ഒറ്റയാൻ

ഞാൻ ഇരുന്നിരുന്നത് “aisle” ന് വശത്തുള്ള ഒറ്റ സീറ്റിലായിരുന്നു. മദ്രാസിൽ (ഇന്നത്തെ ചെന്നയിൽ) നിന്നും പുറപ്പെട്ട ട്രെയിൻ ആർക്കോണത്തെത്തുമ്പോൾ സമയം വൈകുന്നേരം ഏകദേശം അഞ്ച് മണി കഴിഞ്ഞിരിക്കുന്നു.

അവിടെ നിന്ന് നാലഞ്ചു പേർ ഞങ്ങളുടെ റിസർവ്വ്ഡ് കമ്പാർട്ട് മെന്റിലേക്ക് തള്ളിക്കയറി. ഞങ്ങൾ യാത്രക്കാരുടെ എതിർപ്പുകൾക്ക് പുല്ലു വില പോലും കൽപ്പിക്കാതെ.

വണ്ടി യഥാസമയം സ്റ്റേഷൻ വിട്ടു യാത്രയായി . താമസംവിന എല്ലാവരും അടങ്ങി; ഒരാൾ ഒഴികെ. മനസ്സിലാക്കാം അയാളും, അയാളുടെ ഫാമിലിയും ഇരുന്നിരുന്ന”ബേ” യിലേക്ക് ഒന്ന് രണ്ടാളുകൾ തള്ളി കയറി നിന്നിരുന്നു.  

ഇതിനിടെ ടിക്കറ്റ് എക്സാമിനർ കടന്ന് പോയി. ഇതൊന്നും കണ്ട ഭാവമെ ഇല്ലാതെ.  

അടുത്ത സ്റ്റേഷൻ “കാട്ട്പാടി ” ആണെന്ന് തോന്നുന്നു. കേറ്റ്റിങ്ങ് സ്റ്റേഷൻ.  

ഭക്ഷണം സ്റ്റീൽ ട്രേയിൽ മൂടി അടുക്ക് അടുക്കായി പ്ലാറ്റ്ഫോമിൽ നിരത്തി വെച്ചിരിക്കുന്നു. ട്രെയിൻ നിറുത്തിയ ഉടനെ തന്നെ അവയെല്ലാം ഓർഡർ അനുസരിച്ച് അതാത് കമ്പാർട്ട്മെന്റ് വാതിലിനുള്ളി ലേക്ക് കയറ്റി വെച്ചു കൊണ്ടിരുന്നു.  

വളരെ പെട്ടന്നാണ് അതുണ്ടായത്. ഇറങ്ങി പോയ നാലുപേർ ഇതാ മടങ്ങിവരുന്നു. കൂടെ വേറെ നാലഞ്ചു പേരും. അതിൽ മൂന്നാളുകൾ വാതിലിന് സമീപം കാവൽ .  

സ്പോടനജനകമായ അന്തരീക്ഷം. ആരും ഒന്നും മിണ്ടുന്നില്ല. അവർ, നേരത്തെ വഴക്കു കൂടിയ ആൾ ഇരിക്കുന്ന “ബേ” യ്ക്ക് മുന്നിലെത്തി.

നേരത്തെ സൂചിപ്പിച്ച സ്റ്റീൽ ട്രേകളും കൈയ്യിൽ ഉണ്ട് . ട്രേകളിലെ ഭക്ഷണമെല്ലാം കമ്പാർട്ട്മെന്റിൽ ചിതറി കിടക്കുന്നു. ” അവ എല്ലാം ഇരിക്ക കൂടാത്, മുടിച്ചിടുങ്കോ ” എന്ന് ആക്രോശിച്ചു കൊണ്ട് അവർ കയ്യിൽ ഉള്ള സ്റ്റീൽ ടേ ചരിച്ച് പിടിച്ച് അയാളെ ആക്രമിക്കാൻ തുടങ്ങി. “വെളിയിലെ തൂക്കി പോടുങ്കോ ” എന്നും പറഞ്ഞു കൊണ്ട് അയാളെ കൈ പിടിച്ച് വലിച്ച് കമ്പാർട്ട്മെന്റിന് പുറത്തേക്ക് വലിച്ചിറക്കാനുള്ള ശ്രമമായി പിന്നെ . ” ബേ ” യിൽ ജനലറ്റത്ത് ഇരുന്നിരുന്ന അയാളെ പിടിച്ചു വലിച്ചു വാതിലിലേക്ക് നീങ്ങാൻ “aisle” ലേക്കെത്തിച്ചു. ” ട്രേ” പ്രയോഗം മുറക്ക് നടക്കുന്നുണ്ടായിരുന്നു.  

അവരുടെ ശ്രമം ഏതാണ്ട് വിജയിച്ചു എന്ന് പറയാം.  

വാതിലിലേക്കെത്താൻ ഞാൻ ഇരുന്നിരുന്നിടവും കടന്ന് പോകണം.  

അപകടം മണത്തറിഞ്ഞ ഞാൻ അത് സംഭവിക്കാതിരിക്കാൻ എന്തു വേണം എന്ന് ആലോചിക്കാനുള്ള സാവകാശം പോലും ഉണ്ടായിരുന്നില്ല. “റിഫ്ലക്സ് ആക്ഷൻ” ആയി ഒരു വിധം ബലിഷ്ഠമായ എന്റെ വലത് കൈ നീട്ടി “aisle ” ന്റെ മറുവശത്ത് മുകളിലെ “ബർത്തി ” ലേക്ക് കയറുവാനുള്ള കോണി തണ്ടിൽ ബലമായി പിടിച്ചു. അപ്പോഴേക്കും തീവണ്ടി നീങ്ങി തുടങ്ങിയിരുന്നു.  

അയാളെ പുറത്തിറക്കാൻ എന്നെ മറി കടന്ന് പോകണമായിരുന്നു. എന്റെ കൈ അത് ഫലപ്രദമായി തടഞ്ഞു. കൈ വിടീക്കാൻ അതിലൊരാൾ ” ട്രേ” പ്രയോഗം എന്റെ കൈ തണ്ടയിലും നടത്തി. ഞാൻ വിട്ടു കൊടുത്തില്ല.  

പന്തിയല്ല എന്ന് മനസ്സിലാക്കിയ അവർ അയാളെ വിട്ട് രക്ഷപ്പെടാൻ ഉള്ള ശ്രമമായി. അയാളെ വിട്ടപ്പോൾ ഞാൻ എന്റെ കൈയും മാറ്റി. ക്ഷണനേരം കൊണ്ട് രംഗം ശാന്തമായി.  

അയാൾ സീറ്റിലേക്ക് മടങ്ങി.  

കൈ കൂപ്പി കൊണ്ട് അയാൾ എന്നെ നോക്കി. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നു.  

കമ്പാർട്ട്മെന്റിന് പുറത്തെങ്ങാൻ പെട്ടിരുന്നെങ്കിൽ !

പേരും ഊരും അറിയാത്ത സുഹൃത്തേ, താങ്കക്ക് നന്മകൾ നേരുന്നു.

Comments

Leave a comment