ഒരു എഞ്ചിനീയർ മരിച്ച് പേർളി ഗേറ്റിൽ എത്തി.
പതിവുപോലെ സെൻ്റ് പീറ്റർ സ്വർഗ്ഗ- നരക പ്രവേശന ലെഡ്‌ജർ എടുത്തു.
മുഴുവൻ തപ്പി നോക്കിയിട്ടും അതിൽ എവിടെയും എഞ്ചിനീയറുടെ പേര് കാണ്മാനില്ല.
അദ്ദേഹം വേഗം ലൂസിഫറുമായി ‘ഹോട്ട് ലൈനിൽ ‘ ബന്ധപ്പെട്ട് വിവരം ചർച്ച ചെയ്തു. “ഇങ്ങോട്ട് വിട്ടയക്ക്, ഇവിടെ അങ്ങിനെ പുസ്തകവും, കണക്കും ഒന്നുമില്ല.”
ഉടനെ സെൻറ് പീറ്റർ എഞ്ചിനീയറെ അങ്ങോട്ട് പറഞ്ഞയച്ചു.
നരകത്തിൽ നിന്നുള്ള കരച്ചിലും, ആർപ്പു വിളികളും കേൾക്കാമായിരുന്നു.
ലൂസിഫറിൻറെ സ്വീകരണം ഹാർദ്ദവമായി രുന്നു.
ചെക്ക് പോസ്റ്റ് കടന്നപ്പോൾ മട്ടുമാറി.
മറ്റു പിശാചുങ്ങളെ വിളിച്ച് പറഞ്ഞു “എല്ലാം പതിവുപോലെ ”
അവർ ആദ്യമെ എഞ്ചിനീയറെ തിളക്കുന്ന എണ്ണയിൽ മുക്കി. വേദന കൊണ്ട് പുളഞ്ഞ് അത്യുച്ചത്തിൽ കരയാൻ തുടങ്ങി. ഒരു വടി കൊണ്ട് അയാളെ ഇളക്കി കൊണ്ടിരുന്നു.
പിന്നെ പുറത്തെടുത്ത് ദേഹമാസകലം കത്തി കൊണ്ട് വരഞ്ഞ് മുളക് തേച്ചു.
ഇതെല്ലാം സൂപ്പർവൈസ് ചെയ്യാൻ ലൂസിഫർ എത്തി.
ലൂസിഫറെ കണ്ടപ്പോൾ എഞ്ചിനീയർ ചിരിച്ചു കൊണ്ട് പറഞ്ഞു “നിങ്ങൾ ഇപ്പോഴും പഴയ രീതിയിൽ തന്നെ ആണല്ലോ. സാങ്കേതിക വിദ്യ എത്രയോ മുന്നോട്ട് പോയി. കഷ്ടം തന്നെ! പിശാചുക്കൾ എത്ര കഷ്ടപ്പെടുന്നു. അവരുടെ വേതനമോ എത്ര തുഛം ” എഞ്ചിനീയറുടെ ഉപദേശം കേട്ട് ലൂസിഫർ വേണ്ട പരിഷ്കാരങ്ങൾ നടത്തി.
എണ്ണ തിളപ്പിക്കാൻ ഗ്യാസ് സ്റ്റോവ് ഉപയോഗിക്കാൻ തുടങ്ങി. പുക ശല്യം കുറഞ്ഞത് കൊണ്ട് ചെകുത്താന്മാരുടെ തുമ്മലും ചീറ്റലും അപ്രത്യക്ഷമായി. ഇളക്കാൻ മെക്കാനിക്കൽ സ്റ്റിറർ ആക്കി. ചെകുത്താന്മാരുടെ ജോലിഭാരം വളരെ കുറഞ്ഞു.
മുളക് പൊടി പുരട്ടാൻ ന്യൂമാറ്റിക്ക് സ്പ്രെയർ ഉം വരയാൻ ഓട്ടമാറ്റിക്ക് കട്ടറും ആക്കി. നരകത്തീയിൽ തന്നെ പാചകം ചെയ്യുന്ന രീതി ഉപേക്ഷിച്ചു; ഇൻഡസ്റ്റ്റിയൽ ഗ്യാസും, ഡൊമസ്റ്റിക്ക് ഗ്യാസും വേറെ വേറെ ആക്കി.
ഒരു എയർ കണ്ടീഷൻഡ് മുറിയും സജ്ജീകരിച്ചു. വിശ്രമ സമയത്ത് ഉപയോഗിക്കാൻ നാലു ഇനം വിദേശ മദ്യവും ലഭ്യമാക്കി. ടി വി യും എട്ടു ചാനൽ മ്യൂസിക്കും ആർക്കും ഉപയോഗിക്കാം എന്നാക്കി. എന്തിന് പറയുന്നു –
നരകാന്തരീക്ഷം തന്നെ മാറി മറിഞ്ഞു. പണ്ടത്തെ മ്ലാനമായ ചുറ്റുപാടെല്ലാം മാറി. എങ്ങും ഒരു ആഘോഷ ഛായ.
ഗബ്രിയേൽ മാലാഖ തൻറെ പ്രതിമാസ സന്ദർശനത്തിനായി എത്തി. നരക വാതിലിൻറെ മൂടി തുറന്നു.
അവിടത്തെ കാഴ്ച കണ്ട് അദ്ദേഹം ഞെട്ടിത്തരിച്ചു.
വേദനയും നീറ്റലും അനുഭവിച്ച് കൂവി കരയേണ്ട പാപികൾ ഇതാ ചിരിച്ചും സന്തോഷിച്ചും എല്ലാ പീഢനങ്ങളും സഹിക്കുന്നു.
അദ്ദേഹം ഉടനെ സെൻ്റ് പീറ്ററിന്റ റിപ്പോർട്ട് ട്രിപ്ലിക്കേറ്റിൽ സമർപ്പിച്ചു. അദ്ദേഹം അത് കൌണ്ടർ സൈൻ ചെയ്ത് ചാര സംഘടനയായ എച്ച്.എച്ച്.എസ് എസ് (ഹെവൻ. ഹെൽ. സീക്രട്ട് സർവീസ്) ന് ഫോർവേർഡ് ചെയ്തു.
താമസിയാതെ റിപ്പോർട്ട് വന്നു.
ഇവിടെ നിന്ന് പറഞ്ഞയച്ച എഞ്ചിനീയർ ആണ് അതിൻറെ മൂലകാരണം എന്ന് വിശദീകരിച്ചു കൊണ്ട്
സെൻ്റ് പീറ്റർ ലൂസിഫറിനെ ഹോട്ട് ലൈനിൻ വിളിച്ചു . സൌമ്യനായി അദ്ദേഹം വിഷയം വ്യക്തമാക്കി. “ഇവിടത്തെ ലാപ്ടോപ്പിന് പറ്റിയ എററർ ആണ്. എഞ്ചിനീയുടെ പേര് തൊണ്ണൂറ്റി മൂന്നാമതായി ലിസ്റ്റിൽ ഉണ്ടായിരുന്നു. സാരമില്ല, അദ്ദേഹത്തെ മടക്കി അയച്ചേക്ക്. നിങ്ങൾക്കുണ്ടായ ചിലവുകൾക്ക് ഒരു ഡെബിറ്റ് നോട്ട് അയച്ചാലും, ഞങ്ങൾ വക വെച്ച് തരാം.”
ലൂസിഫർ തീരെ വഴങ്ങിയില്ല.
പറഞ്ഞു പറഞ്ഞ് വഴക്കിലേക്ക് എത്തുന്ന വരെ ആയി.
സെൻ പീറ്റർ കർക്കശ സ്വരത്തിൽ പറഞ്ഞു. “ഞങ്ങൾ നിങ്ങൾക്ക് ഒരു വക്കീൽ നോട്ടീസ് അയക്കേണ്ടി വരും ”
” തമാശ പറയാതെ എൻറെ പീറ്റർ സെയ്ൻ റേ,
അതിന് നിങ്ങൾക്ക് ഒരു വക്കീലിനെ കിട്ടണ്ടേ ! വക്കീൽ ആയ വക്കീൽ ഒക്കെ എൻറെ കസ്റ്റടിയിൽ ഇവിടെ ഉണ്ടല്ലോ!”
Leave a comment