അത്ഭുതകന്യകയും, അന്തിമാളൻ കാവും.
അങ്ങകലെ എവിടെയോ കുറുക്കന്മാർ ഓരിയിടുന്നത് കേൾക്കാം. കക്കാടോ, വെട്ടിക്കടവിലോ എന്ന് തീർച്ചയില്ല ! അതിൽ പ്രചോദനം ഉൾക്കൊണ്ട് വീട്ടിലെ നായ്ക്കളും ശ്രമിച്ചു നോക്കി ക്കൊണ്ടിരുന്നു.
വൈദ്യുതി ഇല്ലാതിരുന്ന ആ കാലം. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഉറക്കത്തെ തടഞ്ഞ് ഹോം വർക്ക് ചെയ്യാൻ ശ്രമിച്ച് ഫലം കാണാതെ, ഭൂത-പ്രേതാദികളുടേയും, ഒറ്റിലിച്ചി ഒടിയന്മാരുടേയും സങ്കൽപ ചിത്രങ്ങൾ മനസ്സിൽ വരച്ച് പേടിച്ച് വിറച്ച് ഇരിക്കുകയായിരുന്നു.
”അത്ഭുത കന്യക”
പാറേമൽ അച്ഛന്റെ വീട്ടിൽ “അത്ഭുത കന്യക” എത്തിയിട്ടുണ്ട് എന്ന വിവരം കാട്ടുതീ പോലെ അവിടെയെല്ലാം പരന്നു.
സ്കൂളിന്റെ അടുത്താണ് അച്ചൻറെ വീട്. ഉച്ചക്ക് ആദ്യത്തെ പീരിയഡ് കഴിഞ്ഞ് ഒറ്റ ബെല്ലടിച്ചപ്പോൾ ഞങ്ങൾ ഒരു ഗ്രൂപ്പ് അച്ചൻറെ വീട്ടിലേക്ക് വെച്ചു പിടിച്ചു. അവിടെ എത്തിയപ്പോൾ ഏതാനും പേർ നേരത്തെ തന്നെ അവിടെ സന്നിഹിതരായിരുന്നു. കൃത്യം മൂന്നു മണിക്ക് വെളുത്ത സാരിയുടത്ത് കൃശഗാത്രിയും സുന്ദരിയുമായ ഒരു യുവതി പിൻവാതിൽ വഴി വീട്ടിൻ്റ വരാന്തയിൽ എത്തി.
സൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത.
അവർ അവിടെ കൂടി നിന്നവർക്ക് അഭിമുഖമായി നിലയുറപ്പിച്ചു. വളരെ സാവധാനം മാറിടത്തിൽ നിന്ന് സാരി അല്പം പൊക്കി. അവിടെ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു.
യേശുകൃസ്തുവിൻറെ തിരുമുറിവുകളിൽ ഒന്നായിരുന്നു ആ സ്ഥാനം.
തുടർന്ന്, സാരി അൽപ്പം പൊക്കി പാദത്തിൽ തിന്നും രക്തം കിനിയുന്നതും ഞങ്ങൾ കണ്ടു.
ഇത്രയും കഴിഞ്ഞപ്പോൾ അവർ വീട്ടിനകത്തേക്ക് കയറിപ്പോയി.
അല്പം കുശകു ശുപ്പു കഴിഞ്ഞ് ഞങ്ങളും പിരിഞ്ഞു പോയി.
അതിനടുത്ത ദിവസം വേറൊരു വാർത്ത കേട്ടു. കുന്നംകുളത്തെ ഒരു പ്രമുഖ വീട്ടിലെ അവകാശി ഭ്രാന്തിൻ്റ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.
നല്ല പോലെ മദ്യപിക്കുമായിരുന്ന അങ്ങേർക്ക് കൂടുതലായപ്പോൾ ചങ്ങലക്ക് ഇടേണ്ട ഘട്ടം വരെ എത്തി എന്നു പറഞ്ഞാൽ മതിയല്ലോ!
ആ വീട്ടുകാർ “അത്ഭുതകന്യക”യെ തേടി പാറേമൽ അച്ഛന്റെ വീട്ടിൽ വന്നു. ആ ശനിയാഴ്ച അവർ മേൽ പറഞ്ഞ വീട്ടിൽ എത്തി.
അന്ന് വൈകുന്നേരം, അവരുടെ നിർദ്ദേശപ്രകാരം, വീട് നിൽക്കുന്ന പറമ്പിൻ റെ തെക്ക് പടിത്താറെ മൂലയിൽ കൂലിക്കാർ ആറടി താഴ്ചയും, മൂന്നടി x മൂന്നടി നീളവും വീതിയുമുള്ള ഒരു കുഴി എടുത്തു.
രാത്രി പന്ത്രണ്ട് മണി
എല്ലാവരും സുഖഷുപ്തിയിൽ ആണ്ട സമയം. ശുഭ്രവസ്ത്രം ധരിച്ച് നിശബ്ദയായി, ഏകാന്തയായി ഇതാ “അത്ഭുതകന്യക” കുഴിക്കരികിലേക്ക് നടന്നടുക്കുന്നു. ചുറ്റുപാടും ശ്മശാന മൂകത.
അത്ഭുതം തന്നെ!
അവർ കുഴിക്കു മുകളിൽ നിൽക്കുന്നു. എന്നിട്ട് വളരെ സാവധാനം താഴോട്ട് നീങ്ങുന്നു. ഒരു ലിഫ്റ്റ് പോലെ! അടുത്ത നിമിഷം, അവർ പൂർണ്ണമായി അപ്രത്യക്ഷയാകുന്നു.
ഉദ്വേഗത്തിൻറെ നിമിഷങ്ങൾ.
ഏതാണ്ട് രണ്ടു മിനിറ്റ് കഴിഞ്ഞു കാണും, അപ്രത്യക്ഷയായ പോലെ ക്രമേണ അവർ മേലോട്ട് പൊങ്ങി വന്നു.
കയ്യിൽ എന്തോ ഒന്ന് മുറുകെ പിടിച്ചിട്ടുണ്ട്. അതും പിടിച്ച് അവർ വീട്ടിലോട്ട് നടന്നു നീങ്ങുന്നു.
പിന്നെയാണ് മനസിലായത്, അവർ കൈയിൽ പിടിച്ചിരുന്നത് ‘പട്ട’ എന്ന ഒരു വസ്തുവായിരുന്നു. എപ്പോഴോ, ആരോ ആഭിചാരം ചെയ് കുഴിച്ചുമൂടിയ വസ്തു.
എന്തായാലും അവർ അത് കയ്യോടെ കത്തിച്ചു കളഞ്ഞു
പിറേറ ദിവസം മുതൽ നമ്മുടെ കഥാപുരുഷൻറെ മദ്യപാനാസക്തി കുറഞ്ഞുവരികയും, ഭ്രാന്തിൻറെ ലക്ഷണങ്ങൾ തീരെ അപ്രത്യക്ഷമാകുകയും ചെയ്തു.
(പ്രസ്തുത വീടിന്റെ എതിർവശം, റോഡിൻറെ മറുവശത്തായി ഒരു പെന്തിക്കോസ്താ ഹാളുണ്ട്. അവിടെ പ്രഭാഷണത്തിനെത്തിയ ചിലർ സന്ദർഭവശാൽ രാത്രി അവിടെ തങ്ങുകയും, മേൽ വിവരിച്ചതിനെല്ലാം സാക്ഷിയാകുവാൻ ഇടവരുകയും ചെയ്തു)
“അന്തിമാളൻ കാവ് “
പിൽക്കാലത്ത് പള്ളിയായി തീർന്ന ഒരു ഹൈന്ദവ ദേവാലയമായിരുന്നു, കുന്നംകുളം തെക്കെ അങ്ങാടി കുരിശു പള്ളി.
ഗീവർഗ്ഗീസ് സഹദയുടെ നാമത്തിൽ സമർപ്പിച്ച പള്ളിയാണിത്. വൈദികന്മാർക്ക്’ റൊട്ടേഷൻ’ അടിസ്ഥാനത്തിലായിരുന്നു വി.കുർബ്ബാന അർപ്പിക്കുവാൻ അവസരം ലഭിക്കുക. ആ ആഴ്ച മേൽ പറഞ്ഞ പാറേമൽ അച്ചൻറെ വിഹിതമായിരുന്നു.
കുർബ്ബാന കഴിഞ്ഞ് അച്ചൻ വിശ്രമിക്കുന്ന സമയം.
ഏതാനും ആളുകൾ കൂടി മുഴു ഭ്രാന്തിൻറെ ലക്ഷണങ്ങൾ കാണിക്കുന്ന ഒരാളെ പള്ളിയിലേക്ക് കൊണ്ടുവന്നു.
അച്ചന് ഒറ്റ നോട്ടത്തിൽ തന്നെ പ്രശ്നം ഒരു ബാധയാണെന്ന് മനസ്സിലായി.
വാഴയില തണ്ട് കൊണ്ട് അച്ചൻ വാഴ്ത്തിയ വിശുദ്ധ ജലം അയാളുടെ മേൽ തെളിച്ചു കൊണ്ട് ആജ്ഞാപിച്ചു: “സാത്താനെ, കുരിശിൽ ജീവത്യാഗം ചെയ്ത യേശുകൃസ്തുവിൻറ നാമത്തിൽ ഞാൻ ആജ്ഞാപിക്കുന്നു ഈ വിശ്വാസിയുടെ ശരീരം ഈ നിമിഷം വിട്ടുപോ!”
അങ്ങിനെ മൂന്നു പ്രാവശ്യം കൽപ്പിച്ചു.
അയാളിൽ പ്രകടമായ വ്യത്യാസം കാണാമായിരുന്നു.
“അച്ചാ, എനിക്കച്ചനെ നല്ലപോല അറിയാം. ഇങ്ങനെ കൽപ്പിക്കാൻ തക്കവണ്ണം അത്ര ശുദ്ധനൊന്നും അല്ലെന്നും എനിക്കറിയാം. പക്ഷെ അങ്ങയുടെ പിന്നിൽ നിൽക്കുന്ന വിശുദ്ധനെ എനിക്ക് ബഹുമാനമാണ്, ഒരു പരിധി വരെ ഭയവും ആണ്. അതുകൊണ്ട് ഞാൻ ഇപ്പോൾ തന്നെ ഒഴിഞ്ഞു പൊയ്കൊള്ളാം.”
” നിൽക്കു. നീ പോയി എന്നതിന് എന്താണ് എനിക്ക് ഉറപ്പ്. ഒരു ലക്ഷണവും കാണാതെ ”
‘ടെ,’ ‘ടെ’, ‘ടെ’ എന്ന് ചാട്ടവാറുകൊണ്ട് അടിക്കുന്ന ശബ്ദം കേൾക്കാം.
ഓരോ അടി ശബ്ദത്തിനും അയാൾ പുളയുകയും ചെയ്തു കൊണ്ടിരുന്നു. മാത്രമല്ല, അയാളുടെ ഇടത് കൈ തണ്ടയിൽ വണം എന്ന്തോന്നിക്കുന്ന ഒരു രൂപ വട്ടത്തിലുള്ള മൂന്ന് അടയാളംപ്രത്യക്ഷപ്പെടുകയും ചെയ്തു.
ബോധം കെട്ടു വീണ അയാൾക്ക് പിന്നീട് ഒരു അസുഖവും ഉണ്ടായതും ഇല്ല !!
Leave a comment