മേയ് 21, 1967- ഞെട്ടലോടെ ഞാൻ ഓർക്കുന്ന ആ രാത്രി. ഇന്നേക്ക് നീണ്ട 46 വർഷങ്ങൾക്ക മുൻപ !!!
കെ.ആർ.ഇ.സി. സൂരത്ത്ക്കലിൽ (ഇന്നത്തെ എൻ.ഐ റ്റി. -മംഗലാപുരം അടുത്ത്) അവസാന വർഷ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പരീക്ഷ കഴിഞ്ഞ് കുന്നംകുളത്തെ വീട്ടിലെത്തി ഭാവിയെക്കുറിച്ച് വർണ്ണശഭലമായ സ്വപ്‌നങ്ങൾ നെയ്‌ത് അപ്പച്ചനമ്മ സോദര സോദരി മാരോടൊപ്പം ഉണ്ടുറങ്ങിയിരിക്കുന്ന കാലം. ജോലിയൊന്നും ഇല്ലാത്തതിനാൽ “ലീവെ” ടുത്ത് വീട്ടിൽ മടിച്ചിരിക്കേണ്ട ആവശ്യം ഉദിക്കുന്നേ ഇല്ല. (മോഹൻലാലിനേട് കടപ്പാട്)
23 വയസ്സ്- സ്വനങ്ങളെ യാഥാർഥ്യ ബോധത്തോടെ ഉൾക്കൊള്ളാൻ മടിക്കുന്ന പ്രായം. എമ്പാടും കാര്യങ്ങൾ ചെയ്യാനുണ്ടെന്ന ഒരു ഉൾവിളി മാത്രം ബാക്കി. ഉപരിപഠനത്തെ കുറിച്ച് ‘സീരിയസ’ായി ചിന്തിച്ചു. അന്നത്തെ ‘ഗ്ളാമറായ എം.ബി.എം ന ശ്രമിച്ചാലൊ? ശ്രമിച്ചു. അന്നൊന്നും ഈ ഡിഗ്രി തരുന്ന സ്ഥാപനങ്ങൾ അധികമില്ല. ഐ.ഐ.എം. ബാംഗ്ളൂരിൽ നിന്നും കത്ത് വന്നു : എഴുത്ത് പരീക്ഷക്കായി! തിരുവനന്തപുരം മുതൽ റെയിൽ പാത ഉണ്ടെങ്കിലും, എറണാകുളം വരെ ‘മീറ്റർ ഗേജും’ തുടർന്ന് ‘ബ്രോഡ് ഗേജും’ ആയതിനാൽ ബാംഗ്ളൂർക്കുള്ള ഒരേ ഒരു ” തീവണ്ടിയായ ‘ഐലൻറ് എക്‌സ്പ്രസ്സ്’ ആയതിൻ്റെ പേരിന ഉപോൽഫലകമായ കൊച്ചിയിലെ “ഐലൻറിൽ’ നിന്നും പുറപ്പെടുന്നു. മൂന്നാം ക്ലാസ്സ് റിസർവേഷ നില്ലാത്ത കാലം. എറണാകുളത്തുള്ള പോർട്ടർമാരിൽ ചിലർ ഒരു ‘ഫീസി’ നു ഐലണ്ടുവരെ പോയി ലഗ്ഗേജ്റാക്കിൽ ‘തുണിവിരി’ റിസർവേഷൻ നടത്തുന്ന പതിവും അന്നുണ്ടായിരുന്നു.
തൃശൂർക്കാരുടെ കാര്യം കഷ്ടം തന്നെ! പിന്നെ സ്ത്രീ കമ്പാർട്ട്മെൻ്റാഴികെ മറ്റു മൂന്നാം ക്ളാസ കമ്പാർട്ട്മെൻറുകളുടെ ജനാലകൾക്ക് അഴികളേ ഇല്ല എന്നത് കൊണ്ട് ഈ ‘കണ്ടീഷനിൽ’ അവയെക്കൂടി വാതായനങ്ങളായി പൊതുജനം കണ്ടതിന അവരെ തെറ്റ പറയാമൊ?
അങ്ങിനെ ബാംഗ്ളൂർ!
ഇന്നത്തെ ബങ്കളുരും അന്നത്തേ ബാംഗ്ളൂർ -ഉം തമ്മിൽ മറ്റ് എല്ലാ സ്ഥലങ്ങളേയും പോലെ അജഗജാന്തരം.
എൻറെ സീനിയർ, ഐ.ഐ.എസ്.സി.യിൽ ഉപരിപഠനം നടത്തുന്ന മാണി വേണ്ട സൌകര്യങ്ങൾ ചെയ്തു തന്നു. അങ്ങിനെ എഴുത്തു പരീക്ഷയെല്ലാം കഴിഞ്ഞു. വൈകുന്നേരം ആറു മണിക്കുള്ള ഐലൻറ് എക്സ്പ്രസ്സിൽ മടക്ക യാത്രക്കു ‘സെൻട്രൽ’ സ്റ്റേഷനിൽ എത്തിച്ചേർന്നു. ‘സ്റ്റീം’ എഞ്ചിന്റെ ഗമ ഒന്നു വേറെ തന്നെയാണെ!! പ്രത്യേകിച്ച് മെക്കാനിക്കൽ എഞ്ചീയറായ എനിക്ക് തോന്നി. എന്നാലും പരീക്ഷ കഴിഞ്ഞു പാസ്സായതാണെന്ന ഗൌരവത്തിൽ-ഇതു പോലെ എത്ര എണ്ണത്തിൻ്റെ ഉള്ളിലിരിപ്പ് എനിക്കറിയാം എന്ന ഭാവത്തിൽ പ്രൊ:കൃഷ്ണ ഷെട്ടിയും, പ്രൊ:മഹാദേവൻ മുതൽ പേരും പ്രയത്നിച്ച് തലയിൽ കയറ്റിയ ‘വാട്ടർ ട്യൂബ് ബോയിലറി’നെപ്പറ്റിയും ‘സ്റ്റീഫൻസൺ ലിങ്ക്മോഷനെ’ പ്പറ്റിയും ചിന്തിക്കുന്നതിനിടെ വണ്ടി സ്റ്റേഷൻ പ്ലാറ്റ്ഫോമിലെത്തി. വൈകുന്നേരം ഏകദേശം ആറു മണി.
പിന്നെയുള്ള പുകിൽ!! നടന്ന കാര്യം ആയതുകൊണ്ട് പറയട്ടെ.
ചൂണ്ടു വിരൽ കടത്തുവാനുള്ള സ്ഥലം പോലും എങ്ങുമില്ല. സ്റ്റേഷനിൽ തെക്ക്-വടക്ക് (കിഴക്ക്-പടിഞ്ഞാറാണോ ആവോ) ഓട്ടം തന്നെ ഓട്ടം. എല്ലാം അറിയാം എന്ന ഭാവം പൊടുന്നനെ ബാഷ്പ്പീകരിച്ചു പോയി.
നമ്മൾ കെട്ടു കെട്ടിച്ച സായ്പ്പിന ഒരു ഗുണമുണ്ട്. ഒന്നാം ക്ലാസിൽ യാത്ര ചെയ്യുമ്പോഴും സേവകർ ഒപ്പം വേണം. കൂടെ യാത്ര ചെയ്‌താൽ അപമാനം. പിന്നെ എന്തു ചെയ്യും. സായ്‌പിൻ്റെ 1-ാം ക്ലാസിനൊപ്പം രണ്ടു സീറ്റും, രണ്ടു ലഗ്ഗേജ് റാക്കുമുള്ള ഒരു കൊച്ചു കമ്പാർട്ടുമെന്റ്. ദോഷം പറയരുതല്ലൊ, പ്രവേശനം സ്റ്റിക്റ്റലി’ പ്ലാറ്റ്ഫോമിൽ നിന്ന് തന്നെ! ‘അറ്റൻൻറർസ് ഓഫ് ദ ഫസ്റ്റ് ക്ലാസ്സ് പാസഞ്ചേർസ്’ എന്ന വ്യക്തമായ തിരിച്ചറിയൽ ഫലകം വാതിലിന മുകളിൽ.
അങ്ങിനെയൊരെണ്ണം പ്രയാണത്തിനിടയിൽ എൻ്റെ കണ്ണിൽ പെട്ടു. പിന്നെ ഒട്ടും താമസിച്ചില്ല; സർവ്വശക്തിയും സമാഹരിച്ച എങ്ങിനേയൊ മുകളിലെ ഒരു “റാക്കി’ ൽ വളഞ്ഞിരിക്കാൻ ഒരിടം തരമാക്കി. പ്രതിരോധങ്ങളെ മറികടന്ന് എൻറ ലഗ്ഗേജ് മാണി എനിക്കെത്തിച്ചുതന്നു.
ഞാനിരുന്ന റാക്കിൽ വേറെ രണ്ടു പേർ കൂടിയുണ്ടായിരുന്നു. സുഖ സൌകര്യങ്ങളെ ബാധിക്കുമെന്നതിനാൽ ലോകത്തിൽ ഇന്നേ വരെ കണ്ടതിൽ ഏറ്റവും വലിയ ‘നികൃഷ്ടജീവി’ എന്ന നിലക്കായിരുന്നു എന്നോടുള്ള അവരുടെ പ്രതികരണം. എന്തായാലും അവർ എന്നെ ഉന്തി നീക്കി നീക്കി ലഗ്ഗേജ് റാക്കിന്റെ തുറന്ന അറ്റത്ത് ഘടിപ്പിച്ചിട്ടുള്ള സപ്പോർട്ട് ബ്രാക്കറ്റിൻറെയും പിൻചാരിക്കും ഇടക്ക് ‘റ്റൈറ്റ്’ ചെയ്ത അവസ്ഥയിലാക്കി എൻ്റെ കുത്തിരുപ്പ്. “ഉർവ്വശീ ശാപം ഉപകാരം” എന്ന് പിന്നീടെനിക്ക് മനസ്സിലായി.
ഇനി തൃശൂരെത്തുന്നതുവരെ എല്ലാം ശുഭം എന്ന് വിശ്വസിച്ച് (വിശ്വാസമല്ലെഎല്ലാം) ഞങ്ങൾ സംഭവ ബഹുലമായി പര്യവസാനിച്ച ഒരു യാത്രക്ക് തുടക്കമിട്ടു. എന്റെ യാത്രാദിശ പിറകോട്ടേക്കായിരുന്നു. മെല്ലെ മെല്ലെ തുടങ്ങിയ യാത്ര താമസം വിനാ വേഗത്തിലും പിന്നെ അതി വേഗത്തിലും ആയി. ഉരുക്കു ചക്രങ്ങൾ, പാളങ്ങൾ യോജിപ്പിച്ച വിടവുകളിൽ ഇറങ്ങി കയറുന്ന ശബ്ദ ഘോഷം സാവധാനം ഒരു താള ലയമായി മാറിയപ്പോൾ അടിഞ്ഞു കൂടിയ യാത്രാ ക്ഷീണവും പരീക്ഷാ ക്ഷീണവും നിദ്ര ലോകത്തിലേക്കുള്ള വാതായനങ്ങൾ അതിവേഗം മലർക്കെ തുറന്നിട്ടു. ഞാൻ ഉറങ്ങിപോയി എന്നു സാരം.
100 കിലോമീറ്റർ പിന്നിട്ടു കാണണം. എന്തോ ഒന്ന് എന്നെ പിടിച്ചുണർത്തി. ശ്രദ്ധിച്ചപ്പോൾ ഒരു സ്റ്റേഷൻ അടുത്തതിൻ്റെ ലക്ഷണം. ഇറങ്ങേണ്ടവർ തിരക്കിലൂടെ തിക്കി തിരക്കി എങ്ങിനേയും വാതിൽക്കൽ എത്തുവാൻ തത്രപ്പെടുന്ന കാഴ്‌ച. അവരെ സാകൂതം വീക്ഷിച്ചു കൊണ്ടിരിന്നു ഞാൻ. സമയംഏതാണ്ട് 8മണി കഴിഞ്ഞിരിക്കണം. എന്തോ പന്തി കേടില്ലെ? സ്റ്റേഷൻ അടുത്തിട്ടും വേഗത ഒട്ടും കുറയുന്നില്ല. ഇറങ്ങാനുള്ള ജനത്തിൻറെ അടക്കം പറച്ചിൽ ഉച്ചസ്ഥായിയിലായി. പെട്ടന്നാണ് വേറൊരു കാര്യം ശ്രദ്ധിച്ചത്. എഞ്ചനിൽ നിന്നും തുടർച്ചയായ ചൂളം വിളി മുഴങ്ങി കൊണ്ടേയിരിക്കുന്നു.
ആപൽസൂചനതന്നെ. എന്നാലോചിച്ചവസാനിക്കുമ്പോഴേക്കും പ്രതീക്ഷിച്ച സ്റ്റേഷൻ മിന്നൽ വേഗത്തിൽ കൺമുൻപിലൂടെ പാഞ്ഞു മറയുന്നു.
ശക്തിയായ ഒരു ശബ്ദം. തീവണ്ടി എവിടെയോ ഇടിച്ചിരിക്കുന്നു. ഉലച്ചിലോടെ അൽപം ചരിവോടും കൂടി കമ്പാർട്ട്മെന്റ് നിൽക്കുകയാണ്. എന്താണ് സംഭവിച്ചിരിക്കുന്നത്. ഒരു എത്തും പിടിയും കിട്ടുന്നില്ല. ബൾബുകൾ എല്ലാം മങ്ങുകയും ചിലവ മിന്നുകയും ചെയ്‌തു തുടങ്ങി.
ഇടതു വശത്തേക്ക് നേക്കിയപ്പോൾ ഒപ്പം ഇരുന്ന സഹയാത്രികരെ കാണാനില്ല. കുറഞ്ഞൊന്നു കഴിഞ്ഞപ്പോൾ ഇരുവരും എതിർ നിരയിൽ താഴെ സീറ്റിലിരുന്ന യാത്രക്കാരുടെ പുറകിൽ നിന്ന് ചോര ഒലിപ്പിച്ച് തപ്പിപ്പിടിച്ച് എഴുന്നേറ്റ് വരുന്നു. ‘റ്റൈറ്റ്’ആയി ഇരുന്ന എനിക്ക് ഒന്നും സംഭവിച്ചില്ല.
ഇനി ചില സാങ്കേതികവശങ്ങൾ:
സ്റ്റേഷനിൽ ഒഴികെ ബാക്കിയിടങ്ങളിൽ അക്കാലത്ത് ഒറ്റ ട്രാക്ക് (2-റയിൽ) സംവിധാനം മാത്രമെ നിലവിലുണ്ടായിരുന്നുള്ളു. അതു കൊണ്ടു തന്നെ പ്രവേശന സിഗ്നൽ കിട്ടുന്ന വരെ തീവണ്ടി ‘ഔട്ടറി’ ൽകാത്തു നിൽക്കണം. ഇത് തെറ്റിച്ചുണ്ടാകുന്ന അപകട സാധ്യത ഒഴിവാക്കാൻ മെയിൻ ലൈൻ ഒരു ജോടി ബംബറിൽ ചെന്നവസാനിക്കുന്നു. അതു പോലെ തന്നെ സ്റ്റേഷനിൽ നിന്ന് പോകുന്ന വണ്ടികൾക്കും സിഗ്നൽ കിട്ടുന്ന മുറക്കേ മെയിൻ ലൈനിൽ പ്രവേശനം ഉള്ളു. തെറ്റിച്ചാൽ ഇവിടെയും ബംബറിൽ ചെന്നവസാനിക്കും. അതിവേഗം കടന്നു പോയത് ബാംഗ്ളൂരിൽനിന്നും 105 കി.മി. അകലത്തുള്ള “കുപ്പം”എന്ന സ്റ്റേഷൻ ആണെന്നും ഈ ട്രെയിനിന ഇവിടെ സ്റ്റോപ്പ് ഉള്ളതാണെന്നും പിന്നീട് മനസ്സിലാക്കി.
സംഭവിച്ചതിങ്ങനെ ട്രെയിൻ നിർത്തുവാൻ ഡ്രൈവർ വാക്വം ബ്രേക്ക് ഇട്ടെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ട്രെയിൻ സ്പീഡ് കുറയുകയോ തുടർന്ന നിൽക്കുകയോ ഉണ്ടായില്ല. തൻറ നിസ്സഹായവസ്ഥ പുറംലോകത്തേയും പ്രത്യേകിച്ചും ട്രെയിൻ ഗാർഡിനേയും അറിയിക്കുവാനാണ് വിസിൽ തുടർച്ചയായി മുഴക്കി കെണ്ടിരുന്നത്. ഗാർഡിനാണെങ്കിൽ ഹാൻഡ്ബ്രേക്ക് ഉപയോഗിക്കാനുള്ള സന്ദേശം കൂടിയായിരുന്നു അത്.
വരേണ്ടത് വഴിയിൽ തങ്ങുമോ?
എവിടെയാണ് തുടങ്ങേണ്ടതെന്നറിയില്ല. എല്ലായിടത്തും അഭ്യൂഹങ്ങളും കഥകളും.,… അങ്ങോട്ടും ഇങ്ങോട്ടും പരക്കം പായുന്ന ജനസജ്ഞയം തന്നെ എങ്ങും. ഒരു ഭാഗത്തു ദീന രോദനങ്ങൾ. അതിനൊപ്പം തന്നെ ‘വീടു കത്തുമ്പോൾ വാഴ വെട്ടുന്ന’ കശ്മലക്കൂട്ടം വേറെ. ബാറ്ററി ചാർജ്ജ് കുറയുന്നതിനാൽ മങ്ങിക്കൊണ്ട് കുറ്റാ കൂരിരുട്ട വാഗ്നാനം ചെയ്യുന്ന വെളിച്ചം മറു ഭാഗത്ത്; വാതിലുകൾ അടച്ച് കുറ്റിയിട്ട് പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പ് വേറെ വശത്ത്; സ്റ്റേഷനിൽ നിന്നു വളരെ മാറി നിൽക്കുന്ന കമ്പാർട്ട്മെൻറിൽ മങ്ങിയ അരണ്ട വെളിച്ചം മാത്രം തുണ. എന്തും കൽപ്പിച്ച് ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ ഉടു “കൈലി’ യുമായി പുറത്തിറങ്ങി. സ്റ്റേഷനും പരിസരവും ദ്രുതഗതിയിൽ പിന്നിട്ട എഞ്ചിൻ, ബോഗികളെയും വലിച്ച് നേരെ പോയത് ബംബർ സ്റ്റോപ്പർ ലക്ഷ്യമാക്കി. നിമിഷ നേരം കൊണ്ട് ഇത്രയും വലിയ ‘ഇംപാക്ട’ താങ്ങാൻ പറ്റാതെ ബംബറുകൾ പറിഞ്ഞു പോയി. തുടർന്ന് ചതുപ്പിൽ ചക്രങ്ങൾ പൂണ്ട എഞ്ചിൻ തലകുത്തി പൊടുന്നനെ നിശ്ചലമായി. എഞ്ചിനോട് ബലമായി മുറുക്കി ഉറപ്പിച്ച ഒന്നാം ബോഗിക്ക് എഞ്ചിൻ്റെ ഗതി തന്നെ! പക്ഷെ ആ ബോഗി നിശ്ചലമാകുന്നതിനു മുൻപെ വലത്തോട്ട് മറിഞ്ഞു ഇടതുവശ ജനാലകൾ ആകാശത്തേക്ക് അഭിമുഖമായി കിടക്കുന്ന നിലയിലായിരിന്നു.
അടുത്ത കംപാർട്ട്മെൻറ- അതാകട്ടെ ചരിഞ്ഞു കിടക്കുന്ന മേൽപറഞ്ഞ ബോഗിക്കു മുകളിൽ പകുതി ഇടിച്ചിങ്ങിയ നിലയിൽ.
സുമാർ 500 മീറ്റർ അകലെ ഒരു നേരിയ വെളിച്ചം കണ്ടു. ശ്രദ്ധിച്ചപ്പോൾ അകലെ നിന്നുള്ള കരച്ചിലും കേൾക്കാം. കാണാനില്ലാത്ത ബോഗിയല്ലെ അത്? തീരെ സുഗമല്ലാത്ത ചളി പ്രദേശം താണ്ടി ഞങ്ങൾ കുറച്ചു പേർ അവിടെയെത്തി. കണ്ട കാഴ്ച്ച വർണ്ണനാധീതമായിരുന്നു. ഏതാണ്ട് 45 ഡിഗ്രി ചെരുവിൽ നിശ്ലേഷം തകർന്ന നിലയിലായിരുന്നു ആ ബോഗി. കരച്ചിലുകൾ നേർത്ത് നേർത്ത് കൊണ്ടേയിരുന്നു. ഇപ്പോഴും സ്വനങ്ങളിൽ തെളിയുന്ന ആ വയോധിക താഴെ സീറ്റിലിരുന്നായിരിക്കാം യാത്ര ചെയ്തിരുന്നത്. മുകളിലെ റാക്ക് അവരെ അമർത്തി ഞെരിച്ചിരിക്കുന്നു. തല ജനലിനോടടുപ്പിച്ച് അവസാന തുള്ളി ജലത്തിന്നായി കേഴുന്നു. എങ്ങിനേയോ എൻറെ കൈയ്യിൽ ഉണ്ടായിരുന്ന ‘വാട്ടർബോട്ടിലിൽ’ നിന്നും കുറച്ചു തുള്ളികൾ ആ വയോധികക്ക് പകർന്ന് കൊടുക്കാനുള്ള ധൈര്യം എനിക്കുണ്ടായി.
എഞ്ചിന് തൊട്ടടുത്ത ബോഗി വളരെ ബലമായി എഞ്ചിനോട് ബന്ധിപ്പിച്ചിരിക്കും. അതുകൊണ്ട് അത് പെട്ടന്ന് വേർപെടില്ല. എന്നാൽ “ലൂസ് കപ്പിൾ’ ചെയ്ത രണ്ടാം ബോഗി, ബാക്കി മുഴുവൻ ട്രെയിനിന്റെയും സമ്മർദ്ദം ഏറ്റു വാങ്ങിയതിൻറ ഫലമായി ഒരു സ്പ്രിംഗ് പോലെ വളഞ്ഞ് ട്രെയിനിൽ നിന്നും ശക്തിയായി തെറിച്ച് അകലെ മാറി വീണു. എന്തായാലും ഈ ബോഗി വേർപെട്ട പ്പോൾ ട്രെയിൻ മുഴുവൻ നീണ്ടു കിടക്കുന്ന വാക്ക്യൂം ബ്രേക്ക്-ഹോസ് പൊട്ടാനും തുടർന്ന് വാക്വം നഷ്ടപ്പെട്ട സിസ്റ്റം ഉടനെ തന്നെ വണ്ടി മുഴുവൻ ബ്രേക്ക് ചെയ്‌ത് നിറുത്താനും ഇടയാക്കി.
ഇവിടെ കാര്യമായതൊന്നും ചെയ്യാനില്ല.
പുകഞ്ഞു കൊണ്ടിരുന്ന എഞ്ചിൻ കുറച്ചൊക്കെ അടങ്ങി. എഞ്ചിനോട് ബന്ധിപ്പിച്ച ബോഗിയാണെങ്കിൽ ‘ലേഡീസ്’ കംപാർട്ട്മെൻറായിരുന്നു. ജനലകളെല്ലാം അഴികളിട്ടത്. ചരിഞ്ഞു കിടക്കുന്ന ബോഗിയുടെ അടിയിൽ സ്ത്രീകളും അവർക്കു മുളിൽ ലഗ്ഗേജും വീണു കിടക്കുന്ന നിലയിൽ. ഭാഗ്യത്തിന ഇപ്പോൾ മുകളിലായ വാതിൽ ‘ജാം’ ആയിരുന്നില്ല. പത്തടിയോളം താഴ്‌ചയുണ്ടായിരുന്നിട്ടും എന്തിന്മേലോ ചവുട്ടിക്കയറി മേലോട്ട് കൈ പൊക്കിയ കുറച്ചു സ്ത്രീകളെ മുകളിൽ നിന്നും താഴേക്ക് കൈ എത്തിച്ച് വളരെ ബുദ്ധിമുട്ടിയാണെങ്കിലും രക്ഷിക്കാൻ കഴിഞ്ഞത് ചാരിതാർത്ഥ്യത്തോടെ ഇന്നും ഞാനോർക്കുന്നു.
അരാജകത്തിൻ്റെ വിളയാട്ടമായിരുന്നു അവിടെ. ഓടിക്കൂടിയ നാട്ടുകാരിൽ ചിലർ കണ്ണിൽ ചോരയില്ലാതെ ആഭരണങ്ങൾ മുതൽ ബാത്ത്റൂമിൽ ഉറപ്പിച്ചിരിക്കുന്ന വാഷ് ബേസിനുകൾ, അനുബന്ധ പൈപ്പ് ഫിറ്റിംഗ്‌സ് എന്തിനധികം സ്റ്റെയിൻലസ്സ് സ്റ്റീലിന്റെ ‘കമ്മോഡ്’ വരെ അടിച്ചു മാറ്റികൊണ്ടിരുന്നു. അതിദാരുണ രംഗങ്ങളായിരുന്നു ചുറ്റുപാടും “എന്നെ എങ്ങിനെയെങ്കിലും വെല്ലൂർ(ആസ്പതി)ക്ക് എത്തിക്കൂ. കൈ കിട്ടി, ഉടനെ തുന്നി ച്ചേർക്കണം” എന്നു തമിഴിൽ വിലപിച്ച അറ്റുപോയ സ്വന്തം കൈയ്യും പിടിച്ച് നടന്ന പാവം, അഞ്ചാറടി നടന്നപ്പോഴേക്കും രക്തം വാർന്നതിനാലാകാം കുഴഞ്ഞു വീണു മരിച്ചു. എത്ര എത്ര സമാന രംഗങ്ങൾ. എൻ്റെ വാട്ടർ ബോട്ടിൽ എത്രയാൾക്ക് അവസാന തുള്ളി നൽകി എന്നോർമ്മയില്ല. കണ്ട കണ്ട കല്ലു പോലെയായ മനസ്സുമായി ഞങ്ങുടെ ബോഗിയിൽ തിരികെ കയറി. ബാറ്ററി ഏതാണ്ട് തീർന്നതിനാൽ ചന്ദനത്തിരി പോലെ കത്തുന്ന ബൾബുകൾ. ആരും ഉറങ്ങിയിരുന്നില്ലെങ്കിലും ബോഗിയിൽ തികഞ്ഞ നിശബ്‌ദത. മോഷ്ടാക്കളുടെ ചെയ്‌തികളെപ്പറ്റി ഊറിവരുന്ന വാർത്തകൾ.
രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും പോലീസെത്തി ആക്‌സിഡൻറ് സ്ഥലമെല്ലാം വളഞ്ഞു. മൈക്കു ഉപയോഗിച്ച് തമിഴിൽ ഇൻസ്ട്രക്‌ഷനുകൾ വന്നു തുടങ്ങി. ബോഗിയിൽ തിരികെ കയറിയിരിക്കാനും മോഷ്ടാക്കുൾക്കുള്ള മുന്നറിയിപ്പുകളും യഥാവിധി വന്നുകൊണ്ടിരുന്നു. താമസം വിനാ അവിടെയെല്ലാം അത്യാവശ്യ വെളിച്ചത്തിനുള്ള ക്രമീകരണങ്ങളും നടന്നു. ഭൂമി ലോകത്ത് തിരിച്ചെത്തിയ പ്രതീതി. ആരോ സൂചിപ്പിച്ചപ്പോളാണ് വീട്ടിലേക്ക് വിളിച്ചറിയിച്ചില്ലല്ലോ എന്നോർത്തത്. സാരമില്ല. കുന്നംകുളത്തുകാർ എപ്പോൾ അറിയാനാണ്? എന്നാലും ഒന്ന വിളിച്ചേക്കാം എന്നുറപ്പിച്ച് പുറത്തിറങ്ങിയപ്പോഴാണ് ഫോൺ വിളിക്കണമെങ്കിൽ ഇവിടെയെങ്ങും സൌകര്യം ഇല്ലെന്നും മൂന്നു കിലോമീറ്റർ നടന്ന് കുപ്പം “ടൌണി” ൽ എത്തണമെന്നും. ഒരു ജാഥ തന്നെയുണ്ട ഫോൺ യാത്രക്ക്! എത്തിയപ്പോഴൊ, ഉള്ളത് ആകെ ഒരേ ഒരു ഫോൺ; അതിനു മുൻപിലൊരു നീണ്ട ക്യൂവും. ഞങ്ങളും കൂടി പിന്നാലെ. എസ്.ടി.ഡി ഒന്നും ഇല്ല. ട്രങ്ക് ബുക്ക് ചെയ്‌ത് ക്ഷമയോടെ കാത്തിരിക്കുക മാത്രം. ഫോൺ കിട്ടി വന്നപ്പോഴെക്കും മണി 8 കഴിഞ്ഞിരുന്നു. മറ്റെ അറ്റത്തുണ്ടായ പ്രകടമായ ആശ്വാസത്തിൻ്റെ പൊരുൾ വീട്ടിലെത്തിയപ്പോഴെ മുഴുവനായി മനസ്സിലായുള്ളു. ഒന്നു മയങ്ങിയോ എന്നു സംശയം. മാറ്റവണ്ടി സ്റ്റേഷനിൽ വന്നിട്ടുണ്ടെന്നും ഇതിലെ യാത്രക്കാർ മാറിക്കയറണം എന്നുമുള്ള മൈക്ക് അനൌൺസ്മെൻറ് കേട്ടാണുണർന്നത്. ബാഗുമെടുത്ത് യാത്രയായി. തിരിഞ്ഞു നോക്കിയപ്പോൾ കുറച്ചപ്പുറത്ത് പരന്ന ഗ്രൌണ്ടിൽ നിര നിരയായി വെള്ളത്തുണിയിൽ പൊതിഞ്ഞ നിലയിൽ അന്ത്യയാത്ര കാത്ത് ഞങ്ങൾക്കൊപ്പം വരാൻ പറ്റാത്ത സഹോദരീ സഹോദരന്മാരെ കിടത്തിയിരിക്കുന്നത് കണ്ടു. നിമിഷ നേരത്തിൻ്റെ വ്യത്യസത്തിൽ ജീവനും മരണവും ഞങ്ങളെ വേർപിരിച്ചതാലോചിച്ചു അൽപ്പ സമയം തരിച്ചു നിൽക്കാനെ കഴിഞ്ഞുള്ളു.
10 മണിയായിക്കാണണം. പുതിയ ഐലൻറ് എക്‌സ്പ്രസ്സ് യാത്ര പുറപ്പെട്ടു. ഷോക്കിൽ നിന്നും പൂർണമായി വിമുക്തരാവാത്ത യാത്രക്കാർ കുറെ നേരത്തേങ്കിലും ട്രെയിനിന്റെ ഓരോ അപശബ്‌ദത്തിലും പേടിച്ചരണ്ടു ഉറക്കെ കരഞ്ഞിരുന്നതായി ഓർക്കുന്നു. ഓരോ സ്റ്റേഷനിലുകളും യാത്രക്കാരായ ബന്ധു മിത്രാധികളെ സ്വീകരിക്കുവാൻ ജനാവലി തടിച്ചു കൂടിയിരുന്നു. വേറെ കുറെ പേർ അപകടത്തിൻറ ദ്യക്സാക്ഷി വിവരണത്തിനും!
ത്യശൂരും എന്നെയുൾപ്പെടെ പലരേയും സ്വീകരിക്കാൻ ബന്ധുമിത്രാദികൾ എത്തിയിരുന്നു. എല്ലാവരോടും തുടർയാത്രക്കാരോടും വിട.
അപ്പച്ചൻ രാവിലെ 6 മണിക്കുള്ള ന്യൂസ് പതിവായി കേൾക്കാറുള്ളതാണ്. അന്നേ ദിവസം ആദ്യം കേട്ടത് ഐലൻറ് എക്പ്രസ്സ് ആക്‌സിടൻറിൽ പെട്ട വാർത്തയാണ്. ഞാനീട്രെയിനിൽ ആണ് വരുന്നത് എന്നും അപ്പച്ചനറിയാം. രാവിലെ 8 വരെയും (ആക്സിഡൻറ് നടന്ന് 12മണിക്കൂറുകൾ കഴിഞ്ഞ്) എൻ്റെ വാർത്തയൊന്നും കേൾക്കാത്തിനാൽ പരിഭ്രമിച്ച് ചീത്തവാർത്ത തന്നെയെന്നുറപ്പിച്ച് കുടുംബത്തിലെ സീനിയറായ കസിൻ സഹോദരനെ വിളിച്ച് ഭാവിപരിപാടികൾക്ക് കണ്ണീരോടെ തയ്യാടുക്കുയായിരുന്നു അവർ. ഏതായാലും ആംബുലൻസിനും മറ്റും ഉള്ള ഏർപ്പാടും ചെയ്തത് ഒരു ഗ്രൂപ്പ് കുപ്പത്തേക്കു പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് എല്ലാവരുടേയും ഉള്ളു കുളിർപ്പിച്ച് എൻ്റെ ഫോൺ വിളി എത്തിയത്.
G C moolepat
Leave a comment