീവാൻ തൻ്റെ താടി പുറത്തോട്ട് വലിച്ചു.

തനിക്ക് ആകെയുള്ള റേഷൻ പുല്ല് കൈവിട്ടു പോകുo എന്ന വേവലാതിയിൽ കുതിരയും വിട്ടു കൊടുത്തില്ല.

കുതിര അകത്തോട്ടും, ദിവാൻ പുറത്തോട്ടും !

എന്തായാലും ദിവാൻ വിജയിച്ചു. താടി കുറച്ചൊക്കെ പോയി എന്നാലും!!!

“കുതിര അതിബലവാൻ തന്നെ .മറെറല്ലാ കുതിരകളേക്കാൾ യോഗ്യൻ .”

വേദനിക്കുന്ന താടി തടവിക്കൊണ്ട്
അദ്ദേഹം രാജാവിന് റിപ്പോർട്ട് സമർപ്പിച്ചു.

അങ്ങിനെ തെന്നാലിരാമൻ രാജഹസ്തത്തിൽ തിന്നും ട്രോഫി യും മറ്റു സമ്മാനങ്ങളും എറ്റു വാങ്ങി.

മാത്രമല്ല മന്ത്രിമാരോടൊപ്പം രാജസദസ്സിൽ ഇരിക്കാനുള്ള അവകാശവും!

Comments

Leave a comment