പാമർ സായിപ്പും കുതിരയും

പാമർ സായിപ്പ് ഒരു ലുബ്ദനും, നിരീശ്വരവാദിയും, അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവനും ആയിരുന്നു. ഗ്യാസിൻറെ പ്രശ്നം അദ്ദേഹത്തെ വല്ലാതെ അലട്ടിക്കൊണ്ടും ഇരുന്നു. കുതിരപ്പുറത്ത് അങ്ങേർ പോകുമ്പോഴൊക്കെ ഈ പ്രശ്നം ഉണ്ടാകും. കുതിരക്ക് അതൊരു ചിരപരിചിത ശബ്ദം മാത്രം ആയിരുന്നു.  

ആയിടക്കാണ് എതിർ രാജ്യവും ആയി ഒരു യുദ്ധം പൊട്ടി പുറപ്പെടുന്നത്. യുദ്ധത്തിൽ സജീവമായി അദ്ദേഹം പങ്കെടുത്തു.  

എന്തിന് പറയുന്നു, എതൃകക്ഷി ജയിച്ചു കൊണ്ടിരുന്നു. യുദ്ധമുഖത്ത് വെടിയുണ്ടകളുടെ ശബ്ദം അടുത്തടുത്ത് വന്നു. ഇത് കേട്ടു ഭയന്ന് കുതിരപ്പട തിരിച്ചോടാൻ തുടങ്ങി. കാലാൾ പടക്ക് സഹായമില്ലാത്ത ഗതി വരും എന്നായി. ചിരപരിചിതമായ ശബ്ദം കേട്ട് പാമർ സായിപ്പിൻറെ കുതിരക്കു മാത്രം ഒരു വിഷമവും ഉണ്ടായില്ല. അടി പതറാതെ നേരെ മുന്നോട്ട്. വെടി ഉതിർത്തുകൊണ്ട് സായിപ്പ് കുതിരപ്പുറത്തും.  

ഇത് കണ്ട് എതിർ സൈന്യം അമ്പരന്നു. ഒരാൾ ഇപ്രകാരമെങ്കിൽ ബാക്കി സൈന്യം എങ്ങിനെ എന്നു ആലോചിച്ചു അവർ വിറച്ചു. ഒട്ടും താമസിച്ചില്ല. അവർ യുദ്ധം ഉപേക്ഷിച്ച് തിരിച്ചു ഓടാൻ തുടങ്ങി.  

അദ്ദേഹം മരിച്ചപ്പോൾ സ്വർഗ്ഗ ലോകത്തിൻറെ വാതിൽക്കൽ എത്തി. പേർലി ഗേറ്റിൻറെ കാവൽക്കാരനായ സെൻ്റ് പീറ്റർ നന്മ/തിന്മകളുടെ പുസ്തകം തുറന്നു.

തിന്മകളുടെ പുസ്തകത്തിൽ ഒന്നാം പേജിൽ ഒന്നാമതായി ഇതാ പാമർ സായിപ്പിൻറെ പേര് .

“മറ്റെ വാതിൽ” നരകത്തിൻറെ വാതിൽ ചൂണ്ടിക്കാണിച്ച് സെൻറ് പീറ്റർ പറഞ്ഞു.  

“ഇപ്പൊ പോകാം. എൻ്റെ തൊപ്പി ഒന്ന് എടുത്തോട്ടേ! “

ഇതിനിടെ ആരും ശ്രദ്ധിക്കാത്ത സമയത്ത് സായിപ്പ് തൻ്റെ തൊപ്പി, തുറന്നു കിടന്ന “പേർലി ഗേറ്റി”നുള്ളിലേക്ക് വലിച്ചെറിഞ്ഞിരുന്നു. പാപിയുടെ തൊപ്പി ആര് എടുത്തു കൊടുക്കും? സ്വർഗ്ഗത്തിനുള്ളിലെ വിശുദ്ധന്മാരും മാലാഖമാരും അത് തൊടാൻ പോലും വിസമ്മതിച്ചു. സെൻറ് പീറ്റർ ധർമ്മ സങ്കടത്തിലായി.  

തൊപ്പി വേണം എന്ന സായിപ്പിൻറെ ആവശ്യം ന്യായം. പാപിയുടെ തൊപ്പി തൊടാൻ പറ്റില്ലെന്ന വിശുദ്ധന്മാരുടേയും, മാലാഖമാരുടേയും നിലപാടും ന്യായം.  

ഉന്നതങ്ങളിൽ അറിഞ്ഞാൽ തൻ്റെ വിശുദ്ധ പദവി തെറിച്ചത് തന്നെ.  

“വേഗം എടുത്ത് ഓടി പോന്നോളണം” എന്ന ശാസനയോടെ പാമർ സായിപ്പിനെ അകത്തേക്ക് പ്രവേശിപ്പിച്ചു.  

ശേഷം ചിന്ത്യം !!!  

Comments

Leave a comment